Friday, May 10, 2024
HomeUSAമക്രോമിന്റെ വിജയത്തിനപ്പുറം കാണുന്ന അപകട സാധ്യത

മക്രോമിന്റെ വിജയത്തിനപ്പുറം കാണുന്ന അപകട സാധ്യത

ഉജ്വലമായ വിജയമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോം (44) രണ്ടാം തെരഞ്ഞെടുപ്പിൽ നേടിയതെന്നു നിസംശയം പറയാം. തീവ്ര വലതുപക്ഷ സ്ഥാനാർഥി മരിയാൻ ലെ പെന്നിനെ അദ്ദേഹം ഞായറാഴ്ച്ച തോൽപിച്ചത് 17.2% വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. മക്രോം 58.6% വോട്ട് നേടിയപ്പോൾ ലെ പെന്നിനു കിട്ടിയത് 41.4%.

പക്ഷെ വംശ വിദ്വേഷത്തിന്റെയും അമിത ദേശീയതയുടെയും വക്താവായ ലെ പെൻ അത്രയും വോട്ട് നേടി എന്നതാണ് അപകടം. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളുടെ ചരിത്രം നീക്കിയാൽ വലതുപക്ഷ തീവ്രവാദികൾ 40 ശതമാനത്തിലേറെ വോട്ട് നേടുന്നത് ഇതാദ്യമാണെന്നു കാണാം.

മരിയാൻ ലെ പെന്നിന്റെ പിതാവും നാഷനൽ റാലി (ആർ എൻ) പാർട്ടിയുടെ സ്ഥാപകനുമായ ജീൻ മാരി ലെ പെൻ 2002 ൽ ജാക്വസ് ഷിറാക്കിനോടു മത്സരിച്ചപ്പോൾ നേടിയത് വെറും 20% വോട്ട് ആയിരുന്നു. 2017 ൽ മരിയാൻ ലെ പെൻ മക്രോമിനെതിരെ 34 ശതമാനമാണ് നേടിയത്. മക്രോമിന് അന്ന്  66% ലഭിച്ചെങ്കിലും 15 വര്ഷം കൊണ്ട് ഫാസിസിസ്റ് പ്രസ്ഥാനം നേടിയ വളർച്ച അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു.

കാലങ്ങളുടെ മാറ്റമാണ് അതിനൊരു കാരണം. ഇസ്‌ലാമിക തീവ്രവാദത്തിനു ഫ്രാൻസിന്റെ മണ്ണിലും വളർച്ചയുണ്ടായി എന്ന സത്യം ബാക്കി നിൽക്കെ, അനുകൂല കാലാവസ്ഥയുണ്ടെന്ന ലെ പെന്നിന്റെ വിലയിരുത്തൽ തെറ്റിയില്ല എന്ന് കാണാം. അഞ്ചു വർഷത്തെ മക്രോം ഭരണത്തിന്റെ വീഴ്ച്ചകളിലുള്ള ജനത്തിന്റെ അസംതൃപ്തി മാഞ്ഞുപോയിട്ടില്ല എന്നതും വ്യക്തം — 28.2% വോട്ടർമാർ മാറി നിന്നു. വിജയം ആഘോഷിക്കുമ്പോൾ മക്രോം പറഞ്ഞ വാക്കുകളിൽ തന്നെ ആ സത്യം സ്വീകരിച്ചിട്ടുണ്ട്.

പ്രസിഡന്റ് പറഞ്ഞു: “ഈ രാജ്യത്തു പലരും എനിക്ക് വോട്ട് ചെയ്‌തത്‌ എന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്നത് കൊണ്ടല്ല. വലതു തീവ്രവാദികളെ അകറ്റി നിർത്താനാണ്. ഞാൻ അവർക്കു നന്ദി പറയുന്നു. വരും വർഷങ്ങളിൽ അവരോടു ഞാൻ കടപ്പെട്ടവനാണ് എന്നും അറിയുന്നു.”

വലതു തീവ്രവാദി പാർട്ടിക്ക് വോട്ടു ചെയ്തവരുടെ രോഷവും അഭിപ്രായ ഭിന്നതയും കണക്കിലെടുക്കുമെന്നു അദ്ദേഹം പറഞ്ഞു. “ഞാൻ എല്ലാവരുടെയും പ്രസിഡന്റ് ആയിരിക്കും.”

വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലാണ് ലെ പെന്നിനു ഇപ്പോൾ കണ്ണ്. ജൂണിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിന് തുടക്കം കുറിക്കയാണ് എന്നു ലെ പെൻ (53) പറഞ്ഞത് വെറുതെയല്ല. ഞായറാഴ്ച്ച തോൽവി സമ്മതിക്കുമ്പോഴും അവർ പറഞ്ഞത് “നമ്മൾ പക്ഷെ ജയിച്ചു” എന്നാണ്. “നമ്മൾ ഉന്നയിക്കുന്ന ആശയങ്ങൾ ജയം നേടുകയാണ്.”

പാർലമെന്റിൽ തന്റെ പാർട്ടി യഥാർത്ഥ പ്രതിപക്ഷമാവും എന്ന് അവർ ഉറപ്പു നൽകി. കുടിയേറ്റത്തെയും ഇ യുവിനെയും എതിർത്തും വിലക്കയറ്റം തുടങ്ങിയ ജനപ്രിയ വിഷയങ്ങൾ എടുത്തു പിടിച്ചും കടുത്ത പോരാട്ടം നടത്തും അവർ.

പാർലമെന്റിൽ ഭൂരിപക്ഷം നേടിയാൽ മാത്രമേ മക്രോമിനു ഭരണം സുഗമമാവൂ. അല്ലെങ്കിൽ നിയമമാറ്റങ്ങൾക്കു ജനഹിത പരിശോധന നടത്തേണ്ട ഗതികേട് വരെ ഉണ്ടാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular