Monday, May 6, 2024
HomeKeralaപെട്രോള്‍ വാഹനങ്ങള്‍ ഇ.വിയിലേക്ക്; 'ബീഅ'യും പീക് മൊബിലിറ്റിയും ധാരണ

പെട്രോള്‍ വാഹനങ്ങള്‍ ഇ.വിയിലേക്ക്; ‘ബീഅ’യും പീക് മൊബിലിറ്റിയും ധാരണ

ഷാര്‍ജ: പെട്രോള്‍ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളായി പരിവര്‍ത്തിപ്പിക്കുന്ന പദ്ധതിക്ക് ‘ബീഅ’യും മലയാളി യുവസംരംഭകന്‍റെ പീക് മൊബിലിറ്റി എന്ന കമ്ബനിയും ധാരണയിലെത്തി.

ഷാര്‍ജ റിസര്‍ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാര്‍ക്സ് (സ്ട്രിപ്) കൂടി പങ്കാളിയായ കരാര്‍ ഷാര്‍ജ അമേരിക്കൻ യൂനിവേഴ്സിറ്റി പ്രസിഡൻറും സ്ട്രിപ് ചെയര്‍പേഴ്സനുമായ ശൈഖ ബുദൂര്‍ ബിൻത് സുല്‍ത്താൻ അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്. ‘ബീഅ’ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ‘ബീഅ’ ഗ്രൂപ് സി.ഇ.ഒ ഖാലിദ് അല്‍ ഖുറൈമല്‍, പീക് മൊബിലിറ്റി സ്ഥാപകൻ സാക് ഫൈസല്‍, സ്ട്രിപ് സി.ഇ.ഒ ഹുസൈൻ അല്‍ മഹ്മൂദി എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. ഷാര്‍ജ ആസ്ഥാനമായി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യസംസ്കരണ, പരിസ്ഥിതി കമ്ബനിയാണ് ‘ബീഅ’.

നേരത്തേ കോപ് 28ല്‍ പെട്രോള്‍ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളായി മാറ്റുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്തി സാക് ശ്രദ്ധിക്കപ്പെട്ടിരുന്നു. പെട്രോള്‍ വാഹനങ്ങള്‍ അഞ്ചു മണിക്കൂറിനകം ഇ.വിയായി മാറ്റുന്ന നൂതന കാഴ്ചപ്പാടാണ് ഇതില്‍ അവതരിപ്പിച്ചത്. സുസ്ഥിര വികസന കാഴ്ചപ്പാട് അടിസ്ഥാനമാക്കിയുള്ള സംരംഭം എന്ന നിലയിലാണ് ഈ സംവിധാനം നടപ്പാക്കുന്നതിന് ‘ബീഅ’യും സ്ട്രിപ്പും പീക് മൊബിലിറ്റിയുമായി കൈകോര്‍ക്കുന്നത്.

കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനുള്ള യു.എ.ഇയുടെ നെറ്റ് സീറോ 2050 പദ്ധതിക്ക് അനുസൃതമായാണ് കരാര്‍ ഒപ്പുവെച്ചത്. വാഹനനിര്‍മാണ പ്രക്രിയയുടെ പാരിസ്ഥിതിക ആഘാതം കുറക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനം എളുപ്പമാക്കുന്നതുമാണ് പദ്ധതി. കരാറിന്‍റെ അടിസ്ഥാനത്തില്‍ ‘ബീഅ’യുടെ മാലിന്യശേഖരണ ട്രക്കുകള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്ന പദ്ധതിയാണ് ആദ്യം നടപ്പാക്കുക. ‘ബീഅ’യുമായും സ്ട്രിപ്പുമായും ചേര്‍ന്ന് ഷാര്‍ജക്ക് സുസ്ഥിര ഗതാഗത സംവിധാനം ഒരുക്കാൻ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സാക് ഫൈസല്‍ പ്രതികരിച്ചു. പ്രമുഖ സംരംഭകനും കെഫ് ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഫൈസല്‍ കൊട്ടിക്കൊള്ളന്‍റെ മകനാണ് സാക് ഫൈസല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular