Friday, April 26, 2024
HomeIndiaസ്ത്രീ അവകാശപോരാട്ടങ്ങളുടെ മുന്നണി പോരാളി കമലാ ഭസീൻ ഇനി ഓർമ്മ

സ്ത്രീ അവകാശപോരാട്ടങ്ങളുടെ മുന്നണി പോരാളി കമലാ ഭസീൻ ഇനി ഓർമ്മ

ന്യൂഡല്‍ഹി: എഴുത്തുകാരിയും ഇന്ത്യയിലെ സ്ത്രീ വിമോചന പ്രസ്ഥാനത്തിന് നേതൃത്വവും നല്‍കിയ കമലാ ഭസീൻ അന്തരിച്ചു. ഇന്ന് പുലര്‍ച്ച മൂന്ന് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. സമൂഹ്യ പ്രവര്‍ത്തകയായ കവിത ശ്രീവാസ്തവ ട്വിറ്ററിലൂടെയാണ് കമലാ ഭസീന്റെ മരണ വിവരം അറിയിച്ചത്.

“കമല ഭാസിന്‍, ഞങ്ങളുടെ പ്രിയ സുഹൃത്ത് ഇന്ന് രാവിലെ മൂന്ന് മണിയോടെ അന്തരിച്ചു. ഇന്ത്യയിലേയും ദക്ഷിണേഷ്യയിലേയും വനിതാ പ്രസ്ഥാനത്തിന് ഇത് വലിയ തിരിച്ചടിയാണ്. ഏത് പ്രതികൂല സാഹചര്യത്തിലും ജീവിതം ആഘോഷിച്ചവള്‍. കമലാ, നിങ്ങളെന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും,” കവിത ട്വിറ്ററില്‍ കുറിച്ചു.

1970 മുതൽ കമലാ ഭസീൻ ഇന്ത്യയിലെയും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും വനിതാ പ്രസ്ഥാനത്തിലെ സുപ്രധാന ശബ്ദമായി നിലകൊണ്ടു. 2002 ല്‍ ഗ്രാമീണ, ആദിവാസി സമൂഹങ്ങളിലുള്ള നിര്‍ധനരായ സ്ത്രീകള്‍ക്കായി സംഗത് എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തു.

ലിംഗ സിദ്ധാന്തം, ഫെമിനിസം, പുരുഷാധിപത്യം എന്നിവയെക്കുറിച്ച് ഭസീൻ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ പലതും മുപ്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ പല വിദ്യാര്‍ഥി സമരങ്ങളിലും ഉയര്‍ന്ന് കേള്‍ക്കുന്ന ‘ആസാദി’ എന്ന സമരഗാനത്തിന്റെ ഉത്ഭവം 1991 ല്‍ കമലാ ഭസീനിലൂടെയായിരുന്നു. ജാദവ്പൂർ സർവകലാശാലയിൽ നടന്ന ഒരു സമ്മേളനത്തിലാണ് ആദ്യമായി ആസാദി എന്ന കവിത കമലാ ഭസീൻ വായിക്കുന്നത്. “മേരി ബെഹാനെ മാംഗെ ആസാദി, മേരി ബച്ചി മാംഗെ ആസാദി, നരി കാ നാര ആസാദി..” (എന്റെ സഹോദരിമാർക്ക് സ്വാതന്ത്ര്യം വേണം, എന്റെ മകൾക്ക് സ്വാതന്ത്ര്യം വേണം, ഓരോ സ്ത്രീയുടെയും മുദ്രാവാക്യം സ്വാതന്ത്ര്യമാണ്).

പിന്നീട് ആസാദി എന്ന കവിത രാജ്യത്ത് വലിയ തോതില്‍ പ്രചരിക്കപ്പെട്ടു. സ്ത്രീകളുടെ തുല്യ അവകാശത്തിനായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലേറയായി രാജ്യമെമ്പാടും നടന്ന പോരാട്ടങ്ങളില്‍ ഭസീന്‍ ഈ കവിത ചൊല്ലി. “പുരുഷാധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം, എല്ലാ ശ്രേണിയിൽ നിന്നും സ്വാതന്ത്ര്യം, അവസാനിക്കാത്ത അക്രമത്തിൽ നിന്ന് സ്വാതന്ത്ര്യം, നിശബ്ദതയിൽ നിന്ന് സ്വാതന്ത്ര്യം,” അവര്‍ പാടി.

1985 ൽ പാകിസ്ഥാനിൽ നടന്ന ഒരു വനിതാ കോൺഫറൻസിൽ താൻ കേട്ട ഒന്നില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അസാദി എന്ന ഗാനത്തിലേക്ക് എത്തിയതെന്ന് ചില അഭിമുഖങ്ങളിൽ ഭസീന്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മിക്ക ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെയും വിപ്ലവ മുദ്രാവാക്യമായി അത് പിന്നീട് മാറുകയുണ്ടായി. ഇന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പല പ്രതിഷേധങ്ങളിലും ഈ സമരഗാനം ഉയര്‍ന്ന് കേള്‍ക്കുന്നു.

അസാദി എന്ന സമരഗാനം ഫെമിനിസ്റ്റുകള്‍ക്ക് മാത്രമുള്ള മുദ്രാവാക്യം അല്ലെന്ന് ഭസീന്‍ പറഞ്ഞിരുന്നു. “തുടക്കം മുതൽ ഞങ്ങൾ കർഷകരെയും തൊഴിലാളികളെയും ആദിവാസികളെയും പോരാട്ടത്തിന്റെ ഭാഗമാക്കി. ജാതി വ്യവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കാത്ത സ്ത്രീകൾക്ക് മറ്റ് സ്വതന്ത്ര്യങ്ങളും ലഭിക്കുക അസാധ്യമാണ്,” ഭസീന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular