Tuesday, April 30, 2024
HomeKeralaസി.എം.ആര്‍.എല്‍-എക്‌സാലോജിക് ദുരൂഹ പണമിടപാട്; രാപകല്‍നീണ്ട് ഇ.ഡി മൊഴിയെടുപ്പ്

സി.എം.ആര്‍.എല്‍-എക്‌സാലോജിക് ദുരൂഹ പണമിടപാട്; രാപകല്‍നീണ്ട് ഇ.ഡി മൊഴിയെടുപ്പ്

കൊച്ചി: മൊഴിയെടുപ്പിനായി കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡിലെ (സി.എം.ആർ.എല്‍.) ഒരു വനിതയുള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസില്‍ കഴിയേണ്ടിവന്നത് 24 മണിക്കൂർ.

ഒരു പകലും രാത്രിയും നീണ്ട മൊഴിയെടുപ്പിനൊടുവില്‍ ഇവരെ വിട്ടയച്ചത് ചൊവ്വാഴ്ച രാവിലെ 11.30-ഓടെ.

തിങ്കളാഴ്ച രാവിലെ 11-ഓടെ ഹാജരായ സി.എം.ആർ.എല്‍. ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെവരെ മൊഴിയെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊലൂഷൻസും സി.എം.ആർ.എലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളിലായിരുന്നു മൊഴിയെടുപ്പ്. തിങ്കളാഴ്ച ഹാജരാകാതിരുന്ന സി.എം.ആർ.എല്‍. മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയോട് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായി. സി.എം.ആർ.എലിലെ ചീഫ് ജനറല്‍ മാനേജർ പി. സുരേഷ് കുമാർ, മുൻ കാഷ്യർ വാസുദേവൻ എന്നിവരില്‍നിന്നും ഉച്ചയ്ക്കുശേഷം മൊഴിയെടുത്തു.

സി.എം.ആർ.എലിന്റെ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. മൊഴിയെടുപ്പ് ഒറ്റഘട്ടമായി പൂർത്തികരിച്ചാല്‍ ബാഹ്യഇടപെടലുകള്‍ക്കുള്ള സാധ്യത കുറയും എന്ന കണക്കുകൂട്ടലുകളിലാണ് അന്വേഷണസംഘം.

കമ്ബനിയെ സംബന്ധിച്ച്‌ പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കില്‍ അത് അറിയുകകൂടി ലക്ഷ്യമിടുന്നുണ്ട്.

സി.എം.ആർ.എലിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി: ഇ.ഡി.യുടെ നടപടികള്‍ ചോദ്യംചെയ്ത് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആർ.എല്‍.) മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുള്‍പ്പെടെ നല്‍കിയ ഉപഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. എക്സാലോജിക് സൊലൂഷൻസും സി.എം.ആർ.എലും തമ്മിലുള്ള ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ക്കെതിരേയാണ് ഹർജി.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പ്രായാധിക്യവും മൂലം ഹാജരാവാനാവില്ല. ചോദ്യംചെയ്യല്‍ ഒഴിവാക്കണമെന്നാണ് ശശിധരൻ കർത്തയുടെ ആവശ്യം.

അതേസമയം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും 24 മണിക്കൂറിലേറെ തടങ്കലില്‍വെച്ച്‌ നിയമലംഘനം നടത്തിയെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് ഉദ്യോഗസ്ഥർ ഹർജിയില്‍ പറയുന്നത്. സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചല്‍ കുരുവിള, ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ കെ.എസ്. സുരേഷ്കുമാർ എന്നിവർ ഹർജി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

വനിതാ ഉദ്യോഗസ്ഥയടക്കമുള്ളവരെ 24 മണിക്കൂർ നിയമവിരുദ്ധമായി തടങ്കലില്‍വെച്ചു. ഒരു രാത്രി മുഴുവൻ ഇ.ഡി. ഓഫീസില്‍ തങ്ങേണ്ടിവന്നു. കമ്ബനിയുടെ ഇ-മെയില്‍ പാസ്വേഡുകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു. കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന ഹൈക്കോടതിയുടെ നിർദേശവും ഇ.ഡി. ലംഘിച്ചതായി ഹർജിക്കാർ പറയുന്നു.

അറസ്റ്റുണ്ടാവില്ലെന്നുമാത്രമാണ് ഉറപ്പുനല്‍കിയത്. ചോദ്യംചെയ്യല്‍ തുടരുമെന്നും സമയപരിധി നിശ്ചയിക്കാനാവില്ലെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. വനിതാ ഉദ്യോഗസ്ഥയെ ചോദ്യംചെയ്തത് ഇ.ഡി. ഡയറക്ടറേറ്റിലെ വനിതാ ഉദ്യോഗസ്ഥയാണ്. അന്വേഷണത്തോട് സഹകരിക്കാതിരുന്നത് കോടതി ഉത്തരവിന്റെ ലംഘനമാണ്. ഇത് സംബന്ധിച്ച പ്രധാന കേസ് വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. അതിനാല്‍ ഈ ഹർജിക്ക് അടിയന്തര പ്രാധാന്യമില്ലെന്നും ഇ.ഡി. വാദിച്ചു.

കേസ് ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കടുത്ത നടപടികള്‍ ഇ.ഡി.യുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി. ഇ.ഡി.യോട് വിശദീകരണംതേടിയ കോടതി ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular