Thursday, May 2, 2024
HomeGulfഒമ്ബതാമത് സൗദി ചലച്ചിത്രോത്സവത്തിന് 'ഇത്ര'യില്‍ ഉജ്ജ്വല തുടക്കം

ഒമ്ബതാമത് സൗദി ചലച്ചിത്രോത്സവത്തിന് ‘ഇത്ര’യില്‍ ഉജ്ജ്വല തുടക്കം

മ്മാം : സൗദി ചലച്ചിത്രോത്സവത്തിന്‍റെ ഒമ്ബതാം പതിപ്പ് കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ചര്‍ ‘ഇത്ര’യില്‍ തുടങ്ങി.

മേയ് നാലിനാരംഭിച്ച മേള 11 വരെ തുടരും. സൗദി സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ചലച്ചിത്ര കമീഷന്‍റെ പിന്തുണയോടെയാണ് ചലച്ചിത്രോത്സവം. സൗദിയില്‍ സിനിമ വ്യവസായം ആരംഭിച്ചശേഷം ചലച്ചിത്ര കമീഷന്‍റെ അനുമതിയോടെ അരങ്ങേറുന്ന രണ്ടാമത്തെ മേളയാണിത്. സൗദിയെ ലോക സിനിമയുടെ കേന്ദ്രമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തെ ചുവടുപിടിച്ച്‌ അതിദൂരം സഞ്ചരിച്ച സൗദി സിനിമയുടെ ഗരിമകൂടി വെളിപ്പെടുത്തിയ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കാണ് കഴിഞ്ഞ ദിവസം ‘ഇത്ര’സാക്ഷിയായത്.

വൈകീട്ട് ആറോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. സൗദിയുടെ ചിലച്ചിത്ര മേഖലയിലെ പ്രശസ്തരുള്‍പ്പെടെയുള്ള എഴുത്തുകാരും അഭിനേതാക്കളും സംവിധായകരും ചുവന്ന കാര്‍പറ്റിലൂടെ വേദിയിലേക്കെത്തുന്നത് അതിമനോഹര കാഴ്ചയായിരുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചടങ്ങുകള്‍ തല്‍ക്ഷണം പ്രക്ഷേപണം ചെയ്തു. എട്ടുമണിയോടെ ‘ഇത്ര’യുടെ അന്ത്യാധുനിക തിയറ്ററില്‍ ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമായി. സോഷ്യല്‍ മീഡിയകളിലൂടെ അറബ് ലോകത്ത് പ്രശസ്തരായ ആയി ഫൗദും ബറ ആലമും ആയിരുന്നു അവതാരകര്‍. അതിമനോഹര സംഗീതശില്‍പത്തോടൊപ്പമാണ് ചടങ്ങ് ആരംഭിച്ചത്.

സിനിമ കമീഷന്‍ ചെയര്‍മാന്‍ ഹന്ന അല്‍ ഉമൈര്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. സൗദിയുടെ സംസ്കാരിക മാറ്റത്തിന്റെ തിളങ്ങുന്ന മുഖമാണ് സൗദി ഫിലിം ഫെസ്റ്റിവലിലൂടെ തെളിയുന്നതെന്ന് അവര്‍ പറഞ്ഞു.

‘ഇത്ര’പ്രോഗ്രാം ഡയറക്ടര്‍ നൂറ അല്‍ സാമില്‍ ഫെസ്റ്റിവലിനെക്കുറിച്ച്‌ വിശദീകരിച്ചു. ഇത്തവണ പുതിയ ഒമ്ബത് അവാര്‍ഡുകള്‍കൂടി മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 360 സിനിമകളാണ് മേളയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ തെരഞ്ഞെടുത്ത 64 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. സൗദിയില്‍നിന്നുള്ള അബ്ദുറഹ്മാന്‍ ഖവാജ്, ജോര്‍ഡനില്‍ നിന്നുള്ള നാദിയ ഏലിവാത്, ഫ്രാന്‍സില്‍നിന്നുള്ള എഡ്വാര്‍ഡ് വെയിന്‍ ഡ്രോപ് എന്നിവരാണ് വിധികര്‍ത്താക്കള്‍.

ഡോക്യുമെന്ററി സിനിമകളുടെ സൗദിയില്‍നിന്നുള്ള സിനിമ പ്രതിഭ അബ്ദുറഹ്മാന്‍ സാന്തോക്കിജി, പാകിസ്താനില്‍നിന്നുള്ള സാബിഹ സുമാര്‍, ഇറാഖില്‍നിന്നുള്ള മൈസൂണ്‍ പാച്ചാച്ചി എന്നിവര്‍ വിലയിരുത്തും.

അറബ് സിനിമ ലോകത്തിന് ശ്രദ്ധേയമായ സംഭാവന നല്‍കിയ പ്രതിഭകളെ ആദരിച്ചു. ഈജിപ്ഷ്യന്‍ സിനിമ നിര്‍മാതാവും 34 ഫീച്ചര്‍ ഫിലിമുകളുടെ ഉപജ്ഞാതാവുമായ സൗദി ചലച്ചിത്ര നിര്‍മാതാവ് സാലിഹ് അല്‍ ഫൗസാന്‍, നിരവധി അന്താരാഷ്‌ട്ര സിനിമ കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്‌ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ അമിന്‍ സാലെ എന്നിവരെയാണ് ആദരിച്ചത്.

സെമിനാറുകള്‍, നൂതന പരിശീലന ശില്‍പശാലകള്‍, മികച്ച അന്താരാഷ്ട്ര ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവകൊണ്ട് സമ്ബന്നമാണ് ഇത്തവണത്തെ മേള. ചലച്ചിത്ര, സിനിമ വ്യവസായ മേഖലയില്‍ അറബ് ലൈബ്രറിയെ സമ്ബന്നമാക്കുന്നതില്‍ സിനിമ സംബന്ധിയായ 18 പുസ്തകങ്ങള്‍ ഫെസ്റ്റിവല്‍ പുറത്തിറക്കും. ഇതില്‍ ലോക സിനിമ പ്രതിഭകള്‍ എഴുതിയ വിവര്‍ത്തന പുസ്തകങ്ങളും ഉള്‍പ്പെടും. മേള നടക്കുന്ന എട്ടുദിവസവും 24 മണിക്കൂറും തല്‍സമയം ഓണ്‍ലൈനിലുടെ മേളയുടെ ഭാഗമാകാന്‍ പ്രേക്ഷകര്‍ക്ക് സൗകര്യമുണ്ടാകും.

2008ല്‍ സൗദി ചലച്ചിത്രോത്സവം ആരംഭിച്ച ശേഷമുള്ള അതിപ്രധാന മേളയായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന എട്ടാം പതിപ്പ്. ശേഷം സൗദി സിനിമയുടെ അതിദ്രുത വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നതാകും ഒമ്ബതാം പതിപ്പ്. സൗദി സിനിമകള്‍ അതിന്‍റെ ശൈശവദശ വിട്ട് കൗമാരത്തിലേക്ക് കടന്നതിന്‍റെ കാഴ്ചകൂടിയായിരിക്കും ഒമ്ബതാമത് ചലച്ചിത്രോത്സവമെന്ന് മേളയുടെ ഡയറകട്ര്‍ അഹമ്മദ് അല്‍ മുല്ല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular