Tuesday, May 21, 2024
HomeIndiaസ്റ്റോനിസിന് അര്‍ധസെഞ്ച്വറി; ലഖ്നോയോടും തോറ്റ് മുംബൈ

സ്റ്റോനിസിന് അര്‍ധസെഞ്ച്വറി; ലഖ്നോയോടും തോറ്റ് മുംബൈ

ഖ്നോ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ ലഖ്നോ സൂപ്പർ ജയന്റ്സിന് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് മുബൈ ഒരുക്കിയ 145 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലഖ്നോ അടിച്ചെടുക്കുകയായിരുന്നു.

45 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറുമടക്കം 62 റണ്‍സെടുത്ത മാർകസ് സ്റ്റോയിനിസാണ് ജയം എളുപ്പമാക്കിയത്.

കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലഖ്നോക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. സ്കോർ ബോർഡില്‍ ഒരു റണ്‍സ് മാത്രം നില്‍ക്കെ നേരിട്ട ആദ്യ പന്തില്‍ അർഷിൻ കുല്‍ക്കർണിയെ തുഷാര വിക്കറ്റിന് മുമ്ബില്‍ കുടുക്കുകയായിരുന്നു. എന്നാല്‍, രണ്ടാം വിക്കറ്റില്‍ കെ.എല്‍ രാഹുല്‍ (22 പന്തില്‍ 28) മാർകസ് സ്റ്റോയിനിസിനൊപ്പം ചേർന്ന് സ്കോർ ചലിപ്പിച്ചു. രാഹുല്‍ പുറത്തായ ശേഷം ദീപക് ഹൂഡ (18), ആഷ്ടണ്‍ ടേണർ (5), ആയുഷ് ബദോനി (6) എന്നിവർ വേഗത്തില്‍ മടങ്ങിയെങ്കിലും നിക്കൊളാസ് പൂരനും (14 പന്തില്‍ 14), ക്രുനാല്‍ പാണ്ഡ്യയും (ഒരു പന്തില്‍ ഒന്ന്) ചേർന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയത്തിലെത്തിക്കുകയായിരുന്നു. മുംബൈക്കായി ഹാർദിക് പാണ്ഡ്യ രണ്ടും നുവാൻ തുഷാര, മുഹമ്മദ് നബി എന്നിവർ ഓരോന്നും വിക്കറ്റ് നേടി.

നേരത്തെ മുംബൈ ഇന്ത്യൻസിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ ലഖ്നോ ബൗളർമാർ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. 41 പന്തില്‍ 46 റണ്‍സെടുത്ത നേഹല്‍ വധേരയായിരുന്നു മുംബൈയുടെ ടോപ് സ്കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തില്‍ നാല് റണ്‍സെടുത്ത താരത്തെ മുഹ്സിൻ ഖാന്റെ പന്തില്‍ സ്റ്റോയിനിസ് കൈയിലൊതുക്കുകയായിരുന്നു. തുടർന്നെത്തിയ സൂര്യകുമാർ യാദവിനും അധികം ആയുസുണ്ടായില്ല. ആറ് പന്തില്‍ പത്ത് റണ്‍സെടുത്ത സൂര്യയെ സ്റ്റോയിനിസിന്റെ പന്തില്‍ കെ.എല്‍ രാഹുല്‍ പിടികൂടി. ഏഴ് റണ്‍സെടുത്ത തിലക് വർമ റണ്ണൗട്ടാവുകയും ഹാർദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തില്‍ പുറത്താവുകയും ചെയ്തതോടെ 5.2 ഓവറില്‍ നാലിന് 27 എന്ന നിലയിലേക്ക് മുംബൈ വീണു. ഒരറ്റത്ത് പിടിച്ചുനിന്ന ഇഷാൻ കിഷനും ആറാമനായെത്തിയ നെഹാല്‍ വധേരയും ചേർന്ന് പതിയെ കരകയറ്റിയെങ്കിലും സ്കോർ ബോർഡില്‍ കാര്യമായ കുതിച്ചുകയറ്റമുണ്ടായില്ല. സ്കോർ 80ല്‍ എത്തിയപ്പോള്‍ ഇഷാൻ കിഷനും വീണു. രവി ബിഷ്‍ണോയിയുടെ പന്തില്‍ മായങ്ക് യാദവ് പിടികൂടുകയായിരുന്നു.

41 പന്തില്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 46 റണ്‍സെടുത്ത നെഹാല്‍ വധേര മുഹ്സിൻ ഖാൻ എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റമ്ബ് തെറിച്ച്‌ മടങ്ങുകയും ചെയ്തതോടെ ആറിന് 112 എന്ന നിലയിലായി. ശേഷമെത്തിയ മുഹമ്മദ് നബിയെ (1) പരിക്കില്‍നിന്ന് മുക്തനായെത്തിയ മായങ്ക് യാദവും തിരിച്ചയച്ചു. നബിയുടെ ബാറ്റില്‍ തട്ടിയ ശേഷം പന്ത് സ്റ്റമ്ബില്‍ പതിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ടിം ഡേവിഡാണ് സ്കോർ 140 കടത്തിയത്. ഡേവിഡ് 18 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറുമടക്കം 35 റണ്‍സെടുത്തും ജെറാള്‍ഡ് കോയറ്റ്സി ഒരു റണ്‍സുമായും പുറത്താവാതെനിന്നു.

ലഖ്നോക്കായി മുഹ്സിൻ ഖാൻ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മാർകസ് സ്റ്റോയിനിസ്, നവീനുല്‍ ഹഖ്, മായങ്ക് യാദവ്, രവി ബിഷ്‍ണോയ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular