Monday, May 6, 2024
HomeUSAകാനഡയിൽ 10 പേർ കത്തിക്കുത്തേറ്റു മരിച്ചു; 15 പേർ ആശുപത്രിയിൽ

കാനഡയിൽ 10 പേർ കത്തിക്കുത്തേറ്റു മരിച്ചു; 15 പേർ ആശുപത്രിയിൽ

കാനഡയിലെ ഒരു ആദിമ സമൂഹ മേഖലയിൽ ഞായറാഴ്ച 10 പേർ കുത്തേറ്റു മരിച്ചു. ആക്രമണത്തിന് ഇരയായ മറ്റു 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടിഞ്ഞാറൻ കാനഡയിലെ സസ്കാച്ചവാൻ പ്രവിശ്യയിലാണ് ജെയിംസ് സ്മിത്ത് ക്രീ നേഷൻ ആദിമ സമൂഹത്തിലും സമീപത്തെ വെൽഡൺ പട്ടണത്തിലും പുലർച്ചെ രണ്ടു പേർ ആക്രമണം നടത്തിയത്. ഡാമിയൻ സാന്ഡേഴ്സൺ (31), മൈൽസ് സാന്ഡേഴ്സൺ (30) എന്നിവരാണ് പ്രതികളെന്നു പോലീസ് സംശയിക്കുന്നു. അവർ അക്രമത്തിനു ശേഷം പലായനം ചെയ്തു. പ്രവിശ്യാ തലസ്ഥാനമായ റെജിനയിൽ കാറിൽ സഞ്ചരിക്കുന്നതു ചിലർ കണ്ടതായി റിപ്പോർട്ടുണ്ട്. അവർ ആയുധമേന്തിയ അപകടകാരികളാണെന്നു പോലീസ് താക്കീതു നൽകി.

“ഞങ്ങൾ അവർക്കു വേണ്ടി ഊർജിതമായ തിരച്ചിൽ നടത്തുന്നുണ്ട്,” റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ റോണ്ട ബ്ലാക്ക്മോർ പറഞ്ഞു. ആൽബെർട്ട, മാനിറ്റോബ പ്രവിശ്യകളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചു.

പുലർച്ചെ 5.40 നാണു അക്രമത്തെ കുറിച്ച് ആദ്യം വിവരം കിട്ടിയതെന്ന് അവർ പറഞ്ഞു. പിന്നാലെ 13 സ്ഥലങ്ങളിൽ നിന്നു കത്തിക്കുത്തു നടന്നതായി വിവരം വന്നു.

ഹൈവേകളിലും റോഡുകളിലും ചെക്ക്പോയിന്റുകൾ ഉയർത്തി വാഹനങ്ങൾ തടഞ്ഞു പരിശോധിക്കുന്നുണ്ട്.

ജെയിംസ് സ്മിത്ത് ക്രീ നേഷൻ സമൂഹത്തിൽ 3,400 പേരാണ് കൃഷി ചെയ്തും മീൻ പിടിച്ചും വേട്ടയാടിയും ജീവിക്കുന്നത്. അക്രമികൾ രണ്ടു പേരെ ലക്ഷ്യമിട്ടിരുന്നു എന്നും മറ്റുള്ളവരെ കണ്ണിൽ പെട്ടപ്പോൾ ആക്രമിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. കുത്തേറ്റവരിൽ 80 വയസുള്ള ഒരാളുമുണ്ട്.

‘ഭീകരവും ഹൃദയഭേദകവുമായ അക്രമം’ എന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിശേഷിപ്പിച്ചത്. “പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ കുറിച്ച് ദുഖിക്കുന്നു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular