Tuesday, April 30, 2024
HomeIndiaലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങി 10 ദിവസം കഴിയും വരെയെങ്കിലും കെജ്രിവാള്‍ ജയിലില്‍ തുടരും; ഡല്‍ഹി മുഖ്യമന്ത്രിയുടെ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങി 10 ദിവസം കഴിയും വരെയെങ്കിലും കെജ്രിവാള്‍ ജയിലില്‍ തുടരും; ഡല്‍ഹി മുഖ്യമന്ത്രിയുടെ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങി 10 ദിവസം കഴിയും വരെയെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ കഴിയേണ്ടി വരും.

മദ്യനയ കേസില്‍ കെജ്രിവാളിന്റെ ഹർജി അടിയന്തരമായി കേള്‍ക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹർജിയിലെ വാദം ഏപ്രില്‍ 29 ലേക്ക് മാറ്റി. ഹർജിയില്‍ ഇഡിയുടെ മറുപടി ഫയല്‍ ചെയ്യാൻ ഏപ്രില്‍ 27 വരെ കോടതി സമയം നല്‍കി. അതേസമയം, കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. ഹർജിയിലുള്ള കാര്യങ്ങളില്‍ വ്യക്തത തേടിയാണ് കോടതി ഇഡിക്ക് നോട്ടീസ് നല്‍കിയത്. കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വിയാണ് ഹാജരായത്. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതിനെ ബാധിക്കുമെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി വാദിച്ചെങ്കിലും ഇ.ഡി എതിർത്തു. ഈ വെള്ളിയാഴ്ച ഹർജിയില്‍ വാദം കേള്‍ക്കണമെന്ന് സിങ്വി ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു.

മാർച്ച്‌ 21ന് രാത്രി ഒമ്ബത് മണിയോടെയാണ് അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി സംഘം വാറണ്ടുമായി കേജ്‌രിവാളിന്റെ വീട്ടിലെത്തിയത്.

അറസ്റ്റിനെതിരെ കേജ്രിവാള്‍ നല്‍കിയ ഹർജി ഏപ്രില്‍ ഒൻപതിന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഹർജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ഹർജി തള്ളിയത്. തുടർന്ന് ഏപ്രില്‍ 10 ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. നിലവില്‍ കേജ്രിവാള്‍ തിഹാർ ജയിലിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular