Thursday, May 2, 2024
HomeKeralaഎന്നവസാനിപ്പിക്കും ഈ ചോരക്കളി ?

എന്നവസാനിപ്പിക്കും ഈ ചോരക്കളി ?

ഓരോ വേര്‍പാടും ഒരാളുടെ മാത്രം വേര്‍പാടല്ല. ജീവിതത്തിന്റെ എല്ലാവര്‍ണങ്ങളില്‍ നിന്നുമുള്ള ഒട്ടനവധിപേരുടെ വേര്‍പ്പെടലാണ്. വേര്‍പ്പാട് പക്ഷെ ഒട്ടും സാധാരണമല്ലാതെ, വിശ്വസിച്ച ആശയത്തിന്റെ പേരില്‍ മറ്റുകൂട്ടരുടെ കഠാരതുമ്പിനാല്‍ ആയാല്‍ അതിന്റെ വേദന അതികഠിനമാണ്.
കൊലചെയ്യുന്നവര്‍ക്ക് ആ വേദന ഒരിക്കലും മനസിലാകില്ല. കാരണം അത് മനസിലാക്കാനുള്ള ഹൃദയമുള്ളവരാണ് അവരെന്ന്  വിശ്വസിക്കുക പ്രയാസമാണ്.
കേരളത്തില്‍ രാഷ്ട്രീയ കൊലപാതകമെന്നത് പുതിയ സംഭവമല്ല. ഓരോ തവണയും സ്‌കോര്‍ ബോര്‍ഡിലെ അക്കങ്ങള്‍ സമമാക്കാനായി പ്രതികാരബുദ്ധിയോടെ, ആസൂത്രണങ്ങളോടെ നടപ്പാക്കിയ കൊലപാതകങ്ങള്‍ നിരവധിയാണ്. അവയിലെ ഏറ്റവും ഒടുവിലത്തേതാകില്ല ആലപ്പുഴയിലെ ഇരട്ടകൊലപാതകങ്ങള്‍. ഇതൊരു തുടര്‍കഥയാണ്. ഇതിന് പ്രതികാരം വീട്ടാന്‍ അണിയറയില്‍ എപ്പോഴേ തന്ത്രങ്ങള്‍ ഒരുങ്ങിതുടങ്ങിക്കാണുമെന്നുറപ്പ്.
വെറും യാദൃശ്ചികമോ പെട്ടെന്നുണ്ടായതോ അല്ല എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ എസ് ഷാനിന്റെ കൊലപാതകം. നീണ്ടനാളത്തെ ആസൂത്രണവും കാത്തിരിപ്പിനുമൊടുവിലാണ് ആര്‍ എസ് എസ് ബിജെപി പ്രവര്‍ത്തകര്‍ ഷാനിനെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വാഹനമിടിച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തിയത്. പക്ഷെ അതിന് തിരിച്ചടിയായി വെറും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നടത്തിയ കൊലപാതകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായി. ഷാനിന് തുല്യനായ ഒരാളെ തന്നെ വീട്ടില്‍ കയറി വളരെ ലാഘവത്തോടെ വെട്ടികൊലപ്പെടുത്തിയായിരുന്നു തിരിച്ചടി. ബിജെപിയുടെ സഹസംഘടനയായ ഒ ബി സി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് രഞ്ജിത്ത്  ശ്രീനിവാസനെ വെട്ടികൊലപ്പെടുത്തിയത് ആസൂത്രണം എന്നതിലുപരി എപ്പോള്‍ വേണമെങ്കിലും ആരെയും തീര്‍ക്കാന്‍ തങ്ങള്‍ സജ്ജരാണ് എന്ന പ്രഖ്യാപനം കൂടിയായി.
തങ്ങളുടേതായ കര്‍മണ്ഡലത്തില്‍ പ്രശസ്തരായിരുന്നു ഇരുവരും. നിയമസഭ തിരഞ്ഞെടുപ്പിലടക്കം മത്സരിച്ചവര്‍. വളരെ വേഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കഴിവുതെളിയിച്ച് പാര്‍ട്ടി സ്ഥാനമാനങ്ങള്‍ നേടിയെടുത്തവര്‍. ഇരുവരും അഭിഭാഷകരാണ്. പാര്‍ട്ടിയുടെ സംസ്ഥാനനേതാക്കളാണ്. അതിനാല്‍ തന്നെ തുല്യനായ ആളെ തന്നെ കണക്കുതീര്‍ക്കാന്‍ എതിരാളികള്‍ തിരഞ്ഞെടുത്തു.
പെട്ടെന്നുണ്ടായ പ്രകോപനമോ പ്രശ്‌നങ്ങളോ അല്ല ഇരുവരുടേയും കൊലപാതകങ്ങളിലേക്ക് നയിച്ച ഘടകം. ആലപ്പുഴ ജില്ലയില്‍ തന്നെ മാസങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു കൊലപാതകത്തിന് കണക്ക് തീര്‍ക്കാലായി തന്നെ വേണം ഇപ്പോഴത്തെ കൊലപാതകങ്ങളെ കാണാന്‍. ചേര്‍ത്തലയിലെ നാഗംകുളങ്ങരയില്‍ ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണയുടെ കൊലപാതകത്തോടെ ആലപ്പുഴയില്‍ എസ് ഡി പി ഐയും ബിജെപിയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. നന്ദുകൃഷ്ണയെ നടുറോഡിലിട്ട് വെട്ടികൊലപ്പെടുത്തിയത് ഈ വര്‍ഷം ഫെബ്രുവരി 24 നാണ്. എസ് ഡി പി ഐയുടെ പ്രചരണ ജാഥയിലെ മുദ്രാവാക്യങ്ങളും തുടര്‍ന്ന് പ്രദേശത്തുണ്ടായ സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് നന്ദുവിനെ തലയ്ക്ക് വെട്ടികൊലപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ എസ് ഡി പി ഐ പ്രവര്‍ത്തകരുടെ കടകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് വയലാര്‍ ഭാഗത്ത് അരങ്ങേറിയത്.
അതിന്റെ തുടര്‍ച്ചയാണ് ഷാനിന്റെ കൊലപാതകമെന്നാണ് സൂചന. നന്ദുവിന്റെ കൊലപാതകത്തിന് തിരിച്ചടിയെന്ന രീതിയില്‍ അന്നുമുതല്‍ ആസുത്രണം ചെയ്ത് തുടങ്ങിയതാണ് ഷാനിന്റെ കൊലപാതകമെന്നാണ് സൂചന. ഷാന്‍ ജോലി കഴിഞ്ഞുമടങ്ങുന്ന വഴിയും പ്രദേശത്തിന്റെ പ്രത്യേകതയുമെല്ലാം കൃത്യമായി പഠിച്ചശേഷമാണ് കൃത്യം നടപ്പാക്കിയതെന്നാണ് വ്യക്തമാകുന്നത്. ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് ഷാനിന്റെ സ്‌ക്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച് വെട്ടികൊലപ്പെടുത്തിയത് വലിയ പ്ലാനിങ്ങിനൊടുവിലാണ് കൊലയെന്നത് വ്യക്തമാക്കുന്നു. അക്രമികള്‍ ഉപയോഗിച്ച വാഹനം വാടകയ്‌ക്കെടുത്ത് വ്യാജനമ്പര്‍ സ്ഥാപിച്ചാണ് ഉപയോഗിച്ചത് എന്നതും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ അധികസമയം വേണ്ടെന്ന മുന്നറിയിപ്പ് പലപ്പോഴും എസ് ഡി പി ഐ നേതാക്കള്‍ അവകാശപ്പെട്ടിരുന്നുവെന്നതാണ് പലരും ആരോപിക്കുന്നത്. ആ മുന്നറിയിപ്പ്, വെറും വാക്കല്ല മറിച്ച് ശക്തമായ താക്കീത് തന്നെയായിരുന്നു എന്ന് വ്യക്തമാക്കുന്നതായി മണിക്കൂറുകള്‍ക്കമുള്ള അവരുടെ തിരിച്ചടി. ബിജെപിയുടെ ഒട്ടുമിക്ക നേതാക്കളും കനത്ത സുരക്ഷയില്‍ കഴിയുമ്പോള്‍ ആരെല്ലാം അത്തരത്തില്‍ സുരക്ഷാകവചത്തിന് പുറത്ത് കഴിയുന്നുവെന്നത് കൃത്യമായി പഠിച്ച് മനസിലാക്കി അവരെ നിരീക്ഷണ വലയത്തില്‍ എസ് ഡി പി ഐ ഉള്‍പ്പെടുത്തിയിരുന്നുവെന്നതിന്റെ തെളിവായി രഞ്ജിത്തിന്റെ കൊലപാതകം. രാവിലെ രഞ്ജിത്ത് നടക്കാന്‍ പോകുമെന്നും കൃത്യം ഇത്രമണിക്ക് തന്നെ പുറത്തിറങ്ങുമെന്നും അറിയുന്ന സംഘം തന്നെയാണ് കൊലപാതകം നടത്തിയത്. തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു കൊലയാളികള്‍. മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത്, മുഖം ഹെല്‍മറ്റ് കൊണ്ടും തൊപ്പികൊണ്ടുമെല്ലാം മറച്ച് വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ച് ബൈക്കുകളിലായിരുന്നു കൊലയാളികള്‍ എത്തിയത്. മണിക്കൂറുകള്‍ കൊണ്ട് കൃത്യം പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് ഒരു രാഷ്ട്രീയപ്രസ്താനത്തിന്റെ പ്രവര്‍ത്തകര്‍ – കൊലയാളി സംഘം- മാറിയിരിക്കുന്നുവെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന കാര്യം.
കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ പുതിയകാര്യമല്ല. മൊയ്യാരത്ത് ശങ്കരന്‍ മുതല്‍ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം ആരംഭിച്ചിട്ടുണ്ട്. ഇത്രയും കാലം വടക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍ മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്നുള്ളു. കേരളത്തിന്റെ മറ്റിടങ്ങളിലെല്ലാം ഒറ്റപ്പെട്ട സംഭവം എന്നതരത്തിലായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. കണ്ണൂരിന്റെ രക്തം കടത്തനാടന്‍ രക്തമാണെന്നും അതാണ് അവിടെ വെട്ടും കൊലയും നിത്യസംഭവമാകുന്നത് എന്നുമായിരുന്നു മുന്‍ ഡിജിപി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബ് അടക്കം അഭിപ്രായപ്പെട്ടിരുന്നത്. ഇത് മുഖവിലയ്‌ക്കെടുക്കാനാവുന്നതാണോ എന്ന തര്‍ക്കം കാലാകാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ആ വാദം  വാദത്തിനായി അംഗീകരിച്ചാല്‍ തന്നെ ഇപ്പോള്‍ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മറ്റും നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ എങ്ങനെ വിശദീകരിക്കും. കടത്തനാടന്‍ രക്തമെന്ന് പറഞ്ഞ് തള്ളാനാവില്ലാലോ ഇതൊന്നും.
കഴിഞ്ഞ 6 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയത് മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലുമാണ്. അതില്‍ തന്നെ പൊതുവെ ശാന്തമായിരുന്ന ആലപ്പുഴ ജില്ലയില്‍ ഇത് അഞ്ചാമത്തേതാണ്. ഈ കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തില്‍ നടന്നത് നാല് രാഷ്ട്രീയ കൊലപാതകങ്ങളാണ്. രാഷ്ട്രീയകൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വലിയ വാര്‍ത്തയാകുന്നു, അപ്പോള്‍ ചര്‍ച്ചയാകുന്നു. എന്തിന് കൊലപാതകം, എന്തുകൊണ്ട് കൊലപാതകങ്ങള്‍, ആശയത്തെ ആയുധം കൊണ്ട് നേരിടണോയെന്ന് പതിവ് ചോദ്യങ്ങള്‍, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിഷമങ്ങള്‍…ഇവയെല്ലാം സംഭവം നടന്ന് രണ്ടോ മൂന്നോ ദിവസം ചര്‍ച്ചയാകുന്നു. സമാധാനയോഗം ചേരുന്നു, പരസ്പരം കുറ്റപ്പെടുത്തുന്നു. ഒടുവില്‍ കൈകൊടുത്ത് നേതാക്കള്‍ പിരിയുന്നു. പക്ഷെ അതിന് ശേഷവും കൊലയും പകപോക്കലുമെല്ലാം പഴയപടി തുടരുന്നുവെന്നതാണ് വസ്തുത. നേതാക്കളുടെ ഓരോ ചിരിക്കും കൈകുലുക്കലിനും പിന്നില്‍ പുതിയ കഠാരകള്‍ മൂര്‍ച്ചയേറ്റുന്നുണ്ട് എന്നതാണ് ഓരോ കൊലപാതകങ്ങളും സൂചിപ്പിക്കുന്നത്. പത്തനംതിട്ടയില്‍ സിപിഎം എല്‍ സി സെക്രട്ടറിയായ സന്ദീപിനും ആലപ്പുഴയിലെ രഞ്ജിത്തിനും ഷാനിനുമെല്ലാം ആശയത്തിന്റെ പേരിലാണ് ജീവന്‍ വെടിയേണ്ടി വന്നത്. അവരുടെ മേല്‍ എതിരാളികള്‍ ചുമത്തിയ കുറ്റം വിശ്വസിക്കുന്ന ആശയങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടുവെന്നതാണ്. ഏത് ചിന്താധാരയില്‍ പെട്ടതാണെങ്കിലും രാഷ്ട്രീയമെന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്നതാണെന്നും അവയെല്ലാം സമൂഹത്തിന്റെ നന്‍മമാത്രം ലക്ഷ്യം വെച്ചാണ് എന്നുമുള്ള തിരിച്ചറിവ് നേതാക്കള്‍ക്കും അവരുടെ അണികള്‍ക്കും ഇല്ലാതെയാകുന്നുവെന്നതാണ് ഇതിന്റെയെല്ലാം പ്രധാനപ്രശ്‌നം. ആശയമെന്നത് നിരന്തരമായ ചര്‍ച്ചകളിലൂടെ വേണം ഉരുത്തിരിയാന്‍. അവയെ എതിര്‍ക്കേണ്ടതും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാകണം. അല്ലാതെ രാകിമിനുക്കിയ ആയുധത്തിന്റെ മൂര്‍ച്ചയല്ല ആശയത്തിനെ തോല്‍പ്പിക്കാനുള്ള വഴിയെന്ന് എന്ന് നേതാക്കളും അണികളും തിരിച്ചറിയുന്നുവോ അന്ന് മാത്രമേ കൊലപാതകരാഷ്ട്രീയത്തിന് അറുതിയാകു.
രാഷ്ട്രീയവും മതവും ജാതിയുമെല്ലാം വ്യത്യസ്ഥവും പരസ്പരം കൂട്ടിക്കുഴക്കേണ്ടതല്ലെന്നതും ഓര്‍ക്കണം. മതാധിഷ്ടിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ബിജെപിയും എസ്ഡിപിയും. അതിനാല്‍ തന്നെ ആശയമെന്നതിനപ്പുറം പലപ്പോഴും മതപരമാണ് ഇവരുടെ ശത്രുതയ്ക്ക് പിന്നില്‍. രാഷ്ട്രീയത്തിനൊപ്പം മതവും ചേരുമ്പോള്‍ ഇവരുടെ പകയും കൂടുന്നു. മതത്തേയും രാഷ്ട്രീയത്തേയും രണ്ടായി കാണാന്‍ സാധിക്കാത്തിടത്തോളം കാലം ഇവരെങ്ങനെ സാമൂഹികസേവനം നടത്തുമെന്നതാണ് ഉയരുന്ന ചോദ്യം. ആലപ്പുഴയിലെ ഇവരുടെ കണക്കുതീര്‍ക്കല്‍ കൊലപാതകം ഷാനിലും രഞ്ജിത്തിലും അവസാനിക്കുമെന്ന്  കരുതാന്‍ വയ്യ. ആളും അര്‍ത്ഥവും ആയുധപരിശീലനവുമെല്ലാം വേണ്ടുവോളം ഇരുകൂട്ടര്‍ക്കും ലഭിക്കുന്നുണ്ട് എന്നതിനാല്‍ തന്നെ വെട്ടലും കൊയ്യലുമെല്ലാം ഇവര്‍ക്ക് ലഹരിയാവുന്നുണ്ട്.
നിയമപാലകരുടെ വീഴ്ച്ചയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. പലപ്പോഴും ചെറിയ പ്രശ്‌നങ്ങള്‍ പെരുകി വലിയ പ്രശ്‌നങ്ങള്‍ ആകുന്നത് വരെ പൊലീസ് നിഷ്‌ക്രിയമാകുന്നുവെന്ന ആരോപണം ശക്തമാണ്. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നതാണ് സംഘര്‍ഷങ്ങള്‍ അയയാത്തതിന് കാരണമെന്ന് വാദിക്കുന്നവരും ഏറെയാണ്. ഒരു കുറ്റകൃത്യം നടന്നാല്‍, പ്രത്യേകിച്ച് രാഷ്ട്രീയസംഘര്‍ഷം പോലെയുള്ളവ, അതിന്റെ തുടര്‍ച്ചയുണ്ടാകാന്‍ സാധ്യതയേറെയാണ് എന്ന് തിരിച്ചറിഞ്ഞ് അത് തടയുന്നതില്‍ പൊലീസ് സംവിധാനം പലപ്പോഴും പരാജയപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്. വയലാറില്‍ നന്ദുകൃഷ്ണയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവവും അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമെല്ലാം അതിന് തെളിവാണ്. പൊലീസ് പലപ്പോഴും വേണ്ടരീതിയില്‍ പട്രോളിങ് ശക്തമാക്കാത്തതും പ്രതികളെ വേഗത്തില്‍ പിടികൂടാത്തതും പലപ്പോഴും സംഘര്‍ഷസാധ്യത നിലനിര്‍ത്താന്‍ കാരണമാകുന്നു.
സന്ദീപിന്റെ കൊലപാതകം കഴിഞ്ഞപ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞവാക്കുകള്‍ തിരിച്ച് പകരം ചോദിക്കാന്‍ സിപിഎമ്മില്ലെന്നാണ്. കൊലയ്ക്ക് പകരം കൊലയെന്നതല്ല സിപിഎമ്മിന്റെ രീതിയെന്നാണ്. സംസ്ഥാനത്ത് ഏറ്റവും അധികം രാഷ്ട്രീയകൊലപാതകികളുടെ കത്തിക്ക് ഇരയായിട്ടുള്ള പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ്  സിപിഎം, അതുപോലെ തന്നെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്ത് പലകുറി വന്നിട്ടുള്ള പാര്‍ട്ടിയുമാണ് സിപിഎം. ആ സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ (ആത്മാര്‍ത്ഥമാണെങ്കില്‍) അവ മറ്റുള്ള പാര്‍ട്ടികള്‍ക്കും മാതൃകയാക്കാവുന്നതാണ്. കൊലപാതകരാഷ്ട്രീയം നിങ്ങളെ എവിടെയുമെത്തിക്കില്ല. മറിച്ച് ആശയപരമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണ് എങ്കില്‍ അണികളുടെ വീടുകളിലുള്ളവര്‍ക്ക് സമാധാനത്തോടെ, ഉറ്റവരേയും ഉടയവരേയും നഷ്ടമാകാതെ, നഷ്ടമാകുമെന്ന ഭീതിയില്ലാതെ കഴിയാനാവും.  കുഞ്ഞുങ്ങള്‍ക്കും ഭാര്യമാര്‍ക്കും അമ്മമാര്‍ക്കും അച്ചന്‍മാര്‍ക്കും മുന്നില്‍ അവരുടെ  മക്കളുടെ ചോര ചീറ്റുന്നത് കണ്ട് മനോനില തെറ്റാതെ സമാധാനത്തോടെ കഴിയാനാവും. അത്തരമൊരു കുടുംബത്തിനും കൂടി ജീവിക്കാന്‍ വേണ്ടിയാണ് നമ്മുടെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യമെന്നത് വാങ്ങി നല്‍കിയത്. മറക്കാതിരിക്കുക,  ജീവിക്കാനുള്ള മൗലികാവകാശം എല്ലാവര്‍ക്കും ഒരുപോലെയാണ്. ഇന്ന് സന്ദീപിന്റേയും രഞ്ജിത്തിന്റേയും ഷാനിന്റേയും വീട്ടില്‍ ഉയര്‍ന്ന നിലവിളി അത് നാളെ നിങ്ങളുടെ വീട്ടിലും ഉയരാം. അവരുടെ കുഞ്ഞുങ്ങളെ പോലെ, ഭാര്യയേയും അമ്മയേയും പോലെ നിങ്ങളുടെ മക്കളും അമ്മയും ഭാര്യയുമെല്ലാം ജീവശ്ചമായി പിന്നീടുള്ള നാളുകള്‍ തള്ളി നീക്കേണ്ടിവന്നേക്കാം, അതിക്രൂരമാണ് ആ അവസ്ഥ. അതിന് ഇടവരുത്താതിരിക്കാം. കഠാരകളല്ല, തുറന്ന ചര്‍ച്ചയ്ക്കും സഹജീവികളെ സ്‌നേഹിക്കാനുമുള്ള മനസാണ് ഏറ്റവും വലിയ ആയുധം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular