Thursday, May 2, 2024
HomeKeralaഗില്ലിന് സെഞ്ച്വറി; പിടിമുറുക്കി ഇന്ത്യ; ലീഡ് 350 കടന്നു

ഗില്ലിന് സെഞ്ച്വറി; പിടിമുറുക്കി ഇന്ത്യ; ലീഡ് 350 കടന്നു

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ശുഭ്മൻ ഗില്ലിന്‍റെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യയുടെ ലീഡ് 350 റണ്‍സ് കടന്നു.

നിലവില്‍ രണ്ടാം ഇന്നിങ്സില്‍ 57.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 219 റണ്‍സെടുത്തിട്ടുണ്ട്.

147 പന്തില്‍ 104 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. ശുഐബ് ബഷീറിന്‍റെ പന്തില്‍ സ്റ്റോക്സിന് ക്യാച്ച്‌ നല്‍കിയാണ് താരം മടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍തന്നെ തിരിച്ചടിയേറ്റു. രണ്ടു റണ്‍സ് കൂട്ടിചേർക്കുന്നതിനിടെ ഓപ്പണർമാരായ രോഹിത് ശർമയും (21 പന്തില്‍ 13) യശസ്വി ജയ്സ്വാളും (27 പന്തില്‍ 17) മടങ്ങി. ഇരുവരെയും വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണാണ് പുറത്താക്കിയത്. പിന്നാലെ ഗില്ലും ശ്രേയസ് അയ്യരും ചേർന്ന് സ്കോർ 100 കടത്തി. 52 പന്തില്‍ 29 റണ്‍സെടുത്ത ശ്രേയസ്സിനെ ടോം ഹോർട്ലി സ്റ്റോക്സിന്‍റെ കൈകളിലെത്തിച്ചു.

അധികം വൈകാതെ രജത് പാട്ടീദാറും (19 പന്തില്‍ ഒമ്ബത്) പുറത്തായി. റെഹാൻ അഹ്മദിനാണ് വിക്കറ്റ്. ഒരറ്റത്ത് ഗില്‍ ചെറുത്തുനിന്നു. മോശം ഫോമിന്‍റെ പേരില്‍ താരത്തെ പഴിക്കുന്ന ആരാധകർക്കുള്ള മറുപടി കൂടിയാണ് ഗില്ലിന്‍റെ ഈ സെഞ്ച്വറി പ്രകടനം. 45 റണ്‍സുമായി അക്സർ പട്ടേലും രണ്ടു റണ്ണുമായി എസ്. ഭരതുമാണ് ക്രീസില്‍. പേസർ ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സില്‍ തകർത്തത്. 55.5 ഓവറില്‍ 253 റണ്‍സിന് പുറത്തായി.

ഇന്ത്യക്ക് 143 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. 15.5 ഓവറില്‍ 45 റണ്‍സ് മാത്രം വഴങ്ങി ബുംറ ആറു വിക്കറ്റുകള്‍ നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ 150 വിക്കറ്റുകളെന്ന നാഴികക്കല്ലും ബുംറ പിന്നിട്ടു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും അക്സർ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും ഇംഗ്ലണ്ടിന് മുതലെടുക്കാനായില്ല. 76 പന്തില്‍ 78 റണ്‍സെടുത്ത ഓപ്പണർ സാക്ക് ക്രൗലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ താരം രണ്ടു സിക്സും 11 ഫോറും നേടി. നായകൻ ബെൻ സ്റ്റോക്സ് 54 പന്തില്‍ 47 റണ്‍സെടുത്തു.

ഒരുഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 114 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇംഗ്ലണ്ട്. ബുംറയുടെ തകർപ്പൻ ബൗളിങ്ങാണ് ഇംഗ്ലണ്ടിന്‍റെ മധ്യനിരയെ തരിപ്പണമാക്കിയത്. ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ടും ഇന്ത്യ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular