Sunday, May 5, 2024
HomeKeralaവന്‍കിട വികസന-ക്ഷേമ പദ്ധതികള്‍ മുന്‍ഗണന നിശ്ചയിച്ചു സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാരിനു സിപിഎം നിര്‍ദേശം

വന്‍കിട വികസന-ക്ഷേമ പദ്ധതികള്‍ മുന്‍ഗണന നിശ്ചയിച്ചു സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാരിനു സിപിഎം നിര്‍ദേശം

കൊല്ലം ∙ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉള്‍പ്പെടെ വന്‍കിട വികസന-ക്ഷേമ പദ്ധതികള്‍ മുന്‍ഗണന നിശ്ചയിച്ചു സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാരിനു സിപിഎം നിര്‍ദേശം.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഉള്‍പ്പെടെ രാഷ്ട്രീയ താല്‍പര്യത്തോടെ ഉയരുന്ന എതിര്‍പ്പുകളെ പ്രതിരോധിക്കണമെന്നും പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്തണമെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖ ആവശ്യപ്പെടുന്നു.

ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടമാകുകയും മറ്റു സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്തതിനാല്‍ കേരളത്തിലെ തുടര്‍ഭരണത്തിന്റെ പശ്ചാത്തലത്തില്‍ നയരേഖയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു പ്രധാനമാണെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. നയരേഖ പറയുന്നത് ഇങ്ങനെ:

∙ കെ- ഫോണ്‍ പദ്ധതി ഇ ഗവേണന്‍സ് പ്രായോഗികമാക്കുന്നതിനു പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ഒഴിവാക്കണം.

∙ സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്റെ വികസനത്തിനു പ്രധാനമാണെന്നു കണ്ടു നടപ്പാക്കുന്നതിനു കഴിയണം. ജനങ്ങളുടെ തെറ്റിദ്ധാരണ ദൂരീകരിക്കാനും നഷ്ടം പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കാനാവണം.

∙ റോഡ് വികസന പദ്ധതികളും ശബരിമല വിമാനത്താവളം പോലുള്ള പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനാവണം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി റോഡ് നിര്‍മാണ പദ്ധതികള്‍ നടപ്പാക്കുന്നതിനു ശ്രദ്ധിക്കണം.

∙ 25 ലക്ഷം പേര്‍ക്കു പുതുതായി തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിനു പ്രത്യേക ശ്രദ്ധ വേണം. പ്രധാനമായും കെ-ഡിസ്ക് വഴിയാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഓരോ വകുപ്പും സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളെക്കുറിച്ചു കണക്കുകള്‍ ക്രോഡീകരിച്ചു സൂക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും സംവിധാനം ഉണ്ടാക്കണം.

∙ സ്മാര്‍ട് കിച്ചണ്‍, വീട്ടമ്മമാര്‍ക്കു പെന്‍ഷന്‍ പദ്ധതി എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനു നടപടിയെടുക്കണം. ഓരോ വകുപ്പിലെയും പ്രധാന പദ്ധതികള്‍ ഏതെന്നു നിശ്ചയിക്കുകയും മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കുന്നതിനു നടപടി സ്വീകരിക്കുകയും വേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular