Thursday, May 2, 2024
HomeUSAബുൾഡോസർ റാലിയെപ്പറ്റി അന്വേഷണവും നടപടിയും വേണം: പൗരാവകാശ സംഘടനകൾ

ബുൾഡോസർ റാലിയെപ്പറ്റി അന്വേഷണവും നടപടിയും വേണം: പൗരാവകാശ സംഘടനകൾ

ന്യൂ ജേഴ്‌സിയിലെ എഡിസണിൽ ഓഗസ്റ്റ് 14 നു നടന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷ റാലിയെ കുറിച്ച് യു എസ് നീതിന്യായ വകുപ്പും (ഡി ഓ ജെ) ഹോംലാൻഡ് സെക്യൂരിറ്റിയും എഫ് ബി ഐ യും അന്വേഷണം നടത്തണമെന്നു പ്രമുഖ പൗരാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. ഇന്ത്യൻ ബിസിനസ് അസോസിയേഷൻ (ഐ ബി എ), ഓവർസീസ് ഫ്രണ്ട്സ് ഓഫ് ദ ബി ജെ പി എന്നീ സംഘടനകളാണ് ഇന്ത്യയിൽ മുസ്ലിംകളെ പീഡിപ്പിക്കാൻ നിരന്തരം ഉപയോഗിക്കുന്ന ബുൾഡോസർ അണിനിരത്തിയ റാലി നടത്തിയത്.

ബി ജെ പി നേതാവ് സംബിത് പാത്രയുടെ വിസ റദ്ദാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റിനോട് അഭ്യർത്ഥിച്ചു. അറിയപ്പെട്ട വിദ്വേഷ പ്രാസംഗികനായ പാത്ര എഡിസൺ റാലിയിൽ ‘ഗ്രാൻഡ് മാർഷൽ’ ആയി പങ്കെടുത്തിരുന്നു.

ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ (ഐ എ എം സി), കൗൺസിൽ ഓൺ ഇസ്‌ലാമിക് റിലേഷൻസ്-ന്യൂ ജേഴ്‌സി (സി എ ഐ ആർ- എൻ ജെ), അമേരിക്കൻ മുസ്ലിംസ് ഫോർ ഡെമോക്രസി (എ എം ഡി), ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്സ് (എച് എഫ് എച് ആർ) എന്നീ സംഘടനകളാണ് തിങ്കളാഴ്ച എഡിസണിൽ മാധ്യമസമ്മേളനം വിളിച്ചു ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.

യു എസ് അറ്റോണി ജനറൽ, ന്യൂ ജേഴ്‌സി അറ്റോണി ജനറൽ എന്നിവരുടെ ഓഫീസുകളിലെ അഭിഭാഷകരുമായി സംസാരിച്ചെന്നും അവർ അറിയിച്ചു. ഐ ബി എയ്‌ക്ക്‌ എതിരെ എഡിസൺ പൊലീസിൽ പരാതികൾ നൽകി അന്വേഷണം ആവശ്യപ്പെട്ടു.

ഉത്തർ പ്രദേശിലെ ഹിന്ദു തീവ്രവാദി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം വച്ച ബുൾഡോസർ ആണ് റാലിയിൽ ഉണ്ടായിരുന്നത്. അതോടൊപ്പം ഉണ്ടായിരുന്ന പ്ലക്കാർഡിൽ ‘ബാബ ബുൾഡോസർ’ എന്ന് എഴുതിയിരുന്നു. നിയമവിരുദ്ധമായി മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും വീടുകളും കച്ചവട സ്ഥാപനങ്ങളും പള്ളികളും ബുൾഡോസർ ഉപയോഗിച്ചു നിരത്തുന്നതിനെ പരാമർശിച്ചാണ് അത്.

മതിയായ നടപടിക്രമങ്ങളോ കോടതി ഉത്തരവോ ഇല്ലാതെ ഇത്തരം നിരത്തൽ നടത്തുന്നതിനെ ആഗോള മനുഷ്യാവകാശ സംഘടനകൾ അപലപിച്ചിട്ടുണ്ട്. യു പിക്ക് പുറമെ മധ്യ പ്രദേശ്, അസം തുടങ്ങിയ ബി ജെ പി സർക്കാരുകളും ഇതൊരു പതിവാക്കിയിട്ടുണ്ട്.

ബുൾഡോസർ വിഭാഗീയതയുടെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടി അത് അസ്വീകാര്യമാണെന്നു ഓഗസ്റ്റ് 19 നു റാലി നേതാക്കളോട് എഡിസൺ മേയർ സമീപ് ജോഷി പറഞ്ഞിരുന്നു. ഐ ബി എ മാപ്പു ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാലിയിൽ പങ്കെടുക്കുമ്പോൾ ബുൾഡോസർ സാന്നിധ്യം താൻ അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഹിന്ദുക്കളും മുസ്ലിംകളും എഡിസണിൽ സമാധാനം ആഗ്രഹിക്കുന്ന സമുദായങ്ങളാണ്,” ഐ എ എം സി-ന്യൂ ജേഴ്സി മുൻ പ്രസിഡന്റ് മിന്ഹാജ് ഖാൻ പറഞ്ഞു. “ഈ പരേഡ് വിദ്വേഷ അക്രമം ഉണ്ടാവാം എന്ന ഭയം ന്യൂ ജേഴ്സിയിലെ ഇന്ത്യൻ മുസ്ലിം സമൂഹത്തിൽ ഉണ്ടാക്കി.”

ന്യൂ ജേഴ്സി സി എ ഐ ആർ എക്സിക്യൂട്ടീവ് ഡയറക്റ്റർ സാലെദിൻ മക്‌സൂട് പറഞ്ഞു: “ബുൾഡോസർ രംഗപ്രവേശവും ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷം സ്വന്തമാക്കി അന്താരാഷ്ട്ര സ്വാധീനം ഉണ്ടാക്കാനുള്ള ശ്രമവും സാർവലൗകികമായി അപലപിക്കേണ്ടതാണ്. അതിന്റെ പിന്നിലുള്ള വിഭാഗീയ ശ്രമം മേയർ ജോഷിയും വൂഡ്ബ്രിഡ്ജ് മേയർ ജോൺ മാക്കോർമക്കും തിരിച്ചറിയുന്നു. ഇത് ആവർത്തിക്കാൻ പാടില്ല. സ്വതന്ത്ര അഭിപ്രായ പ്രകടനവും കൂട്ടായ്‌മയും അനുവദിക്കുമ്പോൾ തന്നെ ഇത്തരം പ്രവണതകൾ തടയേണ്ടതാണ്.”

ബുൾഡോസർ മുസ്ലിംങ്ങളെയും മറ്റു ന്യൂനപക്ഷങ്ങളെയും ഭയപ്പെടുത്താൻ ഉപയോഗിക്കുന്നതാണെന്നു ബി എൽ എമ്മിന്റെ സെല്ലി തോമസ് ചൂണ്ടിക്കാട്ടി. കറുത്ത വർഗക്കാരെ ഭയപ്പെടുത്താൻ കൊലക്കയർ ഉപയോഗിച്ച പോലെ. നിങ്ങൾ നിരന്തരം ഭീതിയിൽ കഴിയണം എന്ന സന്ദേശം ഇന്ത്യൻ മുസ്ലിംങ്ങൾക്കു നൽകുകയാണ്.”

ബുൾഡോസർ ഇവിടെ സ്വാതന്ത്ര്യ ദിന പരേഡിൽ ഉപയോഗിച്ചത് ഇസ്‍ലാം വിരുദ്ധ വംശീയ വിദ്വേഷമായി മാത്രമേ കാണാൻ കഴിയൂ എന്ന് എ എം ഡി യുടെ ഡോക്ടർ അലി ചൗധരി പറഞ്ഞു. അത്തരം വിദ്വേഷ ചിഹ്നങ്ങൾ ഭാവിയിൽ അനുവദിക്കരുത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular