Saturday, May 4, 2024
HomeIndiaകപ്പലിലെ ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് രാഹുല്‍ ഗാന്ധി കത്തയച്ചു

കപ്പലിലെ ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് രാഹുല്‍ ഗാന്ധി കത്തയച്ചു

ദില്ലി : എക്വറ്റോറിയല്‍ ഗിനിയയില്‍ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തിന് കത്ത് നല്‍കി.

ഹീറോയിക് ഇഡുന്‍ കപ്പലിലെ മലയാളി ചീഫ് ഓഫീസര്‍ സനു ജോസ് അടക്കമുള്ളവരുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കേന്ദ്ര തുറമുഖ-ഷിപ്പിംഗ്- ജല ഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സെനോവാളിനാണ് രാഹുല്‍ കത്ത് അയച്ചത്.

2022 ഓഗസ്റ്റ് മുതല്‍ ഹീറോയിക് ഇടുന്‍ കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് അടക്കമുള്ള ക്രൂ അംഗങ്ങളെ എക്വറ്റോറിയല്‍ ഗിനിയയില്‍ തടവിലാക്കിയിരിക്കുകയാണ്. സനു ജോസിന്റെ മോചനത്തിനായി അമ്മ ലീല ജോസ് അപേക്ഷ സര്‍പ്പിച്ചിട്ടുണ്ട്. ലീല ജോസിന്റെ അപ്പീല്‍ പരിഗണിക്കണം. അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള ഇന്ത്യയുടെ ബാധ്യതകള്‍ക്കനുസൃതമായി സനു ജോസ് അടക്കമുള്ള പൗരന്മാരെ തിരികെയെത്തിക്കാന്‍ ഉചിതമായ നടപടികള്‍ എത്രയും വേഗത്തില്‍ ആരംഭിക്കണമെന്നും രാഹുല്‍ ഗാന്ധി എം പി കത്തില്‍ ആവശ്യപ്പെട്ടു.

ഗിനിയില്‍ തടവിലായ മലയാളികളായ കപ്പല്‍ ജീവനക്കാരുടെ വീട്ടുകാര്‍ വലിയ ആശങ്കയിലാണ് ഒരോ ദിവസവും തള്ളി നീക്കുന്നത്. കുടിവെള്ളം പോലും ആവശ്യത്തിന് കിട്ടാത്ത ദുരിതത്തിലാണ് കഴിയുന്നതെന്നാണ് കപ്പല്‍ ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചിരിക്കുന്നത്.

കപ്പല്‍ ജീവനക്കാര്‍ ആഫ്രിക്കന്‍ രാജ്യത്ത് തടവിലായിട്ട് അടുത്ത ആഴ്ച മൂന്ന് മാസം പൂര്‍ത്തിയാകും. ഇടപെടുന്നുണ്ടെന്ന് വിദേശകാരമന്ത്രാലയവും ഗിനിയിലെ ഇന്ത്യന്‍ എംബസിയും ആവര്‍ത്തിക്കുമ്ബോഴും കപ്പല്‍ ജീവനക്കാരുടെ സാഹചര്യം അനുദിനം മോശമാവുകയാണ്. ഇന്ത്യക്കാരുള്ള കപ്പലിന് ഇരുപത്തിനാല് മൈല്‍ അകലെ നൈജീരിയന്‍ സൈനിക കപ്പല്‍ രണ്ട് ദിവസമായി നിലയുറപ്പിച്ചിട്ടുണ്ട്. സമുദ്രാതിര്‍ത്തി ലംഘനം, ക്രൂഡ് ഓയില്‍ മോഷണം അടക്കമുള്ള ആരോപണങ്ങള്‍ കപ്പലിനെതിരെ ഉയര്‍ത്തുന്നുണ്ട്. പിഴ ഈടാക്കിയെങ്കിലും ജീവനക്കാരെ വിടാതെ നൈജീരിയക്ക് കൈമാറുമെന്നാണ് എക്വറ്റോറിയല്‍ ഗിനി വ്യക്തമാക്കിയത്.

എപ്പോള്‍ വേണമെങ്കിലും നൈജീരിയക്ക് കൈമാറുമെന്ന ആശങ്കയുള്ളതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നതാണ് ജീവനക്കാരുടെ കുടുംബാഗങ്ങളുടെ അഭ്യര്‍ത്ഥന. കേരളത്തിലെ സിപിഎം കോണ്ഗ്രസ് എംപിമാരും മോചനം ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മോചനം ഇനിയും സാധ്യമായിട്ടില്ല. ഇവര്‍ തടവിലായ ഓഗസ്റ്റ് മുതല്‍ ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് ഇന്ത്യന്‍ എംബസിയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular