Saturday, April 27, 2024
HomeIndiaറഷ്യയിലേക്കുള്ള ഇന്ത്യന്‍ എഞ്ചിനീയറിംഗ് സാധനങ്ങളുടെ കയറ്റുമതിയില്‍ ഇരട്ടി വര്‍ധനവ്

റഷ്യയിലേക്കുള്ള ഇന്ത്യന്‍ എഞ്ചിനീയറിംഗ് സാധനങ്ങളുടെ കയറ്റുമതിയില്‍ ഇരട്ടി വര്‍ധനവ്

റഷ്യയിലേക്കുള്ള ഇന്ത്യന്‍ എഞ്ചിനീയറിംഗ് സാധനങ്ങളുടെ കയറ്റുമതിയില്‍ ഇരട്ടി വര്‍ധനവ്. 2023-24 ഏപ്രില്‍-ഫെബ്രുവരി മാസങ്ങളിലെ കണക്ക് പ്രകാരം കയറ്റുമതി ഇരട്ടിയോളം വര്‍ധിച്ചതും സ്വതന്ത്ര വ്യാപാര പങ്കാളി രാജ്യങ്ങളായ യുഎഇ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയുടെ വര്‍ധനവും കയറ്റുമതിയില്‍ 1.23 ശതമാനം വളര്‍ച്ചയ്ക്ക് കാരണമായി. ഈ കാലയളവിലെ ചരക്ക് കയറ്റുമതിയില്‍ മൊത്തത്തിലുള്ള ഇടിവുണ്ടായിരിക്കെയാണ് കുതിപ്പ്.

ഇന്ത്യന്‍ എഞ്ചിനീയറിംഗ് ഇനങ്ങളുടെ രണ്ട് പ്രധാന വിപണികളായ യുഎസിലേക്കും ചൈനയിലേക്കുമുള്ള കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം കുറഞ്ഞുവെന്നാണ് ഇഇപിസി ഇന്ത്യ പറയുന്നത്. ഇന്ത്യയുടെ എഞ്ചിനീയറിംഗ് കയറ്റുമതി 2024 ഫെബ്രുവരിയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും വര്‍ഷാവര്‍ഷം വളര്‍ച്ച കൈവരിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് 15.9 ശതമാനമായിരുന്നു.

അതേസമയം 2023-24 ഏപ്രില്‍-ഫെബ്രുവരി മാസങ്ങളില്‍ യുഎസിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി 7 ശതമാനം കുറഞ്ഞ് 15.95 ബില്യണ്‍ ഡോളറിലെത്തി. ചൈനയിലേക്കുള്ള കയറ്റുമതി ഇതേ കാലയളവില്‍ 1 ശതമാനം ഇടിഞ്ഞ് 2.38 ബില്യണ്‍ ഡോളറുമായി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിപണിയായ യുഎഇ എഞ്ചിനീയറിംഗ് കയറ്റുമതിയില്‍ ആദ്യ പതിനൊന്ന് മാസങ്ങളില്‍ 16 ശതമാനം വര്‍ധിച്ച് 5.22 ബില്യണ്‍ ഡോളറിലെത്തി.

ഇക്കാലയളവില്‍ എഞ്ചിനീയറിംഗ് ഇനങ്ങളുടെ കയറ്റുമതി 75 ശതമാനം ഉയര്‍ന്ന് 4.62 ബില്യണ്‍ ഡോളറിലെത്തിയ സൗദി അറേബ്യയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ്. യുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്ത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ നേരിടാന്‍ അവതരിപ്പിച്ച രൂപ പേയ്മെന്റ് സംവിധാനത്തിന്റെ വിജയമാണ് റഷ്യയിലേക്കുള്ള കയറ്റുമതിയില്‍ പ്രതിഫലിച്ചത്.

ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതി 5 ശതമാനം വര്‍ധിച്ച് 1.3 ബില്യണ്‍ ഡോളറിലും എത്തി. ഇന്ത്യയുടെ എഞ്ചിനീയറിംഗ് കയറ്റുമതി ലിസ്റ്റില്‍ പശ്ചിമേഷ്യയുടെയും വടക്കേ ആഫ്രിക്കയുടെയും വിഹിതം കഴിഞ്ഞ വര്‍ഷത്തെ 12 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 15 ശതമാനമായി വര്‍ധിച്ചതിനാല്‍ യുഎഇയുമായുള്ള എഫ്ടിഎയും ജിസിസിയുമായുള്ള ചര്‍ച്ചകള്‍ വളരെ ഫലപ്രദമാണ് എന്ന് ഇഇപിസി ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ കുമാര്‍ ഗരോഡിയ പറഞ്ഞു.

പ്രതികൂല ആഗോള വ്യാപാര സാഹചര്യങ്ങള്‍ക്കിടയിലും ഇതാണ് കുതിപ്പിന് സഹായിച്ചത് എന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, 2024 ഫെബ്രുവരിയില്‍, യുഎഇയിലേക്കുള്ള എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 7 ശതമാനം ഇടിഞ്ഞ് 499 മില്യണ്‍ ഡോളറായിട്ടുണ്ട്. ഏറ്റവും മികച്ച കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളില്‍, യുഎസ്എ, സൗദി അറേബ്യ, ഇറ്റലി, ജര്‍മ്മനി, ദക്ഷിണ കൊറിയ, മെക്‌സിക്കോ, മലേഷ്യ, യുകെ, ചൈന എന്നിവ 2024 ഫെബ്രുവരിയില്‍ വളര്‍ച്ച കൈവരിച്ചു.

അതേസമയം യുഎഇ, സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ് എന്നിവ കയറ്റുമതിയില്‍ നെഗറ്റീവ് വളര്‍ച്ചയാണ് കൈവരിച്ചത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയിലെ എഞ്ചിനീയറിംഗ് കയറ്റുമതിയുടെ പങ്ക് 2024 ജനുവരിയിലെ 23.75 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 24.01 ശതമാനമായി ഉയര്‍ന്നു. 2023-24 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ ഇത് 24.82 ശതമാനമായിരുന്നു.

2024 ഫെബ്രുവരിയില്‍ 34 എഞ്ചിനീയറിംഗ് പാനലുകളില്‍ 28 എണ്ണവും കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ ബാക്കിയുള്ളവ കുറഞ്ഞു. സിങ്ക്, അനുബന്ധ ഉല്‍പ്പന്നങ്ങള്‍, നിക്കലും ഉല്‍പ്പന്നങ്ങളും, മോട്ടോര്‍ വാഹനങ്ങള്‍/കാറുകള്‍, റെയില്‍വേ ഗതാഗതവും ഭാഗങ്ങളും, കപ്പലുകളും ബോട്ടുകളും, ഓഫീസ് ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതി കുറഞ്ഞു. 2023-24 ഏപ്രില്‍-ഫെബ്രുവരി മാസങ്ങളില്‍ 34 എഞ്ചിനീയറിംഗ് പാനലുകളില്‍ 20 എണ്ണവും കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular