Wednesday, May 1, 2024
HomeKeralaഅതിരൂപതയില്‍ ഭിന്നത, വികാരിയെ പുറത്താക്കണമെന്ന് മുറവിളി; കര്‍ദിനാളിനെ ബഹിഷ്‌കരിക്കും

അതിരൂപതയില്‍ ഭിന്നത, വികാരിയെ പുറത്താക്കണമെന്ന് മുറവിളി; കര്‍ദിനാളിനെ ബഹിഷ്‌കരിക്കും

കൊച്ചി: എറണാകുളത്തെ ‘സായുധ’ ഓശാനയ്ക്ക് പിന്നാലെ എറണാകുളം അങ്കമാലി അതിരൂപതയില്‍ വൈദികര്‍ക്കിടയില്‍ ഭിന്നത. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കത്തീഡ്രല്‍ ബസിലിക്കയില്‍ കുര്‍ബാന ചൊല്ലാന്‍ അനുവദിച്ച വികാരി ഫാ. ആന്റണി നരികുളത്തിനെതിരെ വലിയ വിഭാഗം വൈദികര്‍ രംഗത്തെത്തി. എന്നാല്‍ ഒരുപറ്റം വൈദികര്‍ നരികുളം കൊടുത്ത ഷോക്കില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല. അതിരൂപതയുടെ ആത്മീയാചാര്യനായി വിശ്വാസികള്‍ നെഞ്ചിലേറ്റുന്നതും ജനാഭിമുഖ കുര്‍ബാനയുടെ ഉപജ്ഞാതവുമായിരുന്ന കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ബസിലിക്കയില്‍ സായുധ പോലീസ് കയറിയതും അള്‍ത്താര അഭിമുഖ കുര്‍ബാന അര്‍പ്പിച്ചതും ഇടവക വിശ്വാസികളില്‍ കടുത്ത അമര്‍ഷവും അപമാനവുമായി ഉണ്ടാക്കിയിരിക്കുന്നത്.

അതിരൂപതയില്‍ വൈദികരും വിശ്വാസികളും ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഫാ. നരികുളത്തിനെതിരായ ചീത്തവിളി കൊണ്ട് നിറയുകയാണ്. ഫാ. നരികുളം അതിരൂപതയോട് മാപ്പ് പറഞ്ഞ് സ്ഥാനത്യാഗം ചെയ്യണമെന്നും അതിനു തയ്യാറായില്ലെങ്കില്‍ കൂരിയ അദ്ദേഹത്തെ പുറത്താക്കണമെന്നുമാണ് വിശ്വാസികളുടെ ആവശ്യം. ഈ നാടകത്തിന് ആലഞ്ചേരിയെ അനുവദിക്കുകയും ഒപ്പം ചേര്‍ന്ന് ആള്‍ത്താര കുര്‍ബാന അര്‍പ്പിക്കുകയും ചെയ്ത ലിറ്റര്‍ജി വിദഗ്ധന്‍ കൂടിയായ മോണ്‍. ആന്റണി നരികുളം ഇടവകയെ മാത്രമല്ല, അതിരൂപതയെ ഒന്നടങ്കം വഞ്ചിച്ചുവെന്നാണ് വിശ്വാസികളുടെ അമര്‍ഷം. മുന്‍പിരുന്ന വികാരിക്ക് ആലഞ്ചേരിയെ തടയാന്‍ പറ്റിയെങ്കില്‍ പ്രതാപിയും ലിറ്റര്‍ജി വിദഗ്ധനുമായ ഇദ്ദേഹം ആലഞ്ചേരിക്ക് അനുകൂലമായി നിന്നത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണെന്ന് വിശ്വാസികള്‍ പറയുന്നു.

ആന്റണി കരിയില്‍ മെത്രാപ്പോലീത്തയ്‌ക്കൊപ്പം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നില്‍ പോയിരുന്ന് ഒരു മണിക്കൂറോളം ജനാഭിമുഖ കുര്‍ബാനയ്ക്ക് വേണ്ടി വാദിക്കുകയും രൂപതയ്ക്ക് ഇളവ് വാങ്ങിത്തരികയും ചെയ്ത ഫാ.നരികുളം നിലപാട് മാറ്റത്തിലുടെ യഥാര്‍ത്ഥത്തില്‍ ഒരു ഇടവക സമൂഹത്തെ മാത്രമല്ല, ഫ്രാന്‍സിസ് മാര്‍പാപ്പയേയും അതിരൂപതയേയും 500ലേറെ വരുന്ന സഹവൈദികരേയും പതിനായിരത്തിലേറെ വരുന്ന സന്യസ്തരേയും അഞ്ചര ലക്ഷത്തോളം വിശ്വാസികളെയും ഒറ്റയടിക്ക് വഞ്ചിച്ചു. തനിക്ക് എന്തെങ്കിലും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയാണോ അതോ തന്റെ സഹോദരനായ ബിഷപ്പിന് ഉന്നതമായ മറ്റേതെങ്കിലും പദവി കിട്ടുന്നതിനു വേണ്ടിയാണോ അതിരൂപതയെ വഞ്ചിച്ചതെന്നാണ് വിശ്വാസികളുടെ ചോദ്യം.

അതിനിടെ, വിശുദ്ധവാരത്തിലെ വരുംനാളുകളിലും ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ വരുമെന്ന് കർദിനാൾ  അറിയിച്ചതായാണ് വിവരം.   വന്നാല്‍ താന്‍ ബസിലിക്കയില്‍ നിന്ന് മാറിനിന്ന് പ്രതിഷേധിക്കുമെന്നാണ് ഫാ. നരികുളത്തിന്റെ നിലപാട്. ഓശാന കുര്‍ബാന കഴിഞ്ഞയുടന്‍ ഇനി മുതല്‍ ഈ പള്ളിയില്‍ ജനാഭിമുഖ കുര്‍ബാനയെ നടക്കൂവെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ വീണ്ടും നിലപാട് മാറ്റിയത്. കര്ദിനാളുമായി  ഫാ.നരികുളത്ത് പണ്ടുമുതലേ അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തെ ബസിലിക്കയുടെ ഭരണം ഏല്പിക്കരുതെന്നും ഒരുപറ്റം വിശ്വാസികള്‍ വൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

ഭൂമി കുംഭകോണം പുറത്തുവരാന്‍ കാരണക്കാരനായ അന്നത്തെ പെരുമ്പാവൂര്‍ വികാരിയെ  പള്ളിയില്‍ നിന്നും നാടുകടത്താന്‍ മുന്നില്‍ നിന്നത് ഫാ.നരികുളമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. പകരം പെരുമ്പാവൂര്‍ പള്ളിയില്‍ നിയമിച്ചത് ഭൂമി കേസില്‍ ആലഞ്ചേരിയുടെ കൂട്ടുപ്രതിയായ ഫാ.ജോഷി പുതുവയേയുമായിരുന്നു.

പാറേക്കാട്ടില്‍ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ബസിലിക്കയില്‍ അള്‍ത്താര അഭിമുഖ കുര്‍ബാന അര്‍പ്പിച്ചതില്‍ ഇടവക സമൂഹം വലിയ പ്രതിഷേധത്തിലാണ്. ഓശാന നാളില്‍ പോലീസിനെ ഭയന്ന് പള്ളിയില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോകാന്‍ പേടിച്ച സമൂഹം ആലഞ്ചേരി ഇനി പള്ളിയില്‍ വന്നാല്‍ കുര്‍ബാന ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിശുദ്ധവാരത്തില്‍ മറ്റെതെങ്കിലും പള്ളിയില്‍ പോയ ജനാഭിമുഖ കുര്‍ബാനയില്‍ പങ്കെടുക്കുമെന്നും ഇവര്‍ പറയുന്നു.

ആലഞ്ചേരിയെ തടയാനുള്ള കെല്പില്ലെങ്കില്‍ ഫാ.നരികുളത്തിന് കുര്‍ബാനയില്‍ നിന്ന് വിട്ടുനില്‍ക്കാമായിരുന്നു. ആന്റണി കരിയില്‍ ബിഷപ് ചെയ്തപോലെ അതിരൂപതയുടെ പ്രതിഷേധം അങ്ങനെ പ്രകടിപ്പിക്കാമായിരുന്നുവെന്നാണ് ഇടവക സമൂഹത്തിന്റെ പ്രതികരണം. അതിനുപകരം പള്ളിമുറ്റത്ത് കാറിലെത്തിയ മാര്‍ ആലഞ്ചേരിയെ പോയി  സ്വീകരിക്കുകയും പള്ളിമേടയില്‍ കൊണ്ടുപോയി സത്കരിക്കുകയും ചെയ്തത് അങ്ങേയറ്റം വഞ്ചാനാപരവും ഇടവക സമൂഹത്തോടുള്ള അവഹേളനവുമാണെന്ന് അവര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular