Monday, May 6, 2024
HomeKeralaനിർദ്ദിഷ്‌ട ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടി വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

നിർദ്ദിഷ്‌ട ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടി വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

പത്തനംതിട്ട: നിർദ്ദിഷ്‌ട ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടി വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി ഏകദേശം 1000.28 ഹെക്‌ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ഭൂമിയേറ്റെടുകലിൽ ആക്ഷേപം ഉള്ളവര്‍ 15 ദിവസത്തിനുള്ളില്‍ പരാതി നല്‍കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. പ്രദേശത്ത് കച്ചവടം നടത്തുന്നവര്‍ക്കും വീട് നഷ്‌ടമാകുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും കൃത്യമായ നഷ്‌ടപരിഹാരം ഉറപ്പാക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

47 സർവേ നമ്പരുകളിൽ നിന്നായി 441 കൈവശങ്ങളാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് ഇതിലുള്ളത്. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 22 ൽ ഉൾപ്പെട്ട 281, 282, 283 സർ‍വേ നമ്പരുകൾ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പർ 21 ൽ ഉൾപ്പെട്ട 299 സർവേ നമ്പരിൽ ഉൾപ്പെട്ട 2264.09 ഏക്കർ സ്ഥലം ചെറുവള്ളി എസ്‌റ്റേറ്റിൽ നിന്നും ഏറ്റെടുക്കുന്നുണ്ട്.

കോട്ടയം സ്പെഷ്യൽ തഹസിൽദാറിനെയാണ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കളക്‌ടറുടെ ചുമതല നൽകി നിയമിച്ചത്. പദ്ധതിയുടെ അഡ്‌മിനിസ്ട്രേറ്ററായി കോട്ടയം ഡപ്യൂട്ടി കളക്‌ടറെയും നിയമിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലായാൽ ശബരിമല തീർത്ഥാടനം കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന തലത്തിലേക്ക് വളരുമെന്നാണ് പ്രതീക്ഷ.

വിമാനത്താവള ഭൂമിയേറ്റെടുപ്പ് 285 വീടുകളെയും 358 ഭൂവുടമകളെയുമാണ് നേരിട്ടു ബാധിക്കുന്നതെന്നാണ് നേരത്തെ പുറത്തുവിട്ട പാരിസ്ഥിതിക ആഘാത പഠനം വ്യക്തമാക്കിയത്. ഇതിന് പുറമെ ചെറുവള്ളി എസ്‌റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങൾ കുടി ഒഴിപ്പിക്കേണ്ടി വരും. കൂടാതെ റബറും ആഞ്ഞിലിയും പ്ലാവും, തേക്കും അടക്കം മൂന്നേ കാൽ ലക്ഷത്തോളം മരങ്ങളും വെട്ടി മുരിക്കേണ്ടി വരുമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ടിൽ പറയുന്നു.

ഭൂമി ഏറ്റെടുക്കലിന് മതിയായ നഷ്‌ടപരിഹാരം നൽകി പദ്ധതിയുമായി മുന്നോട്ടു പോകാനാനാണ് റിപ്പോർട്ട്‌ ശുപാർശ ചെയ്യുന്നത്. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് റിപ്പോർട്ട്‌ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്. വിമാനത്താവളം പ്രവർത്തന സജ്ജമായാൽ അന്താരാഷ്‌ട്ര മലയാളി സമൂഹത്തിന് അത് നേട്ടമാവുമെന്നും, എവിടേക്കും യാത്ര ചെയ്യാമെന്നും റിപ്പോർട്ട് പറയുന്നു.

ശബരിമല വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2027ൽ പ്രവർത്തനക്ഷമം ആകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിന് 1.85 കോടി രൂപയാണ് ഇക്കുറി ബജറ്റിൽ സംസ്ഥാന അനുവദിച്ചത്. സാധ്യതാ പഠനത്തിനും വിശദമായ പദ്ധതി രേഖ തയാറാക്കുന്നതടക്കമുള്ള നടപടികൾക്കുമാണു തുക അനുവദിച്ചതെന്നാണ് ബജറ്റിൽ പറയുന്നത്. കഴിഞ്ഞ വർഷം 2.01 കോടി രൂപയായിരുന്നു ഇതിനായി അനുവദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular