Wednesday, May 8, 2024
HomeIndiaകെജ്‌രിവാളിന്റേത് രാജ്യതാല്‍പര്യങ്ങള്‍ക്ക് മേലെയുള്ള സ്വാര്‍ത്ഥത, രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കെജ്‌രിവാളിന്റേത് രാജ്യതാല്‍പര്യങ്ങള്‍ക്ക് മേലെയുള്ള സ്വാര്‍ത്ഥത, രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അഴിക്കുള്ളില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.

അറസ്റ്റിലായിട്ടും മുഖ്യമന്ത്രിസ്ഥാനം രാജി വയ്‌ക്കില്ലെന്ന കെജ്‌രിവാളിന്റെ നിലപാടിനെതിരെയാണ് ഡല്‍ഹി ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുകളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിതാല്പര്യങ്ങളെന്ന് കോടതി പറഞ്ഞു. അതുകൊണ്ടാണ് അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാൻ കെജ്‌രിവാള്‍ തയാറാകാത്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡല്‍ഹിയിലെ ആം ആദ്മി സർക്കാരിനെതിരെയും കോടതി രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. സർക്കാരിന് അധികാരത്തില്‍ മാത്രമാണ് താല്‍പര്യമെന്നും കോടതി തുറന്നടിച്ചു. ഡല്‍ഹിയിലെ സർക്കാർ സ്കൂളുകളില്‍ ചേരുന്ന വിദ്യാർത്ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ലഭ്യമല്ലെന്ന വിഷയത്തിലായിരുന്നു കോടതിയുടെ വിമർശനം. “നിങ്ങള്‍ക്ക് അധികാരത്തില്‍ മാത്രമാണ് താല്പര്യം, ഇനിയും നിങ്ങള്‍ക്ക് എത്രത്തോളം അധികാരമാണ് വേണ്ടതെന്ന് അറിയില്ല.” ഹൈക്കോടതി പറഞ്ഞു.

നോട്ട്ബുക്കുകള്‍, സ്റ്റേഷനറി സാധനങ്ങള്‍, യൂണിഫോം, സ്കൂള്‍ ബാഗുകള്‍ എന്നിവ വിതരണം ചെയ്യാത്തതിന്റെ പ്രധാന കാരണം സ്റ്റാൻഡിംഗ് കമ്മിറ്റികള്‍ രൂപീകരിക്കാത്തതാണെന്നും 5 കോടി രൂപയിലധികം വരുന്ന കരാറുകള്‍ നല്‍കാൻ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളുവെന്നും എംസിഡി കമ്മീഷണർ കഴിഞ്ഞതവണ കോടതിയില്‍ പറഞ്ഞിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ഇല്ലായെങ്കില്‍ എത്രയും വേഗം മറ്റൊരു അതോറിറ്റിക്ക് സാമ്ബത്തിക അധികാരം കൈമാറണമെന്ന് കോടതി അന്ന് നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാത്ത എഎപി സർക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. നിലവില്‍ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സമ്മതം അത്തരം നടപടികള്‍ക്ക് ആവശ്യമാണെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. ഇതിനെതിരെയാണ് കോടതി അതൃപ്തി വ്യക്തമാക്കിയത്.

മുഖ്യമന്ത്രി ജയിലിലായിട്ടും സർക്കാർ തുടരുമെന്ന് തീരുമാനിച്ചത് ആം ആദ്മി പാർട്ടി ആയിരുന്നെന്നും ഇതിലൂടെ മറ്റു നടപടികള്‍ സ്വീകരിക്കാൻ കോടതിയെ നിർബന്ധിക്കുകയാണെന്നും ഡല്‍ഹി സർക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ നഗരവികസന മന്ത്രി സൗരഭ് ഭരദ്വാജിനെയും കോടതി ശകാരിച്ചു. മന്ത്രി വിദ്യാർത്ഥികളുടെ ദുരിതത്തിനുനേരെ കണ്ണടച്ച്‌ മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് കോടതി പറഞ്ഞു. പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ടത് കോടതിയുടെ ജോലിയല്ലെന്നും ചെയ്യേണ്ടവർ അതില്‍ പരാജയപ്പെട്ടത് കൊണ്ടാണ് ഇടപെടേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular