Sunday, May 5, 2024
HomeKeralaപ്രോസ്തെറ്റിക് ഓര്‍ത്തോട്ടിക് ടെക്നീഷ്യന്‍മാര്‍ക്ക് ക്ഷാമം; ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്‍റര്‍ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

പ്രോസ്തെറ്റിക് ഓര്‍ത്തോട്ടിക് ടെക്നീഷ്യന്‍മാര്‍ക്ക് ക്ഷാമം; ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്‍റര്‍ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

തിരുവനന്തപുരം: പ്രോസ്തെറ്റിക് ഓര്‍ത്തോട്ടിക് ടെക്നീഷ്യന്‍മാരുടെ ക്ഷാമം കാരണം സംസ്ഥാനത്തെ ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്‍ററുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.

ജന്മനാലോ അല്ലാതെയോ സംഭവിക്കുന്ന വൈകല്യങ്ങള്‍ കുറക്കാന്‍ സഹായകമാകുന്ന ഉപകരണങ്ങള്‍ നല്‍കുന്ന സെന്‍ററുകളാണ് ടെക്നീഷ്യന്‍മാരില്ലാതെ പ്രതിസന്ധിയിലായത്.

ഇതോടെ, മെഡിക്കല്‍ കോളജുകള്‍ക്ക് കീഴിലെ ഈ സെന്‍ററുകളില്‍ കൃത്രിമ ഉപകരണങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ പ്രതീക്ഷ നീളുകയാണ്. ഉപകരണങ്ങള്‍ നിര്‍മിക്കുന്നതും ഘടിപ്പിക്കുന്നതും ആവശ്യമായ പരിശീലനം നല്‍കുന്നതും ടെക്നീഷ്യന്‍മാരാണ്. എന്നാല്‍, അംഗീകൃത കോഴ്സുകള്‍ കേരളത്തില്‍ വിരളമായതിനാല്‍ ടെക്നീഷ്യന്‍മാരുടെ വലിയ കുറവാണുണ്ടായത്.

റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ബാച്ചിലര്‍ ഇന്‍ പ്രോസ്തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക്സ് കോഴ്സ് കഴിഞ്ഞവരോ ഡിപ്ലോമ ഇന്‍ പ്രോസ്തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക്സ് കോഴ്സ് കഴിഞ്ഞ് ഒരുവര്‍ഷം പ്രവൃത്തിപരിചയമുള്ളവരോ ആണ് ഈ തസ്തികകളില്‍ ജോലി ചെയ്യേണ്ടത്. മുന്‍കാലങ്ങളില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സും രണ്ടര വര്‍ഷ ഡിപ്ലോമ കോഴ്സുമുണ്ടായിരുന്നത് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പിന്‍വലിച്ചു. ആധികാരികതയുള്ള പഠനം നാലര വര്‍ഷത്തെ ബാച്ചിലര്‍ ഇന്‍ പ്രോസ്തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക്സ് കോഴ്സ് ആയാണ് കൗണ്‍സില്‍ അംഗീകരിച്ചിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഈ കോഴ്സ് ഇല്ല.

കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തിയിരുന്നതും ഇപ്പോഴില്ല. കോട്ടയം മെഡിക്കല്‍ കോളജ് ബി.പി.ഒ കോഴ്സ് തുടങ്ങാന്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം തേടിയിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്‍ററുകളുള്ളത്. ഇവിടെയെല്ലാം ജീവനക്കാരുടെ വലിയ കുറവാണ്. എല്ലാ സൗകര്യവുമുള്ള തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പി.എസ്.സി നിയമനം നടക്കാത്തതിനാല്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular