Monday, May 6, 2024
HomeKeralaഒരുകോടിയിലേറെ രൂപയുടെ ചിട്ടി തട്ടിപ്പ്; 'ധനലക്ഷ്യ കുറീസ്' ഉടമ അറസ്റ്റില്‍

ഒരുകോടിയിലേറെ രൂപയുടെ ചിട്ടി തട്ടിപ്പ്; ‘ധനലക്ഷ്യ കുറീസ്’ ഉടമ അറസ്റ്റില്‍

കുന്നംകുളം: ചിട്ടി നടത്തി ആളുകളില്‍നിന്ന് പണം തട്ടിയെന്ന പരാതിയില്‍ ധനലക്ഷ്യ കുറീസ് സ്ഥാപനമുടമയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ മലപ്പുറം തവനൂര്‍ ഈശ്വരമംഗലം കോഡൂര്‍ വീട്ടില്‍ സജി (46) യെയാണ് എസ്.എച്ച്‌.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുന്നംകുളം സബ് ട്രഷറി റോഡിലെ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി രേഖകളും പിടിച്ചെടുത്തു.

ധനലക്ഷ്യ കുറീസിന് കുന്നംകുളം, ചാവക്കാട്, തൃപ്രയാര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ചിട്ടിസ്ഥാപനങ്ങളുള്ളത്. ചിട്ടി വിളിച്ച്‌ പണം കിട്ടാതായതോടെ ആളുകള്‍ കഴിഞ്ഞ ദിവസം പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. ചിട്ടി വിളിച്ചവര്‍ക്ക് തിങ്കളാഴ്ച പണം നല്‍കാമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. വൈകീട്ട് അഞ്ചുവരെ സ്ഥാപനത്തിനുമുന്നില്‍ പണം നല്‍കിയവര്‍ കാത്തുനിന്നെങ്കിലും ഉടമ എത്തിയില്ല. ആളുകള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയപ്പോള്‍ പോലീസ് ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. പത്തുപേരാണ് നിലവില്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുള്ളത്.

കുന്നംകുളത്തുനിന്നു മാത്രം നൂറിലേറെ പേരില്‍നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. നിക്ഷേപമായി പണം നല്‍കിയവരും പരാതിക്കാരായുണ്ട്. സജിയെക്കൂടാതെ ഭാര്യയും ഭാര്യയുടെ സഹോദരനുമാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍. ധനലക്ഷ്യയ്ക്ക് പുറമേ, കെ.എസ്.എഫ്.എ. എന്ന പേരിലുള്ള മറ്റൊരു ധനകാര്യസ്ഥാപനവും ഇവരുടെ പേരില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഏജന്റുമാരെ നിയോഗിച്ച്‌ ചെറുകിട സ്ഥാപനങ്ങളില്‍നിന്നുള്ളവരെയാണ് ചിട്ടിയില്‍ ചേര്‍ത്തിരുന്നത്. 2015-ല്‍ തുടങ്ങിയ സ്ഥാപനം തുടക്കത്തില്‍ അംഗങ്ങള്‍ക്ക് കൃത്യമായി പണം നല്‍കിയിരുന്നു. ഡയറക്ടര്‍മാരായ മറ്റു രണ്ടാളുകളുടെ പേരിലും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. വഞ്ചനാക്കുറ്റത്തിനാണ് പോലീസ് കേസ്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular