Saturday, May 4, 2024
HomeKeralaകശ്മീര്‍ പരാമര്‍ശം; കെ.ടി ജലീലിനെതിരെ ഡല്‍ഹി കോടതിയില്‍ ഹരജി; നാളെ പരി​ഗണിക്കും

കശ്മീര്‍ പരാമര്‍ശം; കെ.ടി ജലീലിനെതിരെ ഡല്‍ഹി കോടതിയില്‍ ഹരജി; നാളെ പരി​ഗണിക്കും

ന്യൂഡല്‍ഹി: കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീല്‍ എം.എല്‍എക്കെതിരായ ഹരജി ഡല്‍ഹി റോസ് അവന്യൂ കോടതി നാളെ പരിഗണിക്കും.

രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയ ബി.ജെ.പി പ്രവര്‍‍ത്തകനും സുപ്രിംകോടതി അഭിഭാഷകനുമായ ജി.എസ് മണി തന്നെയാണ് കോടതിയിലും ഹരജി നല്‍കിയത്. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും കേസെടുക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്നുമാണ് ആവശ്യം.

ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും ഹരജിയില്‍‍ ആവശ്യപ്പെടുന്നു. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും ഡല്‍ഹി തിലക് മാ‍ര്‍ഗ് പൊലീസ് സ്റ്റേഷനിലുമാണ് ഇയാള്‍ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ജലീലിനെതിരെ കേസെടുക്കുന്നതില്‍ ഡല്‍ഹി പൊലീസ് നിയമോപദേശം തേടിയിരുന്നു. പരാതി സൈബര്‍ ക്രൈം വിഭാഗമായ ഇഫ്സോയ്ക്ക് കൈമാറുകയും ചെയ്തു.

പരാതിയില്‍ നടപടി വൈകുന്നതിനാല്‍ ന്യൂഡല്‍ഹി ഡിസിപിക്കും ജി.എസ് മണി പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയില്‍ ഡല്‍ഹി പൊലീസ് നടപടി തുടങ്ങിയത്.

ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലെ ചില പരാമര്‍ശങ്ങളാണ് വിവാദമായത്. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്‍്റെ ഭാഗം “ആസാദ് കാശ്മീര്‍” എന്നറിയപ്പെട്ടു, ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്.

സംഭവം ദേശീയതലത്തിലടക്കം ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിച്ച ജലീല്‍ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കാശ്മീര്‍ എന്നെഴുതിയാല്‍ അതിന്‍്റെ അര്‍ഥം മനസിലാക്കാനാവാത്തവരോട് സഹതാപം മാത്രം എന്നായിരുന്നു ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ പരാമര്‍ശം വ്യാപക ചര്‍ച്ചയ്ക്കിടയായതോടെ അന്നേ ദിവസം തന്നെ ഇതും പിന്‍വലിച്ചു.

ഡല്‍ഹി കൂടാതെ, തിരുവനന്തപുരം പൊലീസിലും ജലീലിനെതിരെ പരാതി ലഭിച്ചിരുന്നു. എബിവിപിയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ജലീലിനെതിരെ ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular