Thursday, May 2, 2024
HomeIndiaക്രിക്കറ്റിനായി താലി പോലും ഉപേക്ഷിച്ചു, നൃത്തവും വേണ്ടെന്ന് വച്ചു; കൊഹ്‌ലിക്ക് മുന്നെ ആ സ്വപ്‌നനേട്ടവും സ്വന്തം...

ക്രിക്കറ്റിനായി താലി പോലും ഉപേക്ഷിച്ചു, നൃത്തവും വേണ്ടെന്ന് വച്ചു; കൊഹ്‌ലിക്ക് മുന്നെ ആ സ്വപ്‌നനേട്ടവും സ്വന്തം പേരില്‍ കുറിച്ച ഇതിഹാസം

വനിതാ ക്രിക്കറ്റിന് ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കിയതില്‍ മുഖ്യ പങ്ക് വഹിച്ച ആളാണ് ഇന്നലെ കളിക്കളത്തോട് വിടചൊല്ലിയ മിഥാലി രാജ് എന്ന 39കാരി.

14-ാം വയസുമുതല്‍ ക്രിക്കറ്റിലേക്ക് ലയിച്ചുചേര്‍ന്ന മിഥാലിയുടെ കളിക്കളത്തിലെ 23 വര്‍ഷങ്ങള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെയും സുവര്‍ണ കാലഘട്ടമായി മാറി.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് (7805) നേടിയ താരമായി മിഥാലിക്കു കീഴില്‍, ഇന്ത്യ 2017ലെ ഏകദിന ലോകകപ്പ് ഫൈനല്‍ വരെയെത്തിയിരുന്നു. 89 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ 2,364 റണ്‍സും 12 ടെസ്റ്റില്‍ 699 റണ്‍സും നേടിയിട്ടുണ്ട്. 232 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ആകെ 10868 അന്താരാഷ്ട്ര റണ്‍സാണ് മിഥാലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

പുരുഷ ക്രിക്കറ്റില്‍ ഓരോ കാലഘട്ടത്തിലും ഓരോ സൂപ്പര്‍ സ്റ്റാറുകളുണ്ടായിരുന്നു. കപില്‍, അസ്ഹര്‍,സച്ചിന്‍,ഗാംഗുലി,ദ്രാവിഡ്,ധോണി,കൊഹ്‌ലി ,രോഹിത്…എന്നിങ്ങനെ കാലം മാറുന്നതിനനുസരിച്ച്‌ ക്രിക്കറ്റ് രാജാക്കന്മാര്‍ മാറിമാറി വന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ റാണിയായി കഴിഞ്ഞ രണ്ട് പതിറ്റാണ്ട് വാണത് ഒരേയൊരാളാണ്,മിഥാലി രാജ്. പഴക്കമേറുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയായിരുന്നു മിഥാലി ദൊരൈ രാജ് എന്ന 39കാരി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ തോറ്റെങ്കിലും ടീമിനെ നയിച്ച മിഥാലി സ്വന്തമാക്കിയത് വനിതാക്രിക്കറ്റിലെ അപൂര്‍വ റെക്കാഡുകളാണ്.

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയും രണ്ടാമത്തെ വനിതയുമായി മിഥാലി ചരിത്രം കുറിച്ചത് ഈ പരമ്ബരയിലാണ്.തൊട്ടുപിന്നാലെ ഏകദിന ക്രിക്കറ്റില്‍ മാത്രമായി 7,000 റണ്‍സ് നേടുന്ന ആദ്യ അന്താരാഷ്ട്ര വനിതാ താരവുമായി. അതിന് ശേഷം ഏകദിനത്തില്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം പതിനാലാമത്തെ അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി അടുത്ത റെക്കാഡിനും ഉടമയായി.ഇന്ത്യന്‍ ക്രിക്കറ്റിലെ വനിതാ ഏകദിന അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ടുകളില്‍ താനും അഞ്ജും ചോപ്രയും ചേര്‍ന്നുണ്ടായിരുന്ന 13 അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ടുകളുടെ റെക്കാഡാണ് മിഥാലി-ഹര്‍മന്‍പ്രീത് സഖ്യം തകര്‍ത്തത്.

1999 ജൂണിലെ ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം കുറിച്ച മിഥാലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെയാണു മൈതാനത്തോടു വിടപറയുന്നത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം. ലോകകപ്പില്‍ ഇന്ത്യയ്ക്കു ഗ്രൂപ്പ് ഘട്ടം കടക്കാനായില്ലെങ്കിലും അവസാന മത്സരത്തില്‍ 84 പന്തില്‍ 68 റണ്‍സെടുത്ത് മിഥാലി തിളങ്ങിയിരുന്നു.

തമിഴ് തുളുവ വെള്ളാള കുടുംബാംഗമാണ് മിഥാലി. അച്ഛന്‍ ദൊരൈ രാജ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായതിനാല്‍ രാജസ്ഥാനിലെ ജോധ്പൂരിലായിരുന്നു ജനനം. കുട്ടിക്കാലത്ത് നൃത്തത്തിലായിരുന്നു താത്പര്യം. ഒന്‍പതാം വയസുമുതല്‍ അത് ക്രിക്കറ്റിന് വഴിമാറി. സ്റ്റേജിലേതിനെക്കാള്‍ സുന്ദരമായ ചുവടുകളുമായി ക്രീസില്‍ നടമാടിത്തുടങ്ങിയ മിഥാലി 1997ല്‍ തന്റെ 14-ാം വയസില്‍ ലോകകപ്പ് ക്രിക്കറ്റ് ടീമിലെത്തി .എന്നാല്‍ അന്ന് ഒറ്റമത്സരത്തില്‍പ്പോലും കളിക്കാനായില്ല. 1999ല്‍ വീണ്ടും ടീമിലിടം നേടിയശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടുമില്ല.

ട്വന്റി-20യില്‍ 2000ല്‍ അധികം റണ്‍സ് പിന്നിട്ട ആദ്യ ഇന്ത്യന്‍ താരമാണു മിഥാലി. കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതുകൊണ്ടാകാം, സാക്ഷാല്‍ വിരാട് കൊഹ്‌ലിക്കു പോലും മുന്‍പേ ഈ നേട്ടത്തിലെത്തി. ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയ ഇന്ത്യന്‍ വനിതാ താരം ഇപ്പോഴും മിഥാലി തന്നെയാണ്.

2018ലെ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിനുള്ള ടീമില്‍ തന്നെ ഉള്‍പ്പെടുത്തിയില്ല എന്ന് ആരോപിച്ച്‌ കോച്ച്‌ രമേഷ് പൊവാര്‍, ക്രിക്കറ്റ് ഭരണസമിതി അംഗം ഡിയാന എഡുല്‍‌ജി എന്നിവര്‍ക്കെതിരെ ബി.സി.സി.ഐക്ക് കത്തയച്ച സംഭവം മാത്രമാണു സുദീര്‍ഘമായ കരിയറിനിടെ വിവാദത്തിലേക്കു വഴിമാറിയത്. ടീം എന്നതിനപ്പുറം വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയാണു മിഥാലി കളിക്കുന്നതെന്നും ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങി കളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിരമിക്കുമെന്നു മിതാലി ഭീഷണിപ്പെടുത്തിയതായും രമേഷ് പൊവാര്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.

2005ലാണ് മിഥാലിക്ക് ഇന്ത്യയെ നയിക്കാന്‍ ആദ്യമായി അവസരം ലഭിച്ചത്. ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അരങ്ങേറിയതും മിതാലിക്കു കീഴിലാണ്. കുട്ടിക്കാലത്ത് ക്രിക്കറ്റിനായി നൃത്തത്തെ ഒഴിവാക്കിയ മിഥാലി മുതിര്‍ന്നപ്പോള്‍ താലി വേണ്ടെന്ന് വച്ചതും ഈ ഗെയിമിന് വേണ്ടിയായിരുന്നു. ഇനിയും “ഹാപ്പിലി സിംഗിള്‍” തുടരാനാണ് ഇഷ്ടമെന്ന് മിഥാലി പറയുന്നു. വനിതാ ക്രിക്കറ്റിനെ പുരുഷ ക്രിക്കറ്റിന് പിന്നില്‍ നിറുത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തിയതും മിഥാലിയാണ്.

കഴിഞ്ഞ വനിതാ ലോകകപ്പിനിടയിലെ മീഡിയ സെഷനില്‍. ‘ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെ’ന്ന ചോദ്യത്തിന് ‘പുരുഷ താരങ്ങളോട് പ്രിയപ്പെട്ട വനിതാ ക്രിക്കറ്റര്‍ ആരെന്നു ചോദിക്കാറുണ്ടോ’യെന്ന മറുചോദ്യമുയര്‍ത്തിയത് ഏറെ ശ്രദ്ധേയമായി. രണ്ടു പതിറ്റാണ്ടിലേറെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരമായി മിഥാലി തുടര്‍ന്നു. പുതുമുഖങ്ങള്‍ ടീമിലെത്തി മിന്നി മറയുമ്ബോളും മിഥാലിയുടെ തിളക്കത്തിന് മങ്ങലേറ്റില്ല.

വനിതാക്രിക്കറ്റിന് ഇന്ന് രാജ്യത്ത് ലഭിക്കുന്ന അംഗീകാരത്തില്‍ മിഥാലിയുടെ പ്രയത്നത്തിനുള്ള പങ്ക് വളരെ വലുതാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് രാജാക്കന്മാര്‍ പലരുണ്ടായിരിക്കാം.പക്ഷേ റാണി ഒന്നേയുള്ളൂ, മിഥാലി…

റെക്കാഡ് രാജ്

ദക്ഷിണാഫ്രിക്കയുമായുള്ള പരമ്ബരയിലെ മൂന്നാം ഏകദിനത്തിലാണ് 10,000 കരിയര്‍ റണ്‍സ് നേടിയ രണ്ടാമത്തെ വനിതാ താരമായി മിതാലി മാറിയത്. മുന്‍ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് എഡ്വേര്‍ഡ്സാണ് രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച ആദ്യ വനിതാ താരം. എന്നാല്‍ ഷാര്‍ലറ്റിന് ഏകദിനത്തില്‍ മാത്രമായി 5992 റണ്‍സാണുള്ളത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ 8,000 റണ്‍സിലധികം നേടിയ ഒരാള്‍ പോലുമില്ല. തന്റെ 213-ാം ഏകദിന മത്സരത്തിലാണ് മിതാലി 7000 റണ്‍സിലെത്തിയത്. അതും 50.64 എന്ന സ്വപ്ന തുല്യമായ ബാറ്റിംഗ് ശരാശരിയില്‍‍.

ട്വന്റി- 20യില്‍ 2364, ടെസ്റ്റില്‍ 663, ഏകദിനത്തില്‍ 7,098 എന്നിങ്ങനെയാണ് കരിയറിലെ റണ്‍ നേട്ടം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയതിന്റെ റെക്കോര്‍ഡും മിതാലിയുടെ പേരിലുണ്ട്.

സബാഷ് മിഥു

മിഥാലി രാജിന്റെ ജീവിതകഥയെ ആസ്പദമാക്കിയ ബോളിവുഡ് സിനിമ സബാഷ് മിഥുവിന്റെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. തപ്സി പന്നുവാണ് മിഥാലിയുടെ വേഷത്തില്‍ തിരശീലയിലെത്തുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമുദ്ര‌യും വരും തലമുറകള്‍ക്ക് ശരിയായ പ്രചോദനവുമാണ് മിഥാലി.

– സുരേഷ് റെയ്ന

രാജ്യമെങ്ങുമുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് മാതൃകയാണ്

മിഥാലി.

– ശിഖര്‍ ധവാന്‍

ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന്റെ പര്യായമാണ് മിഥാലി. ലക്ഷക്കണക്കിന് ആരാധകര്‍ക്ക് പ്രചോദനവും

– ദിനേഷ് കാര്‍ത്തിക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular