Saturday, April 27, 2024
HomeKeralaഇഡിയുടെ വരവില്‍ ജാഗ്രതയോടെ സിപിഎം; എകെജി സെൻ്ററിലും ക്ലിഫ് ഹൗസിലും പ്രതിരോധം തീര്‍ക്കും; വീണക്ക് മുൻകൂര്‍...

ഇഡിയുടെ വരവില്‍ ജാഗ്രതയോടെ സിപിഎം; എകെജി സെൻ്ററിലും ക്ലിഫ് ഹൗസിലും പ്രതിരോധം തീര്‍ക്കും; വീണക്ക് മുൻകൂര്‍ ജാമ്യമടക്കം എല്ലാ രക്ഷാമാര്‍ഗങ്ങളും തേടാൻ ആലോചന തുടങ്ങി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തില്‍ എല്ലാവിധ മുന്‍കരുതലുമെടുക്കാന്‍ സിപിഎം.

മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.

എകെജി സെന്ററിലേക്കു പോലും ഈ അന്വേഷണം എത്തുമെന്ന സംശയം സിപിഎമ്മിനുണ്ട്. വീണാ വിജയന്റെ കമ്ബനി ആദ്യം രജിസ്റ്റര്‍ ചെയ്തത് എകെജി സെന്റര്‍ വിലാസത്തിലായിരുന്നു. ഇതിന്റെ സാഹചര്യവും ഇതിനായി വീണ നല്‍കിയ രേഖകളും എല്ലാം ഇഡി പരിശോധിക്കും. എകെജി സെന്ററിലേക്ക് അന്വേഷണ ഏജന്‍സികളെ കയറ്റില്ലെന്ന് സിപിഎം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ക്ലിഫ് ഹൗസിലേക്ക് ഇഡി എത്തിയാല്‍ എന്തു ചെയ്യണമെന്നതും കൂട്ടായ തീരുമാനത്തിലൂടെ ആലോചിക്കും. ബിനീഷിൻ്റെ അറസ്റ്റിന് പിന്നാലെ കോടിയേരി ബാലകൃഷ്ണൻ്റെ തിരുവനന്തപുരത്തെ വീട് റെയ്ഡ് ചെയ്യാൻ ഇഡി സംഘം എത്തിയപ്പോള്‍ പ്രതിരോധിക്കാൻ പോലീസിനെ മുതല്‍ ബാലാവകാശ കമ്മിഷനെ വരെ രംഗത്തിറക്കിയിരുന്നു. വേണ്ടിവന്നാല്‍ ഈ മട്ടിലുള്ള പ്രതിരോധങ്ങളും പ്ലാൻചെയ്യും. ക്ലിഫ് ഹൗസും പരിസരവും കനത്ത പോലീസ് സുരക്ഷയിലാണ്. ഈ സാഹചര്യത്തില്‍ ഇഡിയെ വേണമെങ്കില്‍ പോലീസിന് തടയാം. കോടതി വാറണ്ടുമായി ഇഡി എത്തുമ്ബോള്‍ ഇങ്ങനെ ചെയ്യുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്. വ്യക്തമായ നിയമോപദേശം തേടിയാകും ഇനി ഓരോ ചുവടും വയ്ക്കുക.

ഡല്‍ഹി പോലീസ് കേന്ദ്ര സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ ഇത്തരം പ്രതിരോധമൊന്നും കൂടാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അനായാസം കസ്റ്റഡിയില്‍ എടുക്കാൻ കഴിഞ്ഞു. എന്നാലിവിടെ അത്തരം സാഹചര്യമുണ്ടായാല്‍ ബംഗാള്‍ മോഡല്‍ മുന്നിലുണ്ട്. 2019 ശാരദാ ചിട്ടിക്കേസ് അന്വേഷണത്തിനിടെ കൊല്‍ക്കൊത്ത സിറ്റി പോലീസ് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ലോക്കല്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും മമതാ ബാനർജി നേരിട്ട് രംഗത്തിറങ്ങി വിഷയത്തില്‍ ഇടപെടുകയും ചെയ്തത് രാജ്യം മുഴുവൻ ശ്രദ്ധിച്ചതാണ്. അതുപോലെ ഇവിടെയും ലോക്കല്‍ പോലീസിൻ്റെ സമ്ബൂർണ നിയന്ത്രണം സർക്കാരിനും മുഖ്യമന്ത്രിക്കുമുണ്ട്. നിയമപരമായ പരിധികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി കേന്ദ്ര ഏജൻസികളെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങള്‍ ഇവിടെയുമുണ്ടാകും. അപ്പോഴും കോടതികളില്‍ നിന്നും തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും.

ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിന്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് വീണയ്‌ക്കെതിരായ അന്വേഷണമെല്ലാം. ഈ ഉത്തരവിനെ കരിമണല്‍ കമ്ബനിയായ സിഎംആര്‍എല്‍ ചോദ്യം ചെയ്യാതെ പിഴയടച്ച്‌ തലയൂരിയതാണ്. അതുകൊണ്ടു തന്നെ ആ ഉത്തരവിലെ നിരീക്ഷണങ്ങളെ കരിമണല്‍ കര്‍ത്തയ്ക്കോ മറ്റാർക്കുമോ തള്ളിപ്പറയാന്‍ കഴിയില്ലെന്ന വിലയിരുത്തല്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യവും മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രതികൂലമാണ്. വീണയുടെ കമ്ബനിക്ക് സേവനം വാങ്ങാതെ പണം കൊടുത്തുവെന്ന ബോര്‍ഡിന്റെ ഉത്തരവിലെ ഭാഗവും അതുകൊണ്ട് തന്നെ പ്രസക്തമാണ്. ഇതെല്ലാം പരിഗണിച്ച്‌ വിശദ നിയമോപദേശം സുപ്രീംകോടതിയിലെ ചില മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും മുഖ്യമന്ത്രിയുടെ കുടുംബം തേടും. കോടതിയുടെ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ അറസ്റ്റിലാകുമെന്ന യാഥാര്‍ത്ഥ്യം മുഖ്യമന്ത്രിയും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് കരുതലെടുക്കാനാണ് തീരുമാനം.

ഏതായാലും വീണാ വിജയനെ കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ടു കൊടുക്കില്ലെന്ന് തന്നെയാണ് തീരുമാനം. മുന്‍കൂര്‍ ജാമ്യം അടക്കം എല്ലാ സാധ്യതകള്‍ തേടും. നേരത്തെ കര്‍ണ്ണാടക കോടതിയില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനെതിരെ വീണ ഹര്‍ജി നല്‍കിയിരുന്നു. ഇത് അമ്ബേ പരാജയപ്പെട്ട നീക്കമായി. അതുകൊണ്ട് തന്നെ നിയമപോരാട്ടത്തില്‍ ഇനി പഴുതുകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കി വേണ്ടിവരും മുന്നോട്ടുള്ള ഓരോ നീക്കവും.

ഇഡിയുടെ വരവില്‍ ജാഗ്രതയോടെ സിപിഎം; എകെജി സെൻ്ററിലും ക്ലിഫ് ഹൗസിലും പ്രതിരോധം തീർക്കും; വീണക്ക് മുൻകൂർ ജാമ്യമടക്കം എല്ലാ രക്ഷാമാർഗങ്ങളും തേടാൻ ആലോചന തുടങ്ങി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular