Sunday, May 5, 2024
HomeIndia"ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടേണ്ട': അന്ന്‌ നരേന്ദ്രമോഡി കമലാ ബെനിവാളിനോട്‌ പറഞ്ഞത്‌

“ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടേണ്ട’: അന്ന്‌ നരേന്ദ്രമോഡി കമലാ ബെനിവാളിനോട്‌ പറഞ്ഞത്‌

വര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ട് സര്‍ക്കാരുകളുടെ ഭരണകാര്യങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഇടപെടുന്നത് വലിയ രാഷ്ട്രീയ തര്‍ക്കങ്ങളിലേക്കും വഴിയൊരുക്കിയിട്ടുണ്ട്.

ഇന്ന് ഗവര്‍ണര്‍മാരുടെ അധികാരം സംബന്ധിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവരുടെ ഇടപെടലുകളെ സംബന്ധിച്ചും പാരാതിയൊന്നും ഇല്ലാത്ത ബിജെപിക്കും ഇത്തരത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടിയ ചരിത്രമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍തന്നെ. കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ച്‌ രാഷ്ട്രീയ നേട്ടത്തിനായി ശ്രമിക്കുന്ന ബിജെപി ഒരു ഗവര്‍ണറെ പുറത്താക്കിയ ചരിത്രവുമുണ്ട്.

2011 ല്‍ ലോകായുക്ത നിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ കമലാ ബെനിവാളും ബിജെപി സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടങ്ങുന്നത്. സ്വന്തം നിലയില്‍ ലോകായുക്തയെ നിയമിച്ച ഗവര്‍ണറുടെ നടപടി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി തള്ളി. ലോകായുക്തയെ നിയമിക്കാനുള്ള നിലവിലെ നിയമത്തിലെ വ്യവസ്ഥകള്‍ നിയമസഭ ഭേദഗതി ചെയ്തു. ബെനിവാള്‍ ബില്ലില്‍ ഒപ്പിട്ടില്ല. രണ്ട് ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ച റാലിയാണ് മോഡി അക്കാലത്ത് ഗവര്‍ണര്‍ക്കെതിരെ ഗുജറാത്തില്‍ സംഘടിപ്പിച്ചത്. ലോകായുക്തയെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിലേക്ക് എത്തിക്കുന്നതായിരുന്നു ബില്‍. ഓംബുഡ്സ്മാനെ നിയമിക്കാനുള്ള ഗവര്‍ണറുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും അധികാരം അവസാനിപ്പിക്കാനുള്ള ഭേദഗതിയും ബില്ലില്‍ ഉണ്ടായിരുന്നു.

അന്ന് മുഖ്യമന്ത്രിയായിരുന്നു മോഡി പറഞ്ഞതിങ്ങനെ… “ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടുകയാണ്. ഭരണഘടന ആര്‍ട്ടിക്കിള്‍ 164 പ്രകാരം മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ഗവര്‍ണറുടെ കടമ”. അതേ മോഡി തന്നെയാണ് ഇപ്പോള്‍ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ കളിപ്പാവയായി ഉപയോഗിക്കുന്നത്. സര്‍ക്കാരുകളുടെ ഭരണകാര്യങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് പിന്തുണ നല്‍കുന്നതും.

കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസ് ഗവര്‍ണറെ ഉപയോഗിച്ച്‌ തന്നെ വേട്ടയാടുകയാണെന്നും മോഡി അന്ന് പറഞ്ഞു. ഒടുവില്‍ സംസ്ഥാന ഭരണകാര്യങ്ങളിലെ ഗവര്‍ണ്ണറുടെ അധികാരങ്ങള്‍ സംബന്ധിച്ച തര്‍ക്കം സുപ്രീം കോടതിയില്‍ എത്തി. 1974 ലെ ഷംഷേര്‍ സിംഗ് കേസ് മുതല്‍ നാളിതു വരെ ഗവര്‍ണ്ണര്‍മാര്‍ക്ക് മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ പാലിക്കുക അല്ലാതെ മറ്റ് അധികാരങ്ങള്‍ ഒന്നുമില്ല എന്ന് തന്നെ കോടതി ആവര്‍ത്തിച്ചു. 2014 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും മോഡി പ്രധാനമന്ത്രി ആകുകയും ചെയ്തു. ഗുജറാത്ത് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കമലാ ബെനിവാളിനെ നീക്കി. പ്രതികാര രാഷ്ട്രീയമാണെന്ന കോണ്‍ഗ്രസ് ആരോപണത്തിന് നടപടി ഭരണഘടനാ പ്രകാരമാണെന്ന് മറുപടി നല്‍കി. ഗുജറാത്തില്‍നിന്ന് മിസോറാമിലേക്ക് മാറ്റിയ ബെനിവാളിനെ കാലാവധി തീരാന്‍ രണ്ട് മാസം ശേഷിക്കെയാണ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കിയത്.

ഗവര്‍ണറുടെ അധികാരം സംബന്ധിച്ച്‌ 2011 ല്‍ മോഡി പറഞ്ഞതുതന്നെയാണ് കേരള സര്‍ക്കാര്‍ ആരിഫ് മൊഹമ്മദ് ഖാനോടും പറയുന്നത്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ ഭരണഘടനയേക്കാള്‍ വലുതായി, സംഘ്പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ഗവര്‍ണര്‍മാര്‍ക്ക് പ്രത്യേക അധികാരങ്ങളാണ് ബിജെപി നേതാക്കള്‍ കല്‍പ്പിച്ച്‌ നല്‍കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular