Monday, May 6, 2024
HomeKeralaജീവനക്കാരുടെ എണ്ണം കൂടുതല്‍ വരുമാനം കുറവും; ഐഎംഎ‍ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം പ്രതിസന്ധിയില്‍, കഴിഞ്ഞ വര്‍ഷത്തെ...

ജീവനക്കാരുടെ എണ്ണം കൂടുതല്‍ വരുമാനം കുറവും; ഐഎംഎ‍ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം പ്രതിസന്ധിയില്‍, കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 2.37 കോടി രൂപ

തൃശൂര്‍: ജീവനക്കാരുടെ എണ്ണം കൂടുതലും വരുമാന കുറവും നിമിത്തം ജീവനക്കാര്‍ക്ക് വേതന വര്‍ധനവ് നല്‍കി രാമവര്‍മ്മപുരത്തെ ഐഎംഎ ബ്ലഡ് ബാങ്ക് നടത്തികൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് ഐഎംഎ ബ്ലഡ് ബാങ്ക് ഡയറക്‌ട്ര്‍ ഡോ.

വി .കെ .ഗോപിനാഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റ് രക്തബാങ്കുകളെ അപേക്ഷിച്ച്‌ ഇവിടെ ജീവനക്കാരുടെ എണ്ണം വളരെ കുടുതലാണ്.

സ്ഥാപനം നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അധികമുള്ള ജീവനക്കാര്‍ സ്വയം ഒഴിഞ്ഞ് പോവുകയോ പിരിച്ചുവിടുകയോ വേണം. നിലവില്‍ 40 ജീവനക്കാരുണ്ട്. 2004ല്‍ ഐഎംഎ ബ്ലഡ് ബാങ്ക് ആരംഭിക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്. തൃശൂര്‍ കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രി, മുളങ്കുന്നത്തുക്കാവ് ഗവ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും രക്തവും രക്ത ഘടകങ്ങള്‍ നല്‍കുന്ന സംവിധാനം നിലവിലുണ്ട്.

താക്കോല്‍ ശസ്ത്രക്രിയകള്‍ വ്യാപകമായതോടെ ശസ്ത്രക്രിയകള്‍ക്ക് രക്തത്തിന്റെ ആവശ്യകതയും കുറഞ്ഞിട്ടുണ്ട്. രക്തത്തിന്റെ പ്രോസസിങ് ചാര്‍ജ് ഇനത്തില്‍ സംഭാവനയായി ലഭിക്കുന്ന നിശ്ചിത സംഖ്യയാണ് വരുമാന മാര്‍ഗം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബ്ലഡ് ബാങ്ക് നഷ്ടത്തിലാണ്. ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 2.37 കോടി രൂപയാണ്.

ഐ എംഎ തൃശൂര്‍ ഘടകത്തിന്റേയും ജില്ലാ പഞ്ചായത്തിന്റേയും സംയുക്ത സംരംഭമായിട്ടാണ് ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. വേതന വര്‍ധനവ് ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ നോട്ടിസിന്മേല്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. ജൂണ്‍ 15 മുതല്‍ ബ്ലഡ് ബാങ്കിന്റെ മുഴുവന്‍ പ്രവര്‍ത്തനവും സ്തംഭിപ്പിക്കുമെന്നാണ് യൂണിയന്‍ അറിയിച്ചുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഐഎംഎ ബ്ലഡ് ബാങ്ക് പ്രസിഡന്റ് ഡോ. ശോഭന മോഹന്‍ദാസ്, സെക്രട്ടറി ഡോ.ജോസഫ് ജോര്‍ജ് എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular