Tuesday, May 7, 2024
HomeIndia'ഈ നിമിഷം അഫ്ഗാനിലെ പെണ്‍കുട്ടികളെ ഞാന്‍ ഓര്‍ക്കുന്നു'; അക്കാദമിക് മികവിന് ഇന്ത്യയില്‍നിന്ന് സ്വര്‍ണമെഡല്‍ നേടിയ റസിയ...

‘ഈ നിമിഷം അഫ്ഗാനിലെ പെണ്‍കുട്ടികളെ ഞാന്‍ ഓര്‍ക്കുന്നു’; അക്കാദമിക് മികവിന് ഇന്ത്യയില്‍നിന്ന് സ്വര്‍ണമെഡല്‍ നേടിയ റസിയ മുറാദി

മുംബൈ : അക്കാദമിക് പ്രകടനത്തിലെ മികവിന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്തില്‍നിന്ന് സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി അഫ്ഗാന്‍ വനിത റസിയ മുറാദ്.

ഈ നിമിഷം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാന്‍ പെണ്‍കുട്ടികളെ താന്‍ ഓര്‍ക്കുന്നുവെന്ന് റസിയ മുറാദ് പറഞ്ഞു. 27കാരിയായ റസിയ മുറാദി രണ്ട് വര്‍ഷമായി ഇന്ത്യയില്‍ പഠിക്കുകയാണ്. ഗുജറാത്തിലെ സര്‍വകലാശാലയില്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ മികച്ച ഗ്രേഡോടു കൂടി ബിരുദാനന്തര ബിരുദം നേടിയതാണ് റസിയയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ റസിയ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി 8.60 നേടിയിട്ടുണ്ട്. സര്‍വകലാശാലയിലെ ഏറ്റവും ഉയര്‍ന്ന ഗ്രോഡ് പോയിന്റാണിത്. ‘അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേദിയിലേക്ക് നടന്നടുത്തപ്പോള്‍ ഒരുപാട് സന്തോഷവും സങ്കടവും തോന്നി. ഇതൊരു കയ്‌പേറിയ നിമിഷമായിരുന്നു. എന്റെ കഠിനാധ്വാനത്തിന് ഫലമുണ്ടായതില്‍ ഞാന്‍ സന്തോഷിക്കുന്നു. പക്ഷേ എനിക്ക് എന്റെ കുടുംബത്തെ നഷ്ടമായി’- റസിയ മുറാദി പറഞ്ഞു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിനില്‍ വീണ്ടും അധികാരത്തില്‍ വന്നതിനു പിന്നാലെ സ്ത്രീകളുടെ അവകാശങ്ങള്‍ പാടെ നിഷേധിക്കപ്പെട്ടു. സെക്കന്‍ഡറി സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥിനികളെ താലിബാന്‍ വിലക്കി.

2021 ഫെബ്രുവരിയിലാണ് റസിയ മുറാദി ഇന്ത്യയിലെത്തിയത്. ഉന്നതവിദ്യാഭ്യാസത്തിന് കൂടുതല്‍ സാധ്യതകളുള്ളതിനാലും അഫ്ഗാനിസ്ഥാനുമായി സാംസ്‌കാരിക സമാനതകളുള്ളതിനാലും റസിയ പഠനത്തിനായി ഇന്ത്യയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ലഭിച്ച റസിയ ഗുജറാത്തിലെ വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദത്തിന് ചേരുകയായിരുന്നു.

‘ഞാന്‍ വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി തെരഞ്ഞെടുത്തതിന് കാരണം ധാരാളം അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിട്ടുണ്ട്. അവര്‍ക്ക് കോളേജിനെക്കുറിച്ച്‌ നല്ല കാര്യങ്ങളാണ് പറയാനുള്ളത്’- റസിയ മുറാദി കൂട്ടിച്ചേര്‍ത്തു.

ഭരണത്തിലും നയരൂപീകരണത്തിലും താല്‍പര്യമുള്ളതിനാലാണ് റസിയ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഷയമായി തെരഞ്ഞെടുത്തത്. പൊതുജനക്ഷേമം മുന്‍നിര്‍ത്തി അഫ്ഗാനിസ്ഥാന്റെ സര്‍ക്കാര്‍ സംവിധാനത്തില്‍ മാറ്റം കൊണ്ടുവരാന്‍ താന്‍ പൊരുതുമെന്നും റസിയ മുറാദി പറഞ്ഞു.

അഫ്ഗാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നത് തനിക്ക് ബഹുമതിയാണെന്നും റസിയ കൂട്ടിച്ചേര്‍ത്തു. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നാണ് റസിയ പറയുന്നത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോഴും കുടുംബത്തിന്റെ സുരക്ഷയില്‍ റസിയ ആശങ്കപ്പെട്ടിരുന്നു. സംഘര്‍ഷമേഖലയില്‍, എല്ലാവരും അപകടത്തിലാണ്. സ്ഫോടനങ്ങളെയും ആക്രമണങ്ങളെയും കുറിച്ച്‌ ഞാന്‍ കേട്ടുകൊണ്ടിരുന്നു. എനിക്ക് കഴിയുമ്ബോഴെല്ലാം എന്റെ കുടുംബത്തെ കുറിച്ചറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അഫ്ഗാനിസ്ഥാനിലെ ഇന്റര്‍നെറ്റ് സേവനത്തിന്റെ പോരായ്മകള്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും റസിയ പറഞ്ഞു.

‘അവര്‍ എനിക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. എന്റെ പഠനത്തില്‍ മികവ് പുലര്‍ത്തുന്നത് അവര്‍ക്ക് വേണ്ടി ഞാന്‍ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യമാണ്, കഴിഞ്ഞ രണ്ട് വര്‍ഷമായി എനിക്ക് കുടുംബത്തെ കാണാന്‍ സാധിച്ചിട്ടില്ല. എന്റെ രാജ്യത്ത് മോശം സാഹചര്യമായതിനാല്‍ കോഴ്സ് പൂര്‍ത്തിയാക്കിയെങ്കിലും തിരികെ പോകുന്നില്ല. അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ എനിക്ക് ശോഭനമായ ഭാവിയില്ല. ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു, വികസനവും പുനരധിവാസവുമായി ബന്ധപ്പെട്ട പദ്ധതികളും നിര്‍ത്തി. പുരോഗതിക്ക് പകരം രാജ്യം പിന്നോട്ട് പോവുകയാണ്. ആളുകള്‍ നിശബ്ദരായിരിക്കണമെന്ന് താലിബാന്‍ ആഗ്രഹിക്കുന്നു”- റസിയ മുറാദി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ അതേ കോളേജില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പിഎച്ച്‌ഡി ചെയ്യുകയാണ് റസിയ മുറാദി. കുടുംബവും സമൂഹവും എപ്പോഴും തന്റെ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. അവര്‍ കാരണമാണ് സമൂഹത്തില്‍ സജീവയായ സ്ത്രീയാകാന്‍ കഴിഞ്ഞത്. എല്ലാ നേട്ടങ്ങള്‍ക്കും താന്‍ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും റസിയ മുറാദി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular