Thursday, May 2, 2024
HomeKeralaകൂടുതല്‍ ഷോ വേണ്ടെന്ന് മന്ത്രിമാര്‍; മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

കൂടുതല്‍ ഷോ വേണ്ടെന്ന് മന്ത്രിമാര്‍; മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ച തിരുവനന്തപുരം മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം.

മന്ത്രിമാരെ തടയാൻ ശ്രമം ഉണ്ടായതോടെ അവര്‍ അവിടെ നിന്ന് മടങ്ങി. അപകടത്തില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. വി ശിവൻകുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞത്.

ബോട്ട് മറിഞ്ഞ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം വെെകിയെന്നാരോപിച്ച്‌ നാട്ടുകാര്‍ മന്ത്രിമാര്‍ക്കുനേരെ കയര്‍ത്തു. പ്രതിഷേധിച്ചവരോട് ഷോ വേണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞെന്നും ആക്ഷേപമുണ്ട്. മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്തത് ഫാദര്‍ യുജീൻ പേരേരയാണെന്നും ഫാദര്‍ യുജീൻ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്നും വി ശിവൻകുട്ടി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് മന്ത്രിമാര്‍ കേട്ടു. സ്‌കൂബാ ഡെെവേഴ്സിന്റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തില്‍ മന്ത്രിമാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് വെളുപ്പിനാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അതിരാവിലെതന്നെ ജില്ലാ ഭരണകൂടം തെരച്ചിലിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തി. ഡോണിയര്‍ വിമാനം, ഹെലികോപ്റ്റര്‍ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡ് , ലോക്കല്‍ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് തുടങ്ങിയ ഏജൻസികള്‍ തെരച്ചില്‍ രാവിലെ തന്നെ ആരംഭിച്ചു. ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി.

വി ജോയി എം എല്‍ എ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ എ എസ് തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്നുള്ള നടപടികള്‍ ഏകോപിപ്പിക്കാൻ മന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടര്‍ ആര്‍ ഡി ഒയെ ചുമതലപ്പെടുത്തി.

വള്ളം മറി‌ഞ്ഞതിനെത്തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. അതീവ ഗുരുതരമായ നിലയില്‍ അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. പുതുക്കുറിച്ചി സ്വദേശിയായ ആന്റണിയുടെ ഉടമസത്ഥയിലുള്ളതാണ് വള്ളം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular