Wednesday, May 1, 2024
HomeIndiaആശയുടെ ഗര്‍ഭം അലസി, കാരണം മാനസിക സമ്മര്‍ദ്ദം; ചീറ്റ കുഞ്ഞുങ്ങള്‍ക്കായി ഇനിയും കാത്തിരിക്കണം

ആശയുടെ ഗര്‍ഭം അലസി, കാരണം മാനസിക സമ്മര്‍ദ്ദം; ചീറ്റ കുഞ്ഞുങ്ങള്‍ക്കായി ഇനിയും കാത്തിരിക്കണം

ഭോപ്പാല്‍; ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളിലൊന്നായ ആശയുടെ ഗര്‍ഭമലസിയതായി റിപ്പോര്‍ട്ട്.

ചീറ്റപ്പുലികളെ ഇന്ത്യയില്‍ എത്തിച്ചതിനു പിന്നാലെയാണ് ആശ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. സെപ്റ്റബര്‍ അവസാനത്തോടെ ആശ പ്രസവിക്കേണ്ടതായിരുന്നു. എന്നാല്‍, നവംബര്‍ ആദ്യ വാരമായിട്ടും ആശ പ്രസവിക്കാതിരുന്നതോടെയാണ് ഗര്‍ഭമലസിയതായി സ്ഥിരീകരിച്ചത്. മാനസിക സമ്മര്‍ദ്ദമാണ് ഗര്‍ഭം അലസാന്‍ കാരണമെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് അറിയിച്ചു.

ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പിടികൂടിയപ്പോള്‍ തന്നെ ആശ ഗര്‍ഭിണിയാണെന്ന് വിവരമുണ്ടായിരുന്നു. കുനോയില്‍ പരിശോധന സംവിധാനമില്ലാത്തതിനാല്‍ എത്രമാസമായി എന്നതിനെക്കുറിച്ച്‌ വ്യക്തതയുണ്ടായിരുന്നില്ല. ഗര്‍ഭിണിയായതിനാല്‍ നല്ല രീതിയിലുള്ള പരിചരണമാണ് ആശക്ക് നല്‍കിയിരുന്നത്. 93 ദിവസമാണ് ചീറ്റകളുടെ ഗര്‍ഭകാലം. ഏകദേശം 100 ദിവസമായി ആശ ഇന്ത്യയില്‍ എത്തിയിട്ട്.

ആവാസവ്യവസ്ഥ മാറിയതിനാലുണ്ടായ മാനസിക സമ്മര്‍ദ്ദത്തില്‍ ഗര്‍ഭകാലത്തിന്റെ തുടക്ക ദിവസങ്ങളില്‍ തന്നെ ഗര്‍ഭമലസിയെന്നാണ് നിഗമനമെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് ഡോ. ലോറി മാര്‍ക്കര്‍ പറഞ്ഞു. ക്വാറന്റൈന്‍ കാലയളവില്‍ അവള്‍ പ്രസവിച്ചിരുന്നെങ്കില്‍ അവര്‍ ഇവിടെയെത്താന്‍ രണ്ട് മാസം കൂടിയെടുത്തേനെ. അങ്ങനെയെങ്കില്‍ കുട്ടികളും കൂടെ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 17നാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇവയെ തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാണ് ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിട്ടത്. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular