Thursday, May 2, 2024
HomeKeralaവജ്രജൂബിലി നിറവില്‍ സുപ്രീംകോടതി; ഭരണഘടന മുറുകെ പിടിക്കാനുള്ള പ്രതിജ്ഞ പുതുക്കണം -ചീഫ് ജസ്റ്റിസ്

വജ്രജൂബിലി നിറവില്‍ സുപ്രീംകോടതി; ഭരണഘടന മുറുകെ പിടിക്കാനുള്ള പ്രതിജ്ഞ പുതുക്കണം -ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കോടതിമുറികള്‍ക്കകത്തും പുറത്തും ഭരണഘടന മുറുകെ പിടിക്കാനുള്ള പ്രതിജ്ഞ പുതുക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.

ചന്ദ്രചൂഡ്. സുപ്രീംകോടതി വജ്രജൂബിലി ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സ്ഥാപനമെന്ന നിലയില്‍ ശക്തമായി നിലകൊള്ളാൻ ജുഡീഷ്യറി, വെല്ലുവിളികള്‍ തിരിച്ചറിയുകയും ബുദ്ധിമുട്ടേറിയ സംവാദങ്ങള്‍ ആരംഭിക്കുകയും വേണം. അഭിഭാഷകവൃത്തിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വർധിക്കുന്നത് പ്രോത്സാഹനജനകമാണ്. ഇപ്പോള്‍ ജില്ല ജുഡീഷ്യറിയുടെ പ്രവർത്തനശേഷിയുടെ 36.3 ശതമാനവും വനിതകളാണ്. അതേസമയം, പട്ടികജാതി-പട്ടികവർഗക്കാരുടെ പ്രാതിനിധ്യം അഭിഭാഷകരിലും ജഡ്ജിമാരിലും വളരെ കുറവാണ്.

ജുഡീഷ്യറിയെ ബാധിക്കുന്ന ഘടനപരമായ പ്രശ്‌നങ്ങളായ കേസുകളുടെ കെട്ടിക്കിടപ്പ്, പഴയതരം നടപടിക്രമങ്ങള്‍, കേസുകളുടെ മാറ്റിവെക്കല്‍ സംസ്‌കാരം എന്നിവ ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് സമീപഭാവിയില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞു. വാക്കാലുള്ള വാദങ്ങളുടെ ദൈർഘ്യം ജുഡീഷ്യല്‍ ഫലങ്ങളെ അനന്തമായി വൈകിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുപ്രീംകോടതി വളപ്പില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്‌വാള്‍, സുപ്രീംകോടതിയിലും ഹൈകോടതികളിലും സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ ജഡ്ജിമാരും അഭിഭാഷകരും നിയമ വിദ്യാർഥികളും പങ്കെടുത്തു. അറ്റോർണി ജനറല്‍ ആർ. വെങ്കിട്ടരമണി, ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആദിഷ് സി. അഗർവാല എന്നിവരും സംബന്ധിച്ചു. ബംഗ്ലദേശ്, ഭൂട്ടാൻ, മൗറീഷ്യസ്, നേപ്പാള്‍, ശ്രീലങ്ക ചീഫ് ജസ്റ്റിസുമാരും ചടങ്ങിനെത്തി. 1950 ജനുവരി 28നാണ് സുപ്രീംകോടതി നിലവില്‍ വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular