Sunday, May 5, 2024
HomeKeralaകര്‍ണാടകം വീണ്ടും മതഭരണത്തിലേക്കോ

കര്‍ണാടകം വീണ്ടും മതഭരണത്തിലേക്കോ

ര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിജയം നേടിയതിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുന്‍പു തന്നെ ഇതിനിടയാക്കിയ ജനവിധിയുടെ ആപല്‍ക്കരമായ സ്വഭാവം വെളിപ്പെട്ടിരിക്കുന്നു.

തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സ് വിജയത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്നും, തങ്ങള്‍ നിര്‍ദേശിക്കുന്ന പ്രാതിനിധ്യം മന്ത്രിസഭയില്‍ അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി കര്‍ണാടക മുസ്ലിം ജമാഅത്തും മറ്റും രംഗത്തുവന്നിരിക്കുകയാണ്. ഉപമുഖ്യമന്ത്രി പദവും, ആഭ്യന്തരവും റവന്യൂവും ആരോഗ്യവകുപ്പുള്‍പ്പെടെയുള്ള അഞ്ച് സുപ്രധാന വകുപ്പുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് മുസ്ലിം സംഘടനകളുടെ ആവശ്യം. മുസ്ലിം സമുദായത്തില്‍നിന്നുള്ള ഒരാളെ ഉപമുഖ്യമന്ത്രിയാക്കണമെന്നും, മുപ്പത് സീറ്റ് നല്‍കണമെന്നും തെരഞ്ഞെടുപ്പിന് മുന്‍പേ ആവശ്യപ്പെട്ടതാണെന്നും മുസ്ലിം മതനേതാക്കള്‍ പറഞ്ഞിരിക്കുന്നു. മുസ്ലിങ്ങളുടെ പിന്തുണകൊണ്ടാണ് എഴുപതിലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതെന്ന അവകാശവാദവും മുസ്ലിം മതനേതൃത്വം ഉന്നയിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വലിയ വിജയം നേടിയെങ്കിലും മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പോരടിക്കുമ്ബോഴാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യത്തിനുവേണ്ടി വിലപേശല്‍ തന്ത്രവുമായി മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്. 2011 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരുടെ എണ്ണക്കൂടുതല്‍ മുന്‍നിര്‍ത്തി അഞ്ചാം മന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കണമെന്ന ആവശ്യവുമായി മുസ്ലിംലീഗ് രംഗത്തുവന്നതിന് സമാനമായ സാഹചര്യമാണ് കര്‍ണാടകയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ വിജയം കടുത്ത മതധ്രുവീകരണത്തിന്റെ ഫലമാണെന്നതിന്റെ പരസ്യപ്രഖ്യാപനമാണ് മുസ്ലിം നേതാക്കള്‍ നടത്തിയിരിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെട്ട് മതത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ്സ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെന്നും വ്യക്തമായിരിക്കുന്നു. ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ വാഗ്ദാനം നല്‍കി കോണ്‍ഗ്രസ് മതപരമായ പിന്തുണ നേടിയെടുക്കുകയായിരുന്നുവെന്നും വെളിപ്പെട്ടിരിക്കുന്നു. ഭരണഘടനാ വിരുദ്ധമായി മതത്തിന്റെ അടിസ്ഥാനത്തില്‍ നിലനിന്നിരുന്ന സംവരണം ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ കോലാഹലമുയര്‍ത്തിയ കോണ്‍ഗ്രസ്സ് ജനാധിപത്യവും മതേതരത്വവുമൊക്കെ മതശക്തികള്‍ക്ക് മുന്നില്‍ അടിയറവയ്ക്കുകയായിരുന്നു. തങ്ങളുടെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസ്സിന്റെ എഴുപതിലേറെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതെന്ന മുസ്ലിം നേതാക്കളുടെ അവകാശവാദത്തിന് ഒരു മറുവശമുണ്ട്. മറ്റുള്ളവര്‍ ഹിന്ദുക്കളുടെ പിന്തുണകൊണ്ട് ജയിച്ചവരാണെന്ന വാദം ഇവര്‍ അംഗീകരിക്കുമോ? ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഹിന്ദുസംഘടനകള്‍ മന്ത്രിസഭയിലും മറ്റും പ്രാതിനിധ്യത്തിന് അവകാശമുന്നയിച്ചാല്‍ അതിനോട് ഈ മുസ്ലിം നേതൃത്വം എങ്ങനെയാവും പ്രതികരിക്കുക? മതധ്രുവീകരണം കോണ്‍ഗ്രസ്സിന് അനുകൂലമാണെങ്കില്‍ അത് മതേതരം, ജനാധിപത്യപരം! എതിരാണെങ്കില്‍ അത് വര്‍ഗീയം, ഫാസിസം! ഈ രീതിയാണ് ബിജെപി വിരുദ്ധര്‍ പിന്തുടരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ചെയ്യുന്നു. ജയിച്ചു കഴിഞ്ഞാല്‍ മതേതരത്വത്തിന്റെ മുദ്ര ചാര്‍ത്തി സത്യം മറച്ചുപിടിക്കുകയും ചെയ്യും. ഇത്തരം കപട മതേതരത്വമാണ് കര്‍ണാടകയിലും താല്‍ക്കാലിക വിജയം നേടിയിരിക്കുന്നത്.

മതത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന മുസ്ലിം നേതൃത്വത്തിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ്സ് പ്രതികരിച്ചിട്ടില്ല. പ്രതികരിക്കുന്നതിലൂടെ തങ്ങളുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാം. മുസ്ലിം നേതാക്കളുടെ ആവശ്യത്തോട് നിശ്ശബ്ദത പാലിക്കുക. മന്ത്രിസഭാ രൂപീകരണ സമയത്ത് അനര്‍ഹമായ പ്രാതിനിധ്യം നല്‍കുക. കോണ്‍ഗ്രസ് ഇങ്ങനെയൊരു തന്ത്രം പയറ്റാനാണ് സാധ്യത. ഇസ്ലാമിക മതതീവ്രവാദത്തിന് കീഴടങ്ങിയ ഒരു കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു കര്‍ണാടകയിലുണ്ടായിരുന്നത്. മതഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് അഴിഞ്ഞാടുകയായിരുന്നു. ഈ സംഘടന നിരവധി അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിഷ്‌ക്രിയത പാലിച്ചു. മതതീവ്രവാദികള്‍ക്കെതിരായ നൂറുകണക്കിന് കേസുകള്‍ പിന്‍വലിച്ചു. ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന കപട പ്രഖ്യാപനത്തിലൂടെ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയിരുന്നു. രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ഒരു ഭീകര സംഘടനയെ ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കേണ്ട ആവശ്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റ് മതതീവ്രവാദികളുടെയും പിന്തുണ കോണ്‍ഗ്രസ്സിന് ലഭിക്കുകയുണ്ടായി. ഇതിന്റെ ബലത്തിലാണ് മുസ്ലിം നേതാക്കള്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാന വകുപ്പുകളും ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി ആരായാലും പുതിയ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മുസ്ലിം മതമൗലികവാദികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും കീഴടങ്ങുമെന്ന കാര്യം ഉറപ്പാണ്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഹിജാബ് നിരോധനം പിന്‍വലിക്കുമെന്ന കോണ്‍ഗ്രസ്സ് എംഎല്‍എയുടെ പ്രഖ്യാപനം ഒരു വിപല്‍ സൂചനയാണ്. രാജ്യവിരുദ്ധ ശക്തികളെ കയറൂരി വിടുമ്ബോള്‍ കേന്ദ്രസര്‍ക്കാര്‍ അതിനോട് ശക്തമായി പ്രതികരിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular