Wednesday, May 1, 2024
HomeIndiaലോകനേതാക്കളിൽ ഏറ്റവും ജനപ്രീതി മോദിയ്ക്കെന്ന് സർവ്വേഫലം; പിന്നിൽ ബൈഡനും ബോറിസ് ജോൺസണും

ലോകനേതാക്കളിൽ ഏറ്റവും ജനപ്രീതി മോദിയ്ക്കെന്ന് സർവ്വേഫലം; പിന്നിൽ ബൈഡനും ബോറിസ് ജോൺസണും

‘ഗ്ലോബൽ ലീഡർ അപ്രൂവൽ’ (Global Leader Approval) റേറ്റിംഗ് പട്ടികയിൽ നരേന്ദ്രമോദിയ്ക്ക് (Narendra Modi) ഒന്നാം സ്ഥാനം. ലോകനേതാക്കളിൽ ഏറ്റവും ഉയർന്ന റേറ്റിംഗായ 70 ശതമാനവുമായാണ് മോദി ഒന്നാമതെത്തിയത്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോണിംഗ് കൺസൾട്ടാണ് (Morning Consult) സർവ്വേ നടത്തിയത്. ശനിയാഴ്ച പുറത്തിറക്കിയ പട്ടികയിൽ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden), യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris Johnson), ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ (Emmanuel Macron) തുടങ്ങിയ ലോക നേതാക്കളെ പിന്നിലാക്കിയാണ് മോദി ഒന്നാമതെത്തിയത്.

70 ശതമാനം റേറ്റിംഗോടെ ലോകമെമ്പാടും ഏറ്റവും കൂടുതൽ ജനസമ്മതിയുള്ള ലോക നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സർവ്വേ റിപ്പോർട്ടിൽ പറയുന്നു. മൊത്തം 13 പ്രമുഖ ലോകനേതാക്കളുടെ സ്ഥാനമാണ് സർവ്വേയിലൂടെ കണ്ടെത്തിയത്.

നരേന്ദ്രമോദിയ്ക്ക് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവാകാൻ കഴിഞ്ഞത് മുഴുവൻ രാജ്യത്തിനും അഭിമാനമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു. “ഇത് മോദിജിയുടെ നേതൃത്വത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ കാണിക്കുന്നു.” എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി മോദിക്ക് തൊട്ടുപിന്നിൽ മെക്സിക്കൻ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണുള്ളത്. 66 ശതമാനമാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി 58 ശതമാനവുമായി മൂന്നാം സ്ഥാനത്തെത്തി. ജർമ്മൻ ചാൻസലർ ആംഗല മെർക്കലിന് 54 ശതമാനം റേറ്റിംഗ് ലഭിച്ചപ്പോൾ ജോ ബൈഡന് 44 ശതമാനം റേറ്റിംഗ് ആണ് ലഭിച്ചത്.

ഗ്ലോബൽ ലീഡർ അപ്രൂവൽ ലിസ്റ്റ് പ്രകാരമുള്ള ലോകനേതാക്കളുടെ പേരും റേറ്റിംഗും:

    • നരേന്ദ്ര മോദി: 70 ശതമാനം
    • ലോപ്പസ് ഒബ്രാഡർ: 66 ശതമാനം
    • മരിയോ ഡ്രാഗി: 58 ശതമാനം
    • ഏഞ്ചല മെർക്കൽ: 54 ശതമാനം
    • സ്കോട്ട് മോറിസൺ: 47 ശതമാനം
    • ജസ്റ്റിൻ ട്രൂഡോ: 45 ശതമാനം
    • ജോ ബൈഡൻ: 44 ശതമാനം
    • ഫ്യൂമിയോ കിഷിദ: 42 ശതമാനം
    • മൂൺ ജെ-ഇൻ: 41 ശതമാനം
    • ബോറിസ് ജോൺസൺ: 40 ശതമാനം
    • പെഡ്രോ സാഞ്ചസ്: 37 ശതമാനം
    • ഇമ്മാനുവൽ മാക്രോൺ: 36 ശതമാനം
    • ജെയർ ബോൾസോനാരോ: 35 ശതമാനം

ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, സൌത്ത് കൊറിയ, സ്‌പെയിൻ, യുണൈറ്റഡ് കിംഗ്‌ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളിലെ നേതാക്കളുടെ റേറ്റിംഗ് ആണ് മോണിംഗ് കൺസൾട്ട് വിലയിരുത്തിയത്.

ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള ഉൾക്കാഴ്ചയാണ് പട്ടിക വഴി സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്. ഓരോ രാജ്യത്തെയും പ്രായപൂർത്തിയായ ആളുകളുടെ ഏഴ് ദിവസത്തെ അഭിപ്രായങ്ങളുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് റേറ്റിംഗുകൾ കണ്ടെത്തിയിരിക്കുന്നത്. സർവ്വേയിൽ പങ്കെടുത്തവരുടെ എണ്ണം ഓരോ രാജ്യത്തിനനുസരിച്ച് വ്യത്യസ്തമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular