Tuesday, April 30, 2024
HomeAsiaഅതിര്‍ത്തി കടന്ന് ഇറാന്‍ ; മുന്നറിയിപ്പുമായി ഇസ്രായേല്‍ ; സമാധാനത്തിന് യുഎസും യുഎന്നും

അതിര്‍ത്തി കടന്ന് ഇറാന്‍ ; മുന്നറിയിപ്പുമായി ഇസ്രായേല്‍ ; സമാധാനത്തിന് യുഎസും യുഎന്നും

ടെഹ്‌റാന്‍/ടെല്‍ അവീവ്: ഞായറാഴ്ച ഇറാന്‍ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിക്കാന്‍ ഇസ്രയേല്‍. യു.എന്നും യു.എസും നടത്തിയ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് അതിവേഗ ആക്രമണത്തിന് ഇസ്രയേല്‍ ഒരുങ്ങില്ലെന്നാണു സൂചന.

സമാധാന ശ്രമവുമായി നാറ്റോയും രംഗത്തുണ്ട്. യുദ്ധം ചര്‍ച്ചചെയ്യാന്‍ ഇസ്രയേല്‍ ക്യാബിനറ്റിന്റെ അടിയന്തര യോഗം ചേര്‍ന്നെങ്കിലും തീരുമാനങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ചയാണ് ഇറാന്റെ ഡ്രോണുകളും മിസൈലുകളും ഇസ്രയേല്‍ ലക്ഷ്യമാക്കി കുതിച്ചത്. സിറിയന്‍ തലസ്ഥാനമായ ഡെമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് ആക്രമിച്ച്‌ ഇറാന്റെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥരെ വധിച്ചതിനു തിരിച്ചടിയായിട്ടായിരുന്നു ആക്രമണം.

ഇതോടെയാണു വര്‍ഷങ്ങളായുള്ള ഇറാന്‍ – ഇസ്രയേല്‍ ‘നിഴല്‍ യുദ്ധം’ നേര്‍ക്കുനേര്‍ ആക്രമണത്തിലേക്കു നീങ്ങിയത്. 170 ഡ്രോണുകളും 120 മിസൈലുകളുമാണ് ഇറാനില്‍നിന്ന് ഇസ്രയേലിലേക്ക് അയച്ചത്. ഇറാന്‍, ഇറാഖ്, ലെബനന്‍ എന്നിവിടങ്ങളില്‍നിന്നായി 350 റോക്കറ്റുകളാണ് തങ്ങളുടെ അതിര്‍ത്തി ലക്ഷ്യമിട്ടതെന്നു ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു.

അവയില്‍ 99 ശതമാനം ആയുധങ്ങളെയും ഇസ്രയേലിന്റെ വ്യോമപ്രതിരോധം നിര്‍വീര്യമാക്കി. ഇന്നലെ ഇറാനെ പരോക്ഷമായി ആക്രമിക്കുന്നതിലായിരുന്നു ഇസ്രയേല്‍ ശ്രദ്ധിച്ചത്. ലെബനന്‍ അതിര്‍ത്തി കടന്നു ഹിസ്ബുള്ള തീവ്രവാദികളുടെ ക്യാമ്ബുകള്‍ ഇസ്രയേല്‍ വ്യോമസേന തകര്‍ത്തു. ഇറാന്റെ സഖ്യകക്ഷിയാണ് ഹിസ്ബുള്ള. ലെബനനിലെ മജ്ദാല്‍ സൂണിന് സമീപമുള്ള വീടുകളും ഇസ്രയേല്‍ ഹെലികോപ്റ്ററുകള്‍ തകര്‍ത്തു.

മധ്യ ഗാസയിലെ നുസൈറത്ത് അഭയാര്‍ഥി ക്യാമ്ബിലും ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തി. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യു.എന്‍. സുരക്ഷാ സമിതി യോഗം ചേരുന്നതിനിടെയായിരുന്നു ആക്രമണം. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഇറാന്‍ ആക്രമണത്തിനുശേഷം 24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 68 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തിന്റെ പേരില്‍ ലോകരാജ്യങ്ങളും ചേരി തിരിഞ്ഞു. ഇസ്രയേലിന്റെ ശത്രുക്കള്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ ജി 7 തയാറെന്ന് ഇറ്റലി വ്യക്തമാക്കി. ഇപ്പോള്‍ ജി7 നേതൃത്വം ഇറ്റലിക്കാണ്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെ അറബ് ലീഗ് അപലപിച്ചു . യു.എന്‍. നിര്‍ദേശങ്ങള്‍ മറികടന്നാണ് ആക്രമമെന്നു അറബ് ലീഗ് സെക്രട്ടറി ജനറലിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

ആക്രമണ ഭീതിയെ തുടര്‍ന്ന് ഇസ്രയേല്‍ അതിര്‍ത്തികളില്‍ താമസിക്കുന്ന ജനം ഭീതിയിലാണ്. പതിനായിരക്കണക്കിന് സാധാരണക്കാര്‍ അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള വീടുകളില്‍നിന്ന് പാലായനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular