Thursday, May 2, 2024
HomeUSAആപ്പിളിന്റെ ഇലക്‌ട്രിക്ക് കാര്‍ അതിശയിപ്പിക്കും, കാറിന്റെ സവിശേഷതകള്‍ ഇവയാണ്

ആപ്പിളിന്റെ ഇലക്‌ട്രിക്ക് കാര്‍ അതിശയിപ്പിക്കും, കാറിന്റെ സവിശേഷതകള്‍ ഇവയാണ്

ടെക് ഭീമനായ ആപ്പിള്‍ സ്വന്തമായി ഇലക്‌ട്രിക് കാര്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്.

ടെക് ലോകത്ത് അതിശയങ്ങള്‍ സൃഷ്ടിച്ച ആപ്പിള്‍ ഇലക്‌ട്രിക്ക് വാഹനനിര്‍മ്മാണ രംഗത്ത് എന്തൊക്കെയായിരിക്കും പുതുതായി കൊണ്ടുവരിക എന്നാണ് ആപ്പിള്‍ ആരാധകര്‍ നോക്കുന്നത്. ഇതിനിടെ ആപ്പിള്‍ കാറുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ വാനരമ എന്ന എന്ന കാര്‍ ലീസിങ് കമ്ബനി റിപ്പോര്‍ട്ടായി പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും കമ്ബനി സ്ഥിരീകരിച്ചിട്ടില്ല.

ഡിസൈന്‍

പുതിയ റെന്‍ഡര്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌ കാറിന്റെ ഡിസൈന്‍ വിവരങ്ങള്‍ അതിശയിപ്പിക്കുന്നതായിരിക്കും എന്നാണ് സൂചനകള്‍. ആപ്പിന്റെ നിലവിലെ പ്രൊഡക്ടുകളില്‍ നമ്മള്‍ കാണുന്ന ക്ലാസിക്-ആപ്പിള്‍ ഡിസൈന്‍ ഭാഷയുമായി സാമ്യമുള്ളതായിരിക്കും ഇവിയുടെയും ഡിസൈന്‍ എന്നും സൂചനകള്‍ ഉണ്ട്. പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ കാണുന്ന കാര്‍ കണ്‍പസ്റ്റ് ഡിസൈന്‍ ആപ്പിളിന്റെ ഐഫോണുകള്‍, മാക്ബുക്കുകള്‍, മറ്റ് ആപ്പിള്‍ പ്രൊഡക്ടുകള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മിനിമലിസ്റ്റ് ഡിസൈന്‍

പുറത്ത് വന്ന കണ്‍സപ്റ്റ് ചിത്രങ്ങളില്‍ നിന്ന് ആപ്പിള്‍ ഇലക്‌ട്രിക് കാറില്‍ മിനിമലിസ്റ്റ് ഡിസൈനാണ് ഉള്ളത് എന്ന സൂചനയാണ് ലഭിക്കുന്നത്. മിനുസമാര്‍ന്നതും തടസ്സമില്ലാത്തതുമായ ഫാക്ടറുകള്‍ എല്ലാ ദിശകളിലേക്കും വ്യാപിക്കുന്ന ഡിസൈനാണ് ഇത്. കാറിന്റെ മുന്‍ഭാഗത്തും പിന്നിലും വളയുകയും തുടര്‍ന്ന് തുടരുകയും ചെയ്യുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചുരുക്കത്തില്‍, കാറിന്റെ മുഴുവന്‍ ബോഡിയും വ്യത്യസ്ത പാനലുകള്‍ക്ക് പകരം ഒരൊറ്റ പാനലും ഇതിന്റെ തുടര്‍ച്ചയായ യൂണിറ്റുമാണ്.


നാല് ഡോറുകള്‍

കാറിന് ഓരോ അറ്റത്തും തുറക്കുന്ന തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന നാല് ഡോറുകളാണ് നല്‍കുന്നത് എന്നാണ് പുറത്ത് വന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്‍വശത്തെ ഡോര്‍ മുന്നോട്ട് തുറക്കാവുന്നതും പിന്നിലെ ഡോര്‍ പിന്നിലേക്ക് തുറക്കാവുന്നതുമായ രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. വലിയ ടയറുകളാണ് ഈ ഇലക്‌ട്രിക്ക് കാറില്‍ ഉണ്ടാവുക. ഡോര്‍ ഹാന്‍ഡിലുകള്‍, ഡോര്‍ പില്ലറുകള്‍ എന്നിവ ഇല്ല. അതുകൊണ്ട് തന്നെ ഡോര്‍ ഡിസൈന്‍ വ്യത്യസ്തമാണ്.


കാറിനുള്ളില്‍ എന്തൊക്കെ ഉണ്ടാകും

ആപ്പിളിന്റെ കാര്‍ ആയതിനാല്‍ ഡിസൈനപ്പുറം അകത്ത് എന്തൊക്കെ സവിശേഷതകള്‍ ആയിരിക്കും ആപ്പിള്‍ നല്‍കുക എന്ന സംശയം പലര്‍ക്കും ഉണ്ടായേക്കും. പുറത്ത് വന്ന ഡിസൈന്‍ ഇമേജുകള്‍ അനുസരിച്ച്‌ ഒരു എഫ്1 കാറിന്റെ പോലെ രൂപകല്‍പ്പന ചെയ്ത സ്റ്റിയറിംഗ് വീല്‍ ഉള്‍പ്പെടെയുള്ള മനോഹരമായ ഇന്റീരിയറാണ് കാറില്‍ ഉണ്ടായിക്കുക. കാറിന് പൂര്‍ണ്ണമായ ഓട്ടോണമി നല്‍കാനായി ആപ്പിള്‍ സ്റ്റിയറിംഗ് വീല്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാകാന്‍ ഇടയില്ല. 2025-ല്‍ ഇലക്‌ട്രിക് കാര്‍ പുറത്തിറക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.


ഡിസ്‌പ്ലേ

കാറില്‍ പെഡലുകളും സെന്റര്‍ കണ്‍സോളില്‍ സ്‌മാര്‍ട്ട് ഗിയറും ഡാഷ്‌ബോര്‍ഡിലുടനീളമുള്ള വലിയ ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. സിരി സപ്പോര്‍ട്ടോടെയായിരിക്കും ഈ ഡിസ്പ്ലെ വരുന്നത് എന്നാണ് സൂചനകള്‍. കണ്‍സെപ്റ്റ് ഡിസൈനില്‍ ആപ്പിളിന്റെ ഓട്ടോണമി സാങ്കേതികവിദ്യയെ കുറിച്ച്‌ സൂചന നല്‍കുന്നത് കാറിന്റെ സീറ്റുകളുടെ കാര്യത്തിലാണ്. ലിവിംഗ് റൂം സജ്ജീകരണത്തിലെന്നപോലെ പരസ്പരം അഭിമുഖീകരിക്കാന്‍ കഴിയുന്ന നാല് കറങ്ങുന്ന സീറ്റുകളാണ് കാറിനുള്ളില്‍ ഉണ്ടായിരിക്കുക എന്നാണ് കണ്‍സപ്റ്റ് ഡിസൈന്‍ കാണിക്കുന്നത്. കാര്‍ സ്വയം ഡ്രൈവ് ചെയ്യുന്നണ്ടെങ്കില്‍ മാത്രമേ ഈ നാല് സീറ്റുകളും മുഖാമുഖം തിരിഞ്ഞിട്ട് കാര്യമുള്ളു.

കണ്‍സപ്റ്റ് ഡിസൈന്‍

ഡിസൈനിലേക്കുള്ള മറ്റെല്ലാ ഇന്‍പുട്ടുകള്‍ക്കും വര്‍ഷങ്ങളായി ആപ്പിള്‍ ഫയല്‍ ചെയ്ത പേറ്റന്റുകള്‍ അനുസരിച്ചാണ് എന്ന് കണ്‍സെപ്റ്റ് ഡിസൈന്‍ പുറത്ത് വിട്ട വാനരമ ഉറപ്പാക്കിയിട്ടുണ്ട്. ഈ കണ്‍സപ്റ്റ് ഇമേജുമായി ആപ്പിള്‍ കാറിന് യഥാര്‍ത്ഥത്തില്‍ ബന്ധമമൊന്നും ഇല്ലെങ്കിലും ഇങ്ങനെ ആയിരിക്കാം എന്ന സൂചന നല്‍കുന്നതാണ് ചിത്രങ്ങള്‍. വൈകാതെ തന്നെ ആപ്പിള്‍ തങ്ങളുടെ ഇലക്‌ട്രിക്ക് കാറുമായി ബന്ധപ്പെട്ട ഔദ്യോഗികമായ സ്ഥിരീകരണം പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ഇലക്‌ട്രിക്ക് കാര്‍ വിപണിയെയും ടെക്നോളജി രംഗത്തെയും അതിശയിപ്പിക്കാന്‍ ആപ്പിളിന് സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular