Thursday, May 2, 2024
HomeGulfസൗദി നാവികസേന കപ്പല്‍ വഴി നടത്തിയത് 19 ഓപറേഷനുകള്‍

സൗദി നാവികസേന കപ്പല്‍ വഴി നടത്തിയത് 19 ഓപറേഷനുകള്‍

ജിദ്ദ : സുഡാനില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് സൗദി നാവികസേന നടത്തിയ ഓപറേഷനുകളുടെ എണ്ണം 19 ആയതായി സൗദി നാവികസേന അറിയിച്ചു.

രക്ഷാദൗത്യം ആരംഭിച്ച ശേഷം സൗദി പൗരന്മാരെയും സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും സൗദിയിലേക്ക് രക്ഷപ്പെടുത്തുന്നതിനാണ് ഇത്രയും ഓപറേഷന്‍സ് നടത്തിയത്. ജുബൈല്‍, ദിര്‍ഇയ, റിയാദ്, മക്ക, അബഹ, ത്വാഇഫ്, യാംബു എന്നീ പേരുകളിലുള്ള നാവികസേനയുടെ കപ്പലുകളിലും ‘അമാന’എന്ന സിവിലിയന്‍ കപ്പലിലുമാണ് സായുധസേനയുടെ ശാഖകളുടെ പിന്തുണയോടെ ഒഴിപ്പിക്കല്‍ നടത്തിയതെന്ന് നാവികസേന ഔദ്യോഗിക വക്താവ് കേണല്‍ അലി ബിന്‍ ഹസന്‍ അല്‍ അലി പറഞ്ഞു.

സൗദി അറേബ്യ നടത്തുന്ന മാനുഷിക ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഈ പ്രവര്‍ത്തനം. പൗരന്മാരുടെയും വിദേശ രാജ്യങ്ങളിലെ പൗരന്മാരുടെയും സുരക്ഷക്കായി എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുകയും സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു. ഇത് ആളുകളെ സഹായിക്കാനും അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും സഹായിച്ചുവെന്നും നാവികസേന വക്താവ് പറഞ്ഞു. ഈ മാനുഷിക ദൗത്യം സായുധസേനയുടെ വിജയമാണ്. അതില്‍ പ്രധാനം നാവികസേനയാണ്.

ഉയര്‍ന്ന കൃത്യതക്കും കാര്യക്ഷമതക്കും അനുസൃതമായി ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള സന്നദ്ധതയും കഴിവും അവര്‍ പ്രകടിപ്പിച്ചതായും നാവികസേന വക്താവ് പറഞ്ഞു. ഒഴിപ്പിക്കല്‍ ഓപറേഷന്‍ നടപടി ആരംഭിച്ച ശേഷം സുഡാനില്‍നിന്ന് രാജ്യത്തേക്ക് ഒഴിപ്പിച്ചവരുടെ ആകെ എണ്ണം 7,839 ആണ്. ഇതില്‍ 247 പേര്‍ സൗദി പൗരന്മാരും 7,592 പേര്‍ 110 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരുമാണെന്ന് വക്താവ് സൂചിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular