Sunday, May 5, 2024
HomeUSAഇടക്കാല തിരഞ്ഞെടുപ്പിൽ നേരത്തെ വോട്ട് ചെയ്തവർ 33 മില്യൺ കവിഞ്ഞു

ഇടക്കാല തിരഞ്ഞെടുപ്പിൽ നേരത്തെ വോട്ട് ചെയ്തവർ 33 മില്യൺ കവിഞ്ഞു

നവംബർ 8 നു നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ നേരത്തെ  വോട്ട് ചെയ്തവരുടെ (early voters) എണ്ണം 33 മില്യൺ  കവിഞ്ഞെന്നു യുഎസ് എലെക്ഷൻസ് പ്രൊജക്റ്റ് കണക്കുകൾ കാണിക്കുന്നു. 19,210,096 തപാൽ വോട്ടുകൾ, 14,274,191 നേരിട്ടുള്ള വോട്ടുകൾ എന്നിങ്ങനെ മൊത്തം 33,484,287.

ഒരു ഇടക്കാല തിരഞ്ഞെടുപ്പിൽ കനത്ത വോട്ടിംഗ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. യൂണിവേഴ്സിറ്റി ഓഫ് ഫ്‌ളോറിഡ പ്രഫസറായ എലെക്ഷൻസ് പ്രൊജക്റ്റിന്റെ മൈക്കൽ മക്‌ഡൊണാൾഡ് പറയുന്നത് ഈ വർഷം 45–47% പോളിംഗ് ഉണ്ടാവാം എന്നാണ്. 2018ലെ 50% ആവർത്തിക്കുമെന്ന് അദ്ദേഹം കരുതുന്നില്ല. 1914 നു ശേഷം ഏറ്റവും വലിയ ഇടക്കാല വോട്ടിംഗ് ആയിരുന്നു അത്.

ജോർജിയയിൽ രണ്ടു മില്യണിലേറെ ആളുകൾ വോട്ട് ചെയ്തു. അതിൽ 1.9 മില്ല്യൺ  നേരിട്ടുള്ള വോട്ട് ആയിരുന്നു. സംസ്ഥാനം അക്കാര്യത്തിൽ 2018 നെ കടത്തി വെട്ടി. തപാൽ വോട്ടുകൾക്ക് 2021 ൽ ജോർജിയ നിയന്ത്രണം കൊണ്ടുവന്നിരുന്നു.

സൗത്ത് കരളിനയിൽ 432,045 ഏർലി വോട്ടുകൾ വീണു. സംസ്‌ഥാനത്തിന്റെ തന്നെ ഏറ്റവും ഉയർന്നത്. ബുധനാഴ്ച മാത്രം 50,000 കടന്നു.

വ്യാഴാഴ്ചത്തെ കണക്കിൽ ഫ്‌ളോറിഡ 3.5 മില്യൺ പിന്നിട്ടു. അതിൽ 2.2 മില്യൺ തപാൽ ആണ്. ഫ്‌ളോറിഡ ഉൾപ്പെടെ 23 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതിക്കു മുൻപു തപാൽ വോട്ടുകൾ എന്നാണ് അനുമതിയുണ്ട്.

പെൻസിൽവേനിയയിലും അങ്ങിനെയാണ്. അവിടെ 1,013,670 തപാൽ വോട്ടുകൾ വീണു കഴിഞ്ഞു. അവ തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് തീരും മുൻപ് എണ്ണാൻ കഴിയും. തീയതി വൈകാതെ വന്ന തപാൽ വോട്ടുകൾ എന്നാൻ പാടില്ല എന്ന് സംസ്ഥാന സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.

മിഷിഗണിൽ പോൾ ചെയ്യപ്പെട്ട 1,295,638 വോട്ടുകളിൽ യുവാക്കളുടെ ശക്തമായ സാന്നിധ്യം ഉണ്ടെന്നു മക്‌ഡൊണാൾഡ് പറഞ്ഞു. ഗർഭഛിദ്ര അവകാശം അവിടെ ഒരു പ്രധാന വിഷയമാണ്.

അരിസോണ, നെവാഡ, പെൻസിൽവേനിയ, നോർത്ത് കരളിനാ, ജോർജിയ എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ ഡെമോക്രാറ്റിക് വോട്ടിംഗ് നടന്നു എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. വാസ്തവത്തിൽ രാജ്യമൊട്ടാകെ സെനറ്റ്-ഗവർണർ തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾ കൂടുതൽ ഉഷാറിലാണ്. ബുധനാഴ്ച പുറത്തു വന്ന ഗാലപ് പോളിൽ പറയുന്നത് 54% ഡെമോക്രാറ്റുകൾ നേരത്തെ വോട്ട് ചെയ്യും എന്നാണ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ അങ്ങിനെ പറയുന്നവർ 32% മാത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular