Thursday, September 23, 2021
HomeKerala'മനസ്സിലുള്ളത് നല്ല ക്രിസ്ത്യന്‍ നേതാക്കളുടെ മുഖങ്ങള്‍, സൗഹാര്‍ദം തകരുന്നതില്‍ ദുഖം'

‘മനസ്സിലുള്ളത് നല്ല ക്രിസ്ത്യന്‍ നേതാക്കളുടെ മുഖങ്ങള്‍, സൗഹാര്‍ദം തകരുന്നതില്‍ ദുഖം’

കോഴിക്കോട്: ക്രൈസ്തവ മതനേതാക്കള്‍ സ്‌നേഹസ്വരൂപരും ദയാലുക്കളുമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ചെറുപ്പം മുതലേ അത്തരം ഗുണങ്ങളുള്ള സഭാ നേതാക്കന്‍മാരെയാണ് ഓര്‍മ്മയുള്ളത്. മറ്റ് മത നേതാക്കന്‍മാരുമായി കാരുണ്യവും ബഹുമാനവും കൈമാറുന്ന ചിത്രങ്ങളാണ് മനസ്സിലുള്ളതെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗം വിവാദമായിരിക്കെയാണ് മുനവ്വറലി ശിഹാബ് തങ്ങളുടെ കുറിപ്പ്.

ശുഭകരമല്ലാത്ത സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ എന്നും ശ്രമിച്ച ഒരു പിതാവിന്റെ മകന്‍ എന്ന നിലയില്‍ ഏറെ ദുഃഖമുണ്ടെന്നും തങ്ങള്‍ പറയുന്നു. അനാവശ്യ തര്‍ക്കങ്ങളും സംശയങ്ങളും ഇന്നലെ വരെയുള്ള സാമൂഹിക പുരോഗതിയെ ഇല്ലാതാക്കുന്നു. സ്വശരീരത്തിന്റെ തിന്‍മകള്‍ക്കെതിരെയുള്ള പോരാട്ടമാണ് ജിഹാദ്. പദത്തിലെ സാങ്കേതിക അര്‍ത്ഥം മാത്രമെടുത്ത് ഉപയോഗിക്കുന്നത് കാര്യങ്ങളെ സങ്കീര്‍ണ്ണമാക്കും. സങ്കര്‍ഷമുണ്ടാവുമ്പോള്‍ സ്‌നേഹം കൊണ്ട് ശുശ്രൂഷ നല്‍കുന്നവരാണ് സഭാ പിതാക്കന്‍മാര്‍. അപരവത്കരണത്തിന്റെ പ്രയോക്താക്കളായി ചരിത്രം ആരെയും രേഖപ്പെടുത്താതിരിക്കട്ടെയെന്നും മുനവ്വറലി തങ്ങള്‍ പറയുന്നു.

ശുഭകരമല്ലാത്ത ഒരു സാമൂഹിക സാഹചര്യത്തിലൂടെ നാം കടന്ന് പോകുന്നത് വ്യക്തിപരമായ വലിയ വേദനകളിലൊന്നായി തീരുന്നു. സാമൂഹിക സൗഹാര്‍ദ്ദം പ്രാര്‍ത്ഥനയും പ്രവര്‍ത്തിയുമാക്കിയ ഒരു പിതാവിന്റെ മകനെന്ന നിലയില്‍ ഈ വിഷമസന്ധിയെ ഏറെ ദുഃഖത്തോടെയാണ് നോക്കി കാണുന്നത്.

പ്രകൃതി ദുരന്തങ്ങളിലും പകര്‍ച്ചാവ്യാധിയിലും മറ്റെല്ലാത്തിനുമപ്പുറത്ത് കേരളീയര്‍ എന്ന ചേര്‍ത്തുപിടിക്കലായിരുന്നു നമ്മുടെ ഊര്‍ജ്ജം. പ്രയാസപ്പെടുന്ന സഹോദരങ്ങളെ ഓര്‍ത്തായിരുന്നു നമ്മുടെ ആധി. സ്വന്തം വിശ്വാസങ്ങളും അനുഷ്ഠാനവും വിശ്വാസരാഹിത്യവും രാഷ്ട്രീയവും അരാഷ്ട്രീയവുമൊക്കെ നമുക്കിടയില്‍ നില നില്‍ക്കുമ്പോഴും നമ്മളൊന്ന് എന്നതായിരുന്നു എന്നും നമ്മുടെ ശക്തി. ഇവിടെ കേരളീയര്‍ക്കൊരിക്കലും മറ്റ് താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നില്ല.

അകല്‍ച്ചയുടെ സാമൂഹിക തടവറകള്‍ സ്വയം തീര്‍ക്കുന്ന ഒരു സമൂഹമായി നമുക്കെങ്ങനെയാണ് മുന്നോട്ട് ചലിക്കാനാവുക.. അവിശ്വാസത്തിന്റെ പരികല്പനകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന് പൊങ്ങുമ്പോള്‍ അത് അനാവശ്യ തര്‍ക്കങ്ങളായി,സംശയങ്ങളായി നാം ഇന്നുവരെ ശീലിച്ച സാമൂഹിക സഹജീവനത്തെയും പുരോഗതിയേയും സങ്കീര്‍ണ്ണമാക്കുന്നു. മുഴുവന്‍ മതനേതാക്കളും മതമേലദ്ധ്യക്ഷന്മാരും വിശ്വാസി സമൂഹങ്ങളും പരസ്പരം സ്‌നേഹവും കാരുണ്യവും ബഹുമാനവും കൈമാറുന്ന ചിത്രങ്ങളാണ് ഇപ്പോഴെന്ന പോലെ ഇനിയുമുണ്ടാകേണ്ടത്.

കുഞ്ഞുനാള്‍ തൊട്ട് കണ്ടും കേട്ടും വായിച്ചുമറിഞ്ഞ ക്രൈസ്തവ പുരോഹിതരും സഭാ പിതാക്കന്മാരുമൊക്കെ അന്നുമിന്നും സ്‌നേഹ സ്വരൂപരായ, ദീനാനുകമ്പയുടെ പ്രതിരൂപങ്ങളായാണ് മനസ്സില്‍ തെളിഞ്ഞിട്ടുള്ളത്. സ്‌നേഹ വായ്പിന്റെയും ആദരവിന്റെയും ഓര്‍മ്മകള്‍ മാത്രമാണ് പരസ്പരമുള്ളത്.

സ്വ:ശരീരത്തിന്റെ തിന്മ- പ്രവണതകള്‍ക്കെതിരെയുള്ള പോരാട്ടമാണ് ജിഹാദ്. ആ അര്‍ത്ഥത്തിലാണ് ജിഹാദ് വായിക്കപ്പെടേണ്ടത്. അന്തര്‍ദേശീയ രാഷ്ട്രീയവും വെസ്റ്റ് ഫാലിയന്‍ എഗ്രിമെന്റും നിലവില്‍ വരുന്നതിന് മുമ്പ് സ്വീകരിക്കപ്പെട്ടിരുന്ന പദങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ വായിക്കപ്പെടാതിരിക്കുകയും പരസ്പര വിശ്വാസ രാഹിത്യത്തിന് അത് കാരണമാവുകയും ചെയ്യുന്ന മൗലികമായ പ്രചോദനം സങ്കടപ്പെടുത്തുന്നു.

സാങ്കേതികാര്‍ത്ഥത്തില്‍ മാത്രം ചില പദങ്ങളെ സമീപ്പിച്ചു ഒരു സമൂഹത്തെ പൈശാചികവത്കരിക്കുന്ന രീതി നാം അനുഭവിച്ച് കൊണ്ടിരിക്കുന്ന നിര്‍ഭാഗ്യമാണ്. സംഘര്‍ഷഭരിതമായ സാമൂഹിക സാഹചര്യങ്ങള്‍ക്ക് മീതെ ക്രിസ്തുവിന്റെ സ്‌നേഹ ശുശ്രൂശ നല്‍കാന്‍ നിയുക്തരായ മനുഷ്യസ്‌നേഹികളായ സഭാ പിതാക്കള്‍ ഈയൊരു വസ്തുത മറ്റാരേക്കാളും മനസ്സിലാക്കിയവരാണ് എന്നാണ് ബോധ്യം.അപരവത്കരണത്തിന്റെ പ്രയോക്താക്കളെന്ന് ഒരു ചരിത്രവും ആരെയും അടയാളപ്പെടുത്താതിരിക്കാനുള്ള സൂക്ഷ്മത നമ്മില്‍ നിന്നും ഉണ്ടാകട്ടെ..

Alan Paton ന്റെ ‘ Cry the beloved country ‘എന്ന വിഖ്യാത രചന, അസമത്വങ്ങളും കലഹങ്ങളും നിറയുന്ന സമൂഹത്തില്‍ നല്ല ഇടയന്മാരുടെ ദൗത്യവും ക്രിസ്ത്രീയ ആശയങ്ങളുടെ പ്രസക്തിയും പറഞ്ഞു തരുന്നു.

ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യനെന്നും നമ്മെ വേര്‍തിരിച്ച് മനസുകളെ തമ്മില്‍ അകറ്റുന്നവരുടെ താല്‍പര്യത്തെക്കാള്‍ എത്രയോ ദൃഢമാണ് ചേര്‍ന്നു നില്‍ക്കാനുള്ള നമ്മുടെ താല്‍പര്യം. താത്കാലിക നേട്ടങ്ങളല്ല, നിര്‍ണ്ണായക ഘട്ടങ്ങളില്‍ വിശുദ്ധ പാഠങ്ങളെ തമസ്‌കരിച്ചവരായി ചരിത്രം നമ്മെ രേഖപ്പെടുത്താതിരിക്കാനുള്ള സൂക്ഷ്മത മനുഷ്യരെന്ന നിലയില്‍ നമ്മുടെ പ്രഥമ പരിഗണന ആയിത്തീരട്ടെ..

കേരളീയ സമൂഹമെന്ന രീതിയില്‍ നാം ആര്‍ജ്ജിച്ചെടുത്ത വിവേകത്തിന്റെയും ഔചിത്യബോധത്തിന്റെയും മഹത്തായ ദൗത്യം നമുക്ക് നിര്‍വ്വഹിക്കാനുണ്ട്. നമുക്ക് ഇനിയുമേറെ ദൂരം ഒന്നിച്ച് സഞ്ചരിക്കേണം. ഒരുമിച്ചിരിക്കണം.പരസ്പരം കേള്‍ക്കണം. ഒന്നിച്ച് മുന്നേറണം.ഹൃദയം കൊണ്ട് സംസാരിക്കണം.
അതിനായുള്ള പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും നമ്മെ നയിക്കട്ടെ..
സ്‌നേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular