Saturday, April 27, 2024
HomeKeralaമനീഷ് സിസോദിയക്കെതിരെ തെളിവ് എവിടെയെന്ന് സുപ്രീംകോടതി

മനീഷ് സിസോദിയക്കെതിരെ തെളിവ് എവിടെയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനും ഏജൻസികള്‍ക്കും കനത്ത തിരിച്ചടിയായ നിരീക്ഷണത്തില്‍ ഡല്‍ഹി മദ്യനയത്തിന്റെ കൈക്കൂലിപ്പണം ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കൈയിലെത്തിയതിനോ അദ്ദേഹം ഉപയോഗിച്ചതിനോ തെളിവില്ലെന്ന് സുപ്രീംകോടതി.

മനീഷ് സിസോദിയയുടെ കൈയില്‍ അഴിമതിപ്പണമില്ലാതെ അദ്ദേഹം അതുപയോഗിക്കുകയും ചെയ്യാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അനധികൃത പണമിടപാട് തടയല്‍ നിരോധന നിയമം (പി.എം.എല്‍.എ) അദ്ദേഹത്തിനെതിരെ എങ്ങനെ ചുമത്തുമെന്ന് സുപ്രീംകോടതി ചോദിച്ചു.

മാപ്പുസാക്ഷിയായി കൂറുമാറിയ കേസിലെ പ്രതി ദിനേശ് അറോയുടെ മൊഴി തെളിവല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സിസോദിയ കൈക്കൂലി വാങ്ങിയതിന് മറ്റു വല്ല തെളിവുകളുമുണ്ടെങ്കില്‍ അത് ഹാജരാക്കാൻ ആവശ്യപ്പെട്ട് വാദം തുടരാനായി സിസോദിയയുടെ ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം കിട്ടിയ ശേഷം കൂറുമാറി കേന്ദ്ര ഏജൻസികളുടെ മാപ്പുസാക്ഷിയായി മാറിയ ദിനേശ് അറോറയുടെ മൊഴി മുഖ്യതെളിവാക്കി മുതിര്‍ന്ന ആപ് നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ്ങിനെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ അതേ നേരത്താണ് അറോറയുടെ മൊഴി രണ്ട് മിനിറ്റിനകം തകര്‍ന്നുവീഴുമെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് ഖന്ന ഓര്‍മിപ്പിച്ചത്.

സി.ബി.ഐ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പറഞ്ഞ ഡല്‍ഹി മദ്യനയക്കേസില്‍ 30 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് ഇ.ഡി മാറ്റിപ്പറഞ്ഞുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. മനീഷ് സിസോദിയ അഴിമതി നടത്തിയതിന് തെളിവെവിടെ എന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവര്‍ത്തിച്ചു ചോദിച്ചിട്ടും വ്യക്തമായ തെളിവ് നല്‍കാനാകാതെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കുഴങ്ങി.

മദ്യനയത്തില്‍ ഒരു മാറ്റമുണ്ടായെന്നും തങ്ങള്‍ക്ക് ഗുണം കിട്ടുന്ന മാറ്റത്തിനായി ഓരോരുത്തരും ആഗ്രഹിച്ചുവെന്നും കോടതി മനസ്സിലാക്കുന്നു. ഓരോ നയം മാറ്റത്തിലും സ്ഥാപിത താല്‍പര്യക്കാരും സമ്മര്‍ദ ഗ്രൂപ്പുകളുമുണ്ടാകും. എന്നാല്‍, അതിനായി കൈക്കൂലി വാങ്ങാനാവില്ല. കൈക്കൂലിപ്പണം കൈമാറിയെന്ന് തെളിയിക്കാതെ അതൊരു കുറ്റകൃത്യവുമാവില്ല.

ഇത്തരം കേസുകളില്‍ അഴിമതിപ്പണം ഒളിപ്പിച്ചുവെച്ചിരിക്കാമെന്നാണ് പറയുന്നതെങ്കില്‍ അത് പുറത്തുകൊണ്ടുവരാൻ ഏജൻസികള്‍ക്ക് കഴിയണം. പണം വാങ്ങിയെന്ന് തെളിയിക്കാനായില്ലെങ്കില്‍ പി.എം.എല്‍.എ പ്രകാരം അറസ്റ്റിലായ വ്യക്തിയോട് കുറ്റകൃത്യത്തിന്റെ പ്രക്രിയയില്‍ അദ്ദേഹം എങ്ങനെ പങ്കാളിയായി എന്ന് പറയേണ്ടതുണ്ട്.

മറ്റാരെങ്കിലും വാങ്ങിയതിനും മറ്റാരെങ്കിലും ഉപയോഗിച്ചതിനും സിസോദിയയെ പറയാനുമാവില്ല. കുറ്റം ചെയ്യാൻ മനീഷ് സിസോദിയ പ്രേരിപ്പിച്ചതിനും ഇ.ഡിയുടെ പക്കല്‍ തെളിവില്ല. അപ്പോള്‍ പിന്നെ ഡല്‍ഹി മദ്യനയത്തില്‍ സിസോദിയ അനധികൃത പണമിടപാട് നടത്തി എന്ന് ഇ.ഡി എങ്ങനെ സ്ഥാപിക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular