Sunday, May 5, 2024
HomeUSAകെന്നഡി വധത്തിന് അറുപത് വയസ്

കെന്നഡി വധത്തിന് അറുപത് വയസ്

അമേരിക്കയെ നടുക്കിയ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ വധത്തിന് ഇന്നേക്ക് 60 വര്‍ഷം. 1963 നവംബര്‍ 22 ഉച്ചയ്‌ക്ക് 12.30ന് ഡാലസില്‍ വച്ച്‌ ഭാര്യ ജാക്വിലിനൊപ്പം തുറന്ന കാറില്‍ ജനങ്ങളെ അഭിവാദ്യം ചെയ്ത് സഞ്ചരിക്കവെയാണ് 46കാരനായ കെന്നഡി അപ്രതീക്ഷിതമായി വെടിയേറ്റ് കൊല്ലപ്പെട്ടത്.

കെന്നഡിയെ വെടിവച്ചതിന് ലീ ഹാര്‍വി ഓസ്‌വാള്‍ഡ് എന്ന 24കാരനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വൈകാതെ അറസ്‌റ്റ് ചെയ്‌തു. ഇയാള്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തല്‍. എന്നാല്‍ കെന്നഡിയെ വെടിവച്ചത് ഓസ്‌വാള്‍ഡ് നിഷേധിച്ചിരുന്നു. ജയിലിലേക്ക് മാറ്റുന്നതിനിടെ ജാക്ക് റൂബി എന്ന നൈറ്റ് ക്ലബ് ഉടമ ഓസ്‌വാള്‍ഡിനെ വെടിവച്ചു കൊന്നു. കെന്നഡി വധത്തില്‍ അസ്വസ്ഥനായതാണ് ഓസ്‌വാള്‍ഡിനെ കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് റൂബി പറഞ്ഞത്. ഓസ്‌വാള്‍ഡിന്റെ വിചാരണയ്ക്ക് തൊട്ടുമുന്നേയായിരുന്നു ഇത്.

ഓസ്‌വാള്‍ഡിന്റെ മരണത്തിന് പിന്നാലെ കെന്നഡിയുടെ വധം സംബന്ധിച്ച്‌ നിരവധി സിദ്ധാന്തങ്ങള്‍ പ്രചരിക്കാൻ തുടങ്ങി. കെന്നഡിയെ ഓസ്‌വാള്‍ഡ് എന്തിന് കൊന്നു, പിന്നിലാരെങ്കിലുമുണ്ടോ, മറ്റേതെങ്കിലും രാജ്യങ്ങളുടെ ചാര സംഘടനകളുമായി ഓസ്‌വാള്‍ഡിന് ബന്ധമുണ്ടോ…. തുടങ്ങിയ സുപ്രധാന ചോദ്യങ്ങള്‍ ദുരൂഹമായി അവശേഷിച്ചു.

പല ചോദ്യങ്ങള്‍ക്കും ഇന്നും ഉത്തരം അവ്യക്തമാണ്. കെന്നഡിയെ വധിച്ചത് ഓസ്‌വാള്‍ഡല്ലെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം യു.എസിലുണ്ട്. ഇന്റലിജൻസ് വീഴ്ച മുതല്‍ സോവിയറ്റ് യൂണിയന്റെ പങ്ക് വരെ കെന്നഡി വധത്തിന് പിന്നില്‍ ആരോപിക്കപ്പെടുന്നു.

കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രഹസ്യ ഫയലുകള്‍ അമേരിക്കൻ ഭരണകൂടം സമീപ കാലങ്ങളില്‍ പുറത്തുവിട്ടിട്ടുണ്ട്. മുൻ യു.എസ് മറീനായ ഓസ്‌വാള്‍ഡ് മുമ്ബ് സോവിയറ്റ് യൂണിയനില്‍ താമസിച്ചിട്ടുണ്ടെന്നതിനാല്‍ കെന്നഡി വധത്തിന് പിന്നില്‍ സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബി ആണോയെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കെന്നഡിയുടെ വധത്തിന് മുമ്ബ് മെക്സിക്കോ സിറ്റിയിലെ റഷ്യൻ, ക്യൂബൻ എംബസികളിലേക്ക് ഓസ്‌വാള്‍ഡ് യാത്ര ചെയ്തിരുന്നു.

സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബിയിലെ ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിച്ചെന്നും കണ്ടെത്തി. ഓസ്‌വാള്‍ഡ് മാത്രമാണ് പ്രതിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും അത് വിശ്വസിക്കാൻ പലരും തയാറാകുന്നില്ല. കെന്നഡി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായെന്നും ഓസ്‌വാള്‍ഡിനെ അതിന്റെ മറയാക്കിയെന്നുമാണ് ചിലരുടെ വാദം. യു.എസില്‍ അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ഏറ്റവും ഒടുവിലത്തെ യു.എസ് പ്രസിഡന്റാണ് കെന്നഡി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular