Friday, April 26, 2024
HomeKeralaആലപ്പുഴയിലെ കൊലപാതകങ്ങളില്‍ ദുഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ ദുഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന എസ്.ഡി.പി.ഐ- ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമം ആരും കയ്യില്‍ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളേയും ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.
പ്രഭാതസവാരിക്കിറങ്ങിയ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ്നെ വീടിന് മുന്നിലിട്ട് ഒരുസംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആലപ്പുഴ നഗരത്തിന് സമീപം സക്കറിയ ബസാറിലെ വെള്ളക്കിണറിനടുത്തായിരുന്നു സംഭവം. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular