Tuesday, April 30, 2024
HomeAsiaഏത് നിമിഷവും ആക്രമിക്കുമെന്ന ഇറാൻ മുന്നറിയിപ്പുകള്‍ക്കിടെ അതീവ ജാഗ്രതയില്‍ ഇസ്രയേല്‍; റോക്കറ്റ് തൊടുത്ത് വിട്ട്, ഹിസ്ബുല്ല.

ഏത് നിമിഷവും ആക്രമിക്കുമെന്ന ഇറാൻ മുന്നറിയിപ്പുകള്‍ക്കിടെ അതീവ ജാഗ്രതയില്‍ ഇസ്രയേല്‍; റോക്കറ്റ് തൊടുത്ത് വിട്ട്, ഹിസ്ബുല്ല.

ഏത് നിമിഷവും ആക്രമിക്കുമെന്ന ഇറാൻ മുന്നറിയിപ്പുകള്‍ക്കിടെ അതീവ ജാഗ്രതയിലാണ് ഇസ്രയേല്‍. എന്തും നേരിടാൻ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നല്‍കിയതിന് പിന്നാലെ, രാജ്യത്തിനകത്തും പുറത്തും സുരക്ഷ ശക്തമാക്കിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം രാത്രിയോടെ വടക്കന്‍ ഇസ്രയേലിലേക്ക് ഇറാന്‍ പിന്തുണയുള്ള ഭീകര സംഘടനയായ ഹിസ്ബുല്ല റോക്കറ്റ് തൊടുത്ത് വിട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളോ ക്രൂയിസ് മിസൈലുകളോ ഡ്രോണുകളോ ഉപയോഗിച്ച്‌ ഇറാൻ്റെ മണ്ണില്‍ നിന്ന് ഇസ്രായേലിനെ ആക്രമിക്കാൻ കഴിയുമെന്ന് കാണിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകള്‍ക്കിടെയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്.

ഇറാൻ, ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകളുടെ ആക്രമണ സാധ്യതയെക്കുറിച്ച്‌ ഇസ്രായേല്‍ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതുവരെ, ഇസ്രായേലും യുഎസുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഇറാൻ എങ്ങനെയെങ്കിലും ഒഴിവാക്കിയിരുന്നു. എന്നാല്‍ സിറിയയിലെ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം നടത്തിയത് ഇസ്രായേല്‍ ആണെന്ന് ആരോപിച്ചാണ് ഇസ്രായേലിനെ ഇറാൻ ആക്രമിക്കാൻ ഒരുങ്ങുന്നത്. അമേരിക്കയും, ഇസ്രയേലും ഈ മുന്നറിയിപ്പിനെ ഭയപ്പെട്ടിരുന്നു.

അമേരിക്ക വിഷയത്തില്‍ ഇടപെടാൻ വരരുതെന്നും, ഒഴിഞ്ഞ് നില്‍ക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണെന്ന് ഭീഷണി മുഴക്കി. ഇതിനു പിന്നാലെയാണ് നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ ആക്രമിക്കും എന്ന ഇറാൻ മുന്നറിപ്പുകള്‍ക്കിടെ ഹിസ്ബുല്ല റോക്കറ്റ് തൊടുത്ത് വിട്ടത്.

തെക്കന്‍ ലെബനനില്‍ ഇസ്രയേലി സേന നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് റോക്കറ്റാക്രമണമെന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിസ്ബുല്ല പ്രസ്താവിച്ചു. തെക്കൻ ലെബനൻ ഗ്രാമങ്ങളിലും വീടുകളിലേക്കും അടുത്തിടെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമാണ് ആക്രമണം. ഡസൻ കണക്കിന് കത്യുഷ റോക്കറ്റുകള്‍ പ്രയോഗിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

ഹിസ്ബുല്ലയുടെ റോക്കറ്റുകളെ ഇസ്രയേലിന്‍റെ അയേണ്‍ ഡോം പ്രതിരോധിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയിലുണ്ട്. കത്യുഷ റോക്കറ്റുകളാണെന്ന് തിരിച്ചറിഞ്ഞതായും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വക്താവും പ്രതികരിച്ചു. നേരത്തെ ഹിസ്ബുല്ലയുടെ ബോംബ് ഡ്രോണുകളും ഷെല്ലുകളും പ്രതിരോധിച്ചതായും അദ്ദേഹം വ്യക്തമാക്കി. 40 റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷ്യമാക്കി ഹിസ്ബുല്ല പ്രയോഗിച്ചതെന്നും ഐഡിഎഫ് അറിയിച്ചു.

ഇതോടെ ഗാസ യുദ്ധം മറ്റൊരു ദിശയിലായി പശ്ചിമേഷ്യയില്‍ യുദ്ധം പടരുമോ എന്നാണ് ഭീതി. ഇറാനെ പ്രതിരോധിക്കാൻ ഇസ്രയേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തു. സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റ് ഇസ്രയേല്‍ തകർത്തതിന് പ്രതികാരം ചെയ്യുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ആക്രമണത്തില്‍ ഇറാന്റെ രണ്ട് ജനറല്‍മാർ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇറാനില്‍ കടന്ന് ആക്രമിക്കുമെന്ന് ഇസ്രയേലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ ശിക്ഷിക്കപ്പെടണമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ സംഘടന എന്നാണ് ഈ വാക്കിന്റെ അർഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വർഷമായി സംഘടന മിഡില്‍ ഈസ്റ്റില്‍ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിക്ക് ശക്തമായ ഒരു സൈനിക വിഭാഗമുണ്ട്.

വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാർട്ടി കൂടിയാണ് ഹിസ്ബുള്ള. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്കൂളുകളും ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവർ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകള്‍ ഹിസ്ബുല്ല ഉണ്ടാക്കുന്നുണ്ട്. പല മേഖലകളിലായി വ്യാപിച്ച്‌ കിടക്കുന്ന വിശാലമായ സ്വാധീനവും ഇറാനും സിറിയയുമായുള്ള അടുത്ത ബന്ധവും പല അടിയന്തര ഘട്ടങ്ങളിലും ഹിസ്‌ബുള്ളക്ക് സഹായകമായിട്ടുണ്ട്.

ലെബനനിലും ഇസ്രയേലിലും അന്താരാഷ്ട്ര തലത്തിലും നടത്തിയ രക്തരൂക്ഷിതമായ നിരവധി ആക്രമണങ്ങള്‍ ഹിസ്ബുല്ലയുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. വൻതോതിലുള്ള ചാവേർ ആക്രമണങ്ങളുടെ തുടക്കക്കാരനായാണ് ഹിസ്ബുല്ലയെ അന്താരാഷ്ട്ര വിദഗ്ധർ കണക്കാക്കുന്നത്. തെക്കൻ ബെയ്റൂട്ട്, തെക്കൻ ലെബനൻ, കിഴക്കൻ ബെക്കാ താഴ്വര തുടങ്ങി ലെബനനിലെ പ്രധാന ഷിയാ കേന്ദ്രങ്ങളെല്ലാം ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലാണുള്ളത്. ഭീകരസംഘടനയുടെ പട്ടികയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഹിസ്ബുല്ലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular