Saturday, May 4, 2024
Homeസ്വയംസേവകനില്‍ നിന്ന് ഉപപ്രധാനമന്ത്രിയിലേക്ക്

സ്വയംസേവകനില്‍ നിന്ന് ഉപപ്രധാനമന്ത്രിയിലേക്ക്

സാധാരണ സ്വയംസേവകനില്‍ തുടങ്ങി രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി പദവിയില്‍ വരെ എത്തിയ എല്‍.കെ. അദ്വാനിയുടെ ജീവിതം പ്രചോദനാത്മകമാണ്.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി ബിജെപിയെ വളര്‍ത്തിയതില്‍ അദ്വാനിയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്.

1927 നവം. 8 ന് ഇന്നത്തെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ കിഷന്‍ചന്ദ് ഡി. അദ്വാനിയുടെയും ജ്ഞാനിദേവിയുടെയും മകനായാണ് എല്‍.കെ. അദ്വാനി എന്ന ലാല്‍ കൃഷ്ണ അദ്വാനിയുടെ ജനനം. 14 ാം വയസില്‍ ആര്‍എസ്‌എസ് ശാഖയിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്ത് എത്തിയത്. വിഭജനകാലത്ത് അദ്വാനിയുടെ കുടുംബവും ഭാരത ത്തിലേക്ക് എത്തി. ആര്‍എസ്‌എസ് പ്രചാരകനായി രാജസ്ഥാനിലേക്ക് പോയ അദ്വാനി, ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനുമായി.

1957ല്‍ ദല്‍ഹിയിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റിയ അദ്വാനി പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനസംഘം ദല്‍ഹി ഘടകത്തിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായി. 1960ല്‍ അസി. എഡിറ്ററായി ഓര്‍ഗനൈസറില്‍ ചേര്‍ന്ന അദ്വാനി 67 വരെ അവിടെ തുടര്‍ന്നു. ഓര്‍ഗനൈസര്‍ വിട്ട് വീണ്ടും സജീവ രാഷ്‌ട്രീയത്തില്‍ എത്തിയ അദ്വാനിയെ ദല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ദല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ ചെയര്‍മാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1970 ഏപ്രിലില്‍ അദ്വാനി രാജ്യസഭയിലെത്തി. വാജ്പേയിയുടെ നിര്‍ബന്ധത്തിന് വഴങ്ങി 1972 ഡിസംബറില്‍ ജനസംഘം അദ്ധ്യക്ഷ സ്ഥാനം അദ്വാനി ഏറ്റെടുത്തു.

1975 ജൂണ്‍ 25ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വാജ്പേയിയും അദ്വാനിയും ഉള്‍പ്പെടെയുള്ള നേതാക്കളെ തടങ്കലിലാക്കുകയും ചെയ്തു. ശക്തമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനസംഘമുള്‍പ്പെടെ നാലു പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്വാനി നാല് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി. ജനതാ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ 1976 മാര്‍ച്ച്‌ 23ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തിലേറി. അടല്‍ബിഹാരി വാജ്പേയി വിദേശകാര്യമന്ത്രിയും അദ്വാനി വാര്‍ത്താ വിതരണ പ്രക്ഷേപണ (ഐ ആന്‍ഡ് ബി) മന്ത്രിയുമായി. 1979 ജൂലൈ 15ന് മൊറാര്‍ജി ദേശായി രാജിവെച്ചു. ചരണ്‍സിങിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍ ഈ സര്‍ക്കാരിനും അധികം ആയുസുണ്ടായില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വീണ്ടും ജനതാ പാര്‍ട്ടി അവശ്യം ഉന്നയിച്ചെങ്കിലും അതംഗീകരിക്കാതെ രാഷ്‌ട്രപതി 1979 ആഗസ്ത് 22ന് ലോക്സഭ പിരിച്ചുവിട്ടു. 1980 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തി.

ജനതാപാര്‍ട്ടിയുടെ പിളര്‍പ്പോടെ 1980 ഏപ്രില്‍ 6 ന് ബിജെപി രൂപീകരിച്ചു. എ.ബി. വാജ്പേയി സ്ഥാപക പ്രസിഡന്റായപ്പോള്‍ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി അദ്വാനിയും ഒപ്പമുണ്ടായി. 1986ല്‍ ബിജെപി പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയെ ഒരു ദേശീയ രാഷ്‌ട്രീയശക്തിയായി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പിന്നീട് അദ്വാനിയുടെ പ്രവര്‍ത്തനങ്ങള്‍. 1989 ലെ പൊതുതെരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെ ഫലം അടിവരയിടുന്നു. 1984ലെ രണ്ടില്‍ നിന്ന് 86 സീറ്റുകളിലേക്ക് പാര്‍ട്ടി വളര്‍ന്നു.

1990 സപ്തം. 25ന് സോമനാഥില്‍ നിന്ന് ആരംഭിച്ച്‌ ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിലേക്ക് അദ്വാനി നടത്തിയ രാമരഥയാത്ര ഭാരതത്തിലങ്ങോളമിങ്ങോളം വലിയ പരിവര്‍ത്തനത്തിന് കാരണമായി. 1991 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 121 സീറ്റുകള്‍ നേടി പ്രധാന പ്രതിപക്ഷമായി. 1996ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും 13 ദിവസത്തിനുശേഷം രാജിവെക്കേണ്ടിവന്നു. 1998ലെ തെരഞ്ഞെടുപ്പില്‍ പുതുതായി രൂപീകരിക്കപ്പെട്ട എന്‍ഡിഎ സഖ്യം അധികാരത്തിലെത്തി. എന്നാല്‍ 1999ല്‍ സര്‍ക്കാരിന് രാജിവെക്കണ്ടിവന്നു. 1999ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തി. വാജ്പേയി പ്രധാനമന്ത്രിയും അദ്വാനി ആഭ്യന്തരമന്ത്രിയുമായി സര്‍ക്കാര്‍ അധികാരത്തിലേറി. 2002 ജൂണ്‍ മുതല്‍ 2004 മെയ് വരെ അദ്വാനി ഉപപ്രധാനമന്ത്രിയുമായി. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസിതര സര്‍ക്കാരായി ഈ സര്‍ക്കാര്‍. വാജ്പേയിയുടെയും അദ്വാനിയുടെയും നേതൃത്വം രാജ്യത്തെ മുന്നോട്ടു നയിച്ചു. നിരവധി ജനക്ഷേമ പദ്ധതികള്‍ക്ക് തുടക്കംകുറിക്കാനും വികസനത്തിന്റെ പുതിയ വെളിച്ചം കൊണ്ടുവരാനും ഈ സര്‍ക്കാരിനായി.

2004 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2009 വരെ ലോക്സഭാ പ്രതിപക്ഷ നേതാവായും അദ്വാനി പാര്‍ട്ടിയെ നയിച്ചു. 2005ല്‍ അദ്ദേഹം പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. മൂന്ന് പതിറ്റാണ്ടോളം പാര്‍ലമെന്ററി ജീവിതം നയിച്ച അദ്വാനി ഏറ്റവും കൂടുതല്‍ കാലം (1986 – 90, 1993 – 98, 2004 – 05) ബിജെപി പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്ന് സജീവരാഷ്‌ട്രീയത്തോട് വിടപറഞ്ഞ അദ്വാനി ദല്‍ഹിയിലെ വസതിയില്‍ പൂര്‍ണവിശ്രമത്തിലാണിപ്പോള്‍. പരേതയായ കമല അദ്വാനിയാണ് ഭാര്യ. പ്രതിഭ അദ്വാനി, ജയന്ത് അദ്വാനി എന്നിവരാണ് മക്കള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular