Tuesday, May 7, 2024
HomeIndiaഉത്തരേന്ത്യയില്‍ കനത്തമഴ: യമുനയും സത്ലജും കരകവിഞ്ഞു; ഹിമാചലില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍

ഉത്തരേന്ത്യയില്‍ കനത്തമഴ: യമുനയും സത്ലജും കരകവിഞ്ഞു; ഹിമാചലില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍

ന്യൂഡല്‍ഹി: കനത്തമഴയും ഹിമാചലില്‍ മിന്നല്‍പ്രളയം ഉണ്ടായതും ഉത്തരേന്ത്യയെ ദുരിതത്തിലാക്കി. അതേസമയം മിന്നല്‍ പ്രളയമുണ്ടായ മണാലിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു.

മെഡിക്കല്‍ കോളേജുകളില്‍ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 18 പേരും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോയ 27 പേരുമാണ് പാതകള്‍ അടച്ചതിനെത്തുടര്‍ന്ന് മണാലിയില്‍ കുടുങ്ങിയത്.

ഉത്തരേന്ത്യയിലാകെ തകര്‍ത്തുപെയ്യുന്ന കാലവര്‍ഷത്തില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. 22 പേരുടെ മരണം രേഖപ്പെടുത്തി. ഡല്‍ഹിയിലും പഞ്ചാബിലും ഹിമാചല്‍പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനില്‍ക്കുകയാണ്. ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത മഴക്കിടെയാണ് ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം ഉണ്ടായത്. അതേസമയം ഹിമാചല്‍പ്രദേശില്‍ ഇന്നും കനത്ത മഴയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

കനത്ത മഴയില്‍ യമുനാനദിയും സത്ലജ് നദിയുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. യമുന നദിയിലെ ജലനിരപ്പ് അപകടമാംവിധം ഉയര്‍ന്നിട്ടുണ്ട്. വെള്ളമുയര്‍ന്നതോടെ ഹരിയാന ഹത്നികുണ്ഡ് അണക്കെട്ട് തുറന്നു. ഒരുലക്ഷം ക്യൂസെക്സ് വെള്ളം യമുനയിലേക്ക് തുറന്നുവിട്ടു. യുമുനാ നദിയില്‍ 203.62മീറ്ററിന് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഡല്‍ഹി സര്‍ക്കാര്‍ പ്രളയ മുന്നറിയിപ്പു നല്‍കി . പഞ്ചാബിലും ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലും പ്രളയസമാന സാഹചര്യമാണ് നിലവിലുള്ളത്.

ഹൗസ് സര്‍ജൻസി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ് മണാലിയിലേക്ക് പോയത്. ഡല്‍ഹിയിലെ കേരള സര്‍ക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കുടുങ്ങിക്കിടക്കുന്നവരുമായി സംസാരിച്ചു. മൊബെെല്‍ സൗകര്യം ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെടാൻ പറ്റുന്നില്ല. ഹിമാചല്‍ സര്‍ക്കാരുമായി സംസാരിച്ച കെ വി തോമസ് ഭക്ഷണം എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയാണ് കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച്‌ വിദ്യാര്‍ത്ഥികള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് വിളിച്ചത്. ഹോട്ടല്‍ മുറികളില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്. റോഡ് ഗതാഗതയോഗ്യമായാല്‍ വിദ്യാര്‍ത്ഥികളെ ഉടൻ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും കെ വി തോമസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular