Saturday, May 4, 2024
HomeKeralaവൈസ് ചാന്‍സിലര്‍ നിയമനം മന്ത്രി ബിന്ദുവിനെതിരേ സിപിഐ ്കത്തെഴുതിയത് തെറ്റ്

വൈസ് ചാന്‍സിലര്‍ നിയമനം മന്ത്രി ബിന്ദുവിനെതിരേ സിപിഐ ്കത്തെഴുതിയത് തെറ്റ്

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കത്തയച്ചതിന് എതിരെ സിപിഐ  ശക്തമായി രംഗത്ത്.    കാനം രാജേന്ദ്രന്‍ ഈ വിഷയത്തില്‍  പ്രതികരിച്ചതിനു പിന്നാലെ സിപിഐ നേതാക്കള്‍ രണ്ടും കല്പിച്ചു രംഗത്തു വന്നിരിക്കുകയാണ്.    മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനില്‍ കുമാര്‍. മന്ത്രി ആര്‍ ബിന്ദുവിന്റെ നടപടി സാങ്കേതികമായി ശരിയല്ല. ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ കൂട്ടിയത് അംഗീകരിക്കാനാകില്ലെന്നും സുനില്‍ കുമാര്‍ ് പറഞ്ഞു.

”മന്ത്രി ബിന്ദു ചാന്‍സിലര്‍ക്ക് കത്ത് എഴുതിക്കൂടാ എന്നൊന്നുമില്ല. പക്ഷേ, അതിന്റെ സാങ്കേതികത്വത്തെക്കുറിച്ച് നമുക്ക് തര്‍ക്കിക്കാം. ഗവര്‍ണര്‍ ഉണ്ടാക്കിവയ്ക്കുന്ന വിഷയങ്ങള്‍ വച്ച് നോക്കുമ്പോള്‍ ടീച്ചറെഴുതിയ കത്ത് വലിയ വിവാദമാക്കേണ്ട കാര്യമില്ല. പക്ഷേ, ഇങ്ങനെ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതാമോ എന്ന കാര്യത്തിലെ ആശയക്കുഴപ്പമാണ് സിപിഐ ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. എല്ലാറ്റിനും നടപടിക്രമങ്ങളുണ്ട്. ഭരണഘടനാസ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം തികച്ചും നിയമപരവും എല്ലാ തരത്തിലും അതിന്റെ കീഴ്‌വഴക്കങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം ചെയ്യേണ്ട കാര്യമാണ്”, വി എസ് സുനില്‍ കുമാര്‍ പറയുന്നു.

ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ കൂട്ടിയതിനെതിരെയും രൂക്ഷവിമര്‍ശനവുമായി വി എസ് സുനില്‍കുമാര്‍ രംഗത്തെത്തി. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 18 പേരെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത് വലിയ വിവാദമായിരുന്നു.
”അത്രയ്ക്ക് ആളുകള്‍ എന്തായാലും ആവശ്യമില്ലെന്ന നിലപാടില്‍ത്തന്നെയാണ് സിപിഐ. മന്ത്രിമാര്‍ക്ക് തുല്യമായ രീതിയില്‍ത്തന്നെ ചീഫ് വിപ്പിന് പേഴ്‌സണല്‍ സ്റ്റാഫ് വേണമെന്ന് പറയുന്നത് തീര്‍ത്തും അനാവശ്യമായ കാര്യമാണ്. അതാത് പാര്‍ട്ടികളും സര്‍ക്കാരുമൊക്കെ തീരുമാനിച്ച കാര്യമാണല്ലോ. എന്നോട് ചോദിച്ചാല്‍ ഞാന്‍ അഭിപ്രായം പറയുന്നുവെന്ന് മാത്രം. അത് തിരുത്തണമെന്നൊന്നും ഞാന്‍ പറയുന്നില്ല. കഴിഞ്ഞ തവണ രാജനെ ചീഫ് വിപ്പാക്കുമ്പോള്‍ സിപിഐയ്ക്കും വേണമെങ്കില്‍ ഇത്രയധികം പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ വയ്ക്കാവുന്നതായിരുന്നു. അത്തരം നിലപാട് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിയല്ല സിപിഐ. അത്തരം നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് ഇത് ആലോചിക്കേണ്ടത്”, സുനില്‍ കുമാര്‍ പറയുന്നു.

ഇരുപത്തിമൂവായിരം മുതല്‍ ഒരു ലക്ഷം വരെയാണ് പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം. ഇതോടെ ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ചീഫ് വിപ്പായിരുന്ന പി സി ജോര്‍ജിന് മുപ്പത് പേഴ്‌സണല്‍ സ്റ്റാഫുമാരെ അനുവദിച്ചതിനെ രൂക്ഷമായി എല്‍ഡിഎഫ് വിമര്‍ശിച്ചിരുന്നതാണ്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് വീണ്ടും പേഴ്‌സണല്‍ സ്റ്റാഫ് നിയമനം. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴു പേരെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഡ്രൈവറും പേഴ്‌സണല്‍ അസിസ്റ്റന്റും അടക്കമാണ് അനുവദിച്ചത്. ഇത് കൂടാതെയാണ് 18 പേരെ കൂടി ഉള്‍പ്പെടുത്തി പുതിയ ഉത്തരവ്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടിയിലുള്ളത്. ഇതില്‍ നാല് പേര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിവരാണ്. നിയമസഭയിലാണ് ചീപ് വിപ്പിന്റെ ഓഫീസ്. സഭ സമ്മേളിക്കുന്ന സമയത്ത് നിര്‍ണായക വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക മാത്രമാണ് ചീഫ് വിപ്പിനുള്ള ജോലി. 99 അംഗങ്ങളുള്ള ഭരണപക്ഷത്തിന് നിയമസഭയില്‍ ബില്ലുകളുടെ വോട്ടെടുപ്പില്‍ നിര്‍ണായക ഭൂരിപക്ഷമുള്ളതിനാല്‍ വിപ്പിന്റെ ആവശ്യവുമില്ല. ദൈനംദിനമുള്ള പ്രത്യേക ചുമതലകളൊന്നും ചീഫ് വിപ്പിനില്ലെന്നിരിക്കെയാണ് ഇത്രയും സ്റ്റാഫുകളെ ഉള്‍പ്പെടുത്തുന്നത്.

മാത്യുപോള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular