Monday, May 6, 2024
HomeIndiaലഖിംപൂര്‍ ഖേരി: ആശിഷ് മിശ്രയുടെ തോക്കില്‍നിന്ന് വെടിയുതിര്‍ത്തതായി ഫോറന്‍സിക് റിപ്പോര്‍ട്ട്

ലഖിംപൂര്‍ ഖേരി: ആശിഷ് മിശ്രയുടെ തോക്കില്‍നിന്ന് വെടിയുതിര്‍ത്തതായി ഫോറന്‍സിക് റിപ്പോര്‍ട്ട്

ലക്‌നൗ: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ തോക്കില്‍നിന്ന് വെടിയുതിര്‍ത്തെന്നു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി ലഖിംപൂര്‍ ഖേരി അന്വേഷണവുമായി ബന്ധപ്പെട്ട മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍. അതേസമയം, ലഖിംപുര്‍ സംഭവം നടന്ന ഒക്‌ടോബര്‍ മൂന്നിനാണോ അതോ മറ്റൊരു ദിവസമാണോ വെടിയുതിര്‍ത്തതെന്നു വ്യക്തമല്ലെന്നാണു പൊലീസ് പറയുന്നത്.

ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റം ചുമത്തപ്പെട്ട 13 പ്രതികളില്‍ ഒരാളാണ് മോനു എന്ന ആശിഷ് മിശ്ര. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര താര്‍ എസ് യു വി ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളുടെ വാഹനവ്യൂഹം ഇടിച്ചുകയറിയാണ് അഞ്ചുപേരും മരിച്ചത്.

സംഭവത്തിനിടെ വെടിയുതിര്‍ത്തതായി ഗ്രാമവാസികള്‍ ആരോപിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ട ഈ അഞ്ചുപേര്‍ക്കും തുടര്‍ന്നുണ്ടായ അക്രമത്തില്‍ അക്രമത്തില്‍ കൊല്ലപ്പെട്ട മറ്റു മൂന്നു പേര്‍ക്കും വെടിയേറ്റ പരുക്കില്ലെന്നാണു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ കണ്ടെത്തല്‍.

ജയിലില്‍ കഴിയുന്ന പ്രതികളിൽനിന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പിടിച്ചെടുത്ത നാല് ആയുധങ്ങളാണു ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍)യില്‍ പരിശോധിച്ചത്. ഇതില്‍ മൂന്ന് ആയുധങ്ങള്‍ ഡിസ്ചാര്‍ജ് ചെയ്തതായി കണ്ടെത്തി.

ആഷിഷ് മിശ്രയുടെ റൈഫിള്‍, മുന്‍ കേന്ദ്രമന്ത്രി അഖിലേഷ് ദാസിന്റെ അനന്തരവന്‍ അങ്കിത് ദാസിന്റെ പിസ്റ്റള്‍, ദാസിന്റെ അംഗരക്ഷകന്‍ ലത്തീഫ് കൈവശം വച്ചിരുന്ന റിപ്പീറ്റര്‍ തോക്ക് എന്നിവയാണ് അവ. ദാസിന്റെ കൂട്ടാളി സത്യപ്രകാശിന്റെ റിവോള്‍വറാണ് പരിശോധനയ്ക്കു വിധേയമാക്കിയ നാലാമത്തെ ആയുധം. ഇതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടിനുവേണ്ടി കാക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

”ആശിഷിന്റെ റൈഫിള്‍ അദ്ദേഹത്തിന്റെ കുടുംബം എസ്ഐടിക്കു കൈമാറുകയായിരുന്നു. പിടിച്ചെടുത്ത നാല് ആയുധങ്ങളും ബാലിസ്റ്റിക് പരിശോധനയ്ക്കായി എഫ്എസ്എല്ലിലേക്ക് അയച്ചു. ആശിഷ്, അങ്കിത്, ലത്തീഫ് എന്നിവരുടെ മൂന്ന് ആയുധങ്ങളില്‍നിന്ന് വെടിയുതിര്‍ത്തതായാണു റിപ്പോര്‍ട്ട്. തെളിവായി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും,” മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എപ്പോഴാണ് വെടിയുതിര്‍ത്തതെന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെങ്കിലും ഒക്ടോബര്‍ മൂന്നിന് തങ്ങള്‍ ആയുധം പ്രയോഗിച്ചിട്ടില്ലെന്നതിന് പ്രതികള്‍ തെളിവ് ഹാജരാക്കേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

വെടിയുതിര്‍ത്തതിനുശേഷമുള്ള വെടിമരുന്നിന്റെ സാന്നിധ്യം മാത്രമേ ആയുധത്തിന്റെ ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിക്കാനാവൂയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, സംഭവസ്ഥലത്ത് വെടിവയ്പ് നടന്നുവെന്ന കര്‍ഷകരുടെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ടെന്നു പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular