Thursday, May 2, 2024
HomeIndiaനാനോ ഫാക്ടറി അടച്ചുപൂട്ടല്‍: ടാറ്റക്ക് 765.78 കോടി നഷ്ടപരിഹാരം നല്‍കണം

നാനോ ഫാക്ടറി അടച്ചുപൂട്ടല്‍: ടാറ്റക്ക് 765.78 കോടി നഷ്ടപരിഹാരം നല്‍കണം

കൊല്‍ക്കത്ത: സിംഗൂരിലെ നാനോ കാര്‍ നിര്‍മാണ ഫാക്ടറി പൊതുജനപ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്നതിന് ടാറ്റ കമ്ബനിക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 765.78 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി.

2016 സെപ്റ്റംബര്‍ മുതല്‍ 11 ശതമാനം പിഴപ്പലിശയും നിയമനടപടികള്‍ക്കുള്ള ചെലവായി ഒരുകോടി രൂപയും നല്‍കണമെന്നും മൂന്നംഗ ട്രൈബ്യൂണല്‍ വിധിച്ചതായി നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കിയ കത്തില്‍ ടാറ്റാ മോട്ടോഴ്സ് അറിയിച്ചു.

ബംഗാളില്‍ ഇടതുഭരണം നടക്കുമ്ബോഴാണ് സിംഗൂരില്‍ 997 ഏക്കര്‍ ഭൂമി വിട്ടുനല്‍കി ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്ക് അനുമതി നല്‍കിയത്. എന്നാല്‍, കൃഷിഭൂമി കൈയേറിയാണ് ഫാക്ടറിക്കായി നല്‍കിയതെന്നാരോപിച്ച്‌ അന്നത്തെ പ്രതിപക്ഷ നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങി. തുടര്‍ന്ന് 2008ല്‍ ടാറ്റക്ക് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഫാക്ടറി പിന്നീട് ഗുജറാത്തിലേക്ക് മാറ്റിസ്ഥാപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ഫാക്ടറിക്കായി മറ്റൊരു സ്ഥലം നല്‍കാമെന്ന് മമത വാഗ്ദാനം നല്‍കിയെങ്കിലും കമ്ബനി നിരസിച്ചു. ഭൂമി ഏറ്റെടുക്കലിന് ഇടതുസര്‍ക്കാറിന് നല്‍കിയ 154 കോടി രൂപ തിരികെ ആവശ്യപ്പെട്ടു. ഏറ്റെടുത്ത ഭൂമി തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമയുദ്ധം സുപ്രീംകോടതി വരെയെത്തി.

സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് ഭൂമി ഏറ്റെടുത്തതെന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമനടപടിക്കൊടുവില്‍ 2016ല്‍ സുപ്രീംകോടതി വിധിച്ചു. തുടര്‍ന്നാണ് സര്‍ക്കാറുമായുണ്ടാക്കിയ പാട്ടക്കരാറിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ടാറ്റാ മോട്ടോഴ്സ് ആര്‍ബിട്രല്‍ ട്രൈബ്യൂണലിനെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular