Tuesday, May 7, 2024
HomeKeralaമൂവാറ്റുപുഴ: നഗരത്തില്‍ പൈപ്പ് പൊട്ടല്‍ തുടരുന്നു; കുടിവെള്ളത്തിനായി വലഞ്ഞ് ജനം

മൂവാറ്റുപുഴ: നഗരത്തില്‍ പൈപ്പ് പൊട്ടല്‍ തുടരുന്നു; കുടിവെള്ളത്തിനായി വലഞ്ഞ് ജനം

മൂവാറ്റുപുഴ: നഗരത്തില്‍ പൈപ്പ് പൊട്ടല്‍ തുടരുന്നു. കുടിവെള്ളം ഇല്ലാതെ വലഞ്ഞ് നാട്ടുകാര്‍. രണ്ടിടത്ത് പൈപ്പ് പൊട്ടിയതുമൂലം വാഴപ്പിള്ളി, നിരപ്പ് മേഖലകളില്‍ മൂന്നു ദിവസമായി കുടിവെള്ള വിതരണം നിലച്ചിട്ട്.

വേനല്‍ കനത്തതും കിണറുകളിലും മറ്റും വെള്ളം ഇല്ലാതായതോടെ നെട്ടോട്ടത്തിലാണ് നാട്ടുകാര്‍. മില്‍മക്ക് സമീപം പൈപ്പ് പൊട്ടിയതാണ് വാഴപ്പിള്ളി, പേഴക്കാപ്പിള്ളി ഭാഗങ്ങളില്‍ ജലവിതരണം അവതാളത്തിലാകാൻ കാരണം.

മൂന്നു ദിവസം മുമ്ബ് ഇവിടെ പൈപ്പ് പൊട്ടുകയായിരുന്നു. വെള്ളിയാഴ്ച അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. മൂന്നു മാസത്തിനിടെ നാലാമതും പൈപ്പ് പൊട്ടിയതാണ് നിരപ്പ് മേഖലയില്‍ കുടിവെള്ള വിതരണം തകരാറിലാകാൻ കാരണം. മൂന്നു ദിവസം മുമ്ബ് സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപമാണ് പൈപ്പ് വീണ്ടും പൊട്ടിയത്. രണ്ടു മാസത്തിനിടെ ഇത് നാലാം തവണയാണ് പൊട്ടുന്നത്. ഇതോടെ നഗരത്തിലെ വടക്ക് കിഴക്കൻ മേഖലയില്‍ മൂന്നാം ദിവസവും കുടിവെള്ളം വിതരണം മുടങ്ങി. കീച്ചേരിപ്പടി, നിരപ്പ്, ആസാദ്റോഡ്, ഇലാഹിയ തുടങ്ങിയ ജനവാസകേന്ദ്രങ്ങളിലേക്കുള്ള വിതരണമാണ് മുടങ്ങിയത്.

നാല് പതിറ്റാണ്ട് മുമ്ബ് സ്ഥാപിച്ച ആസ്ബസ്റ്റോസ് പൈപ്പുകളാണ് നഗരത്തിലുള്ളത്. ജലവിതരണത്തിനിടയിലെ സമ്മര്‍ദമാണ് പൊട്ടുന്നതിന് കാരണം. കാലപ്പഴക്കമുള്ളവ മാറ്റാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടിയില്ല. 10 വര്‍ഷം മുമ്ബ് ഇവ മാറ്റിസ്ഥാപിക്കാൻ 17 കോടിയുടെ പദ്ധതി കൊണ്ടുവന്നെങ്കിലും നടപടി ഉണ്ടായില്ല. കാലഹരണപ്പെട്ടവയായതിനാല്‍ ദിനേന എന്നോണമാണ് പൊട്ടുന്നത്. നഗരത്തിലെ ഭൂരിഭാഗം കുടുംബങ്ങളും നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അടിക്കടി പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നത് ജനത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular