Wednesday, May 1, 2024
HomeIndiaഇടതുപക്ഷത്തിന്‍റെ ഉപദേശം കോണ്‍ഗ്രസ് പരിഗണിച്ചപ്പോഴെല്ലാം രാജ്യത്തിനും പാര്‍ട്ടിക്കും ഗുണംചെയ്തു -യെച്ചൂരി

ഇടതുപക്ഷത്തിന്‍റെ ഉപദേശം കോണ്‍ഗ്രസ് പരിഗണിച്ചപ്പോഴെല്ലാം രാജ്യത്തിനും പാര്‍ട്ടിക്കും ഗുണംചെയ്തു -യെച്ചൂരി

ന്യൂഡല്‍ഹി: ഇടതുപക്ഷത്തിന്‍റെ ഉപദേശങ്ങള്‍ കോണ്‍ഗ്രസ് ഗൗരവത്തോടെ പരിഗണിച്ചപ്പോഴെല്ലാം അത് രാജ്യത്തിനും കോണ്‍ഗ്രസിനും ഗുണംചെയ്തിരുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

രാജ്യത്തെ നല്ല കാലത്തിലേക്ക് നയിക്കാന്‍ മതനിരപേക്ഷ കക്ഷികള്‍ ഒന്നിച്ച്‌ നീങ്ങണമെന്നും യെച്ചൂരി പറഞ്ഞു. പ്രണബ് മുഖര്‍ജി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം യു.പി.എ സര്‍ക്കാറിന്‍റെ കാലത്ത് കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളായിരുന്നു പ്രണബ് മുഖര്‍ജിയെന്ന് യെച്ചൂരി അനുസ്മരിച്ചു.

വൈരുദ്ധ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വിപരീതങ്ങളെ ഒന്നിപ്പിക്കുന്നതിനുമുള്ള കല മുഖര്‍ജിക്ക് അറിയാമായിരുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ”ഞങ്ങളെ ഉപദേശിക്കാനും നയിക്കാനും അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് കൂടുതല്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ നല്ല നാളുകള്‍ക്കായി, മതേതര ശക്തികള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം. ഒരുമിച്ച്‌ പ്രവര്‍ത്തിക്കുക എന്നതാണ് ഞാന്‍ പ്രണബ് മുഖര്‍ജിയില്‍ നിന്ന് പഠിച്ചത്, ആധുനിക ഇന്ത്യയുടെ നിര്‍മാണത്തില്‍ പ്രണബ് മുഖര്‍ജിയുടെ ജീവിതത്തിനും പ്രവര്‍ത്തനത്തിനും വിസ്മരിക്കാനാവാത്ത വിലയുണ്ട്,” സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം, അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ കോണ്‍ഗ്രസും സി.പി.എമ്മും കൈകോര്‍ക്കാനൊരുങ്ങുകയാണ്. സീതാറാം യെച്ചൂരി ഞായറാഴ്ച ത്രിപുരയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അജോയ് കുമാറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസും സി.പി.എമ്മും മറ്റ് ഇടതുപാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകള്‍ കണ്ടെത്താനും സീറ്റ് വിഭജനം അന്തിമമാക്കാനും ഇരുപാര്‍ട്ടികളിലെയും നേതാക്കളുടെ കമ്മിറ്റി രൂപീകരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നും നാളെയുമായി അഗര്‍ത്തലയില്‍ ചേരുന്ന സി.പി.എമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം സഖ്യത്തിന് അന്തിമ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിപ്ര മോത പാര്‍ട്ടിയുടെ ചെയര്‍പേഴ്‌സണ്‍ പ്രദ്യോത് മാണിക്യ ദേബ്ബര്‍മന്‍ തന്റെ പാര്‍ട്ടിക്ക് സ്വാധീനമുള്ള ആദിവാസി മേഖലകളില്‍ തെരഞ്ഞെടുപ്പ് ധാരണയ്ക്കായി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് യെച്ചൂരിയും അജോയ് കുമാറും കൂടിക്കാഴ്ച നടത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി പ്രദ്യോത് നേരിട്ട് ബന്ധപ്പെട്ടതായും സൂചനയുണ്ട്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് സി.പി.എം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുന്നത് എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular