Friday, May 3, 2024
HomeUncategorizedഗസ്സക്കുമേല്‍ സമ്ബൂര്‍ണ ഉപരോധ പ്രഖ്യാപനം

ഗസ്സക്കുമേല്‍ സമ്ബൂര്‍ണ ഉപരോധ പ്രഖ്യാപനം

സ്സ/ജറൂസലം: ഹോളോകോസ്റ്റിനു ശേഷമുള്ള ഏറ്റവും കൊടിയ ദുരന്തമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഹമാസ് മിന്നലാക്രമണത്തിനു പിന്നാലെ, ഗസ്സക്കുമേല്‍ തുടരുന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മരണം 500 കവിഞ്ഞു.

8000ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കരവഴിയുള്ള ആക്രമണമാണ് വരാൻ പോകുന്നതെന്ന് സൂചന നല്‍കിയ ഇസ്രായേല്‍ ഗസ്സക്കുമേല്‍, ഭക്ഷണമടക്കം വിലക്കുന്ന സമ്ബൂര്‍ണ ഉപരോധം പ്രഖ്യാപിച്ചു. ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയെല്ലാം തടയുന്ന സമ്ബൂര്‍ണ ഉപരോധമായിരിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു.

ശനിയാഴ്ച ദക്ഷിണ ഇസ്രായേല്‍ പട്ടണങ്ങളില്‍ കടന്നുകയറി ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 800 കവിയും. 2300 പേര്‍ക്ക് പരിക്കുമുണ്ട്. ഗസ്സ അതിര്‍ത്തി പട്ടണമായ, നെഗേവ് മരുഭൂമിയിലെ കിബ്ബുസ് റീമില്‍ സംഗീത നിശക്കെത്തിയവരാണ് കൊല്ലപ്പെട്ട 260 പേര്‍. ഇതിനിടെ, സംഘര്‍ഷം വ്യാപിക്കുമെന്ന സൂചന നല്‍കി ഇസ്രായേല്‍ ദക്ഷിണ ലബനാനില്‍ വ്യോമാക്രമണം നടത്തി. ലബനാൻ അതിര്‍ത്തി വഴി നുഴഞ്ഞുകയറിയ നിരവധിപേരെ വധിച്ചതായി ഇസ്രായേല്‍ സേന അവകാശപ്പെട്ടതിനു പിന്നാലെയാണ് അതിര്‍ത്തി കടന്നുള്ള ഹെലികോപ്ടര്‍ ആക്രമണം. വിമാനവാഹിനിക്കപ്പല്‍ അടക്കമുള്ള യു.എസ് കപ്പല്‍പ്പട ഇസ്രായേലിലേക്ക് നീങ്ങിയിട്ടുണ്ട്. അതേസമയം, മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൂടുതല്‍ അപകടമായ അവസ്ഥ സൃഷ്ടിക്കുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. സൈനികശേഷി പരമാവധി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 3,00,000 റിസര്‍വ് ഭടന്മാരെ ഇസ്രായേല്‍ തിരിച്ചുവിളിക്കുന്നുണ്ട്.

സൈനികരും സിവിലിയന്മാരുമായി നൂറിലേറെ പേരെ ഹമാസ് തടവുകാരാക്കിയിട്ടുമുണ്ട്. തങ്ങള്‍ ബന്ദികളാക്കിവെച്ച നാലു ഇസ്രായേല്‍ സൈനികര്‍ അവരുടെ തന്നെ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അല്‍-ഖസ്സാം ബ്രിഗേഡ് അറിയിച്ചു. അഭയാര്‍ഥി ക്യാമ്ബുകള്‍ക്കും ജനങ്ങള്‍ അഭയം തേടിയ യു.എൻ സ്കൂളുകള്‍ക്കും നേരെ ആക്രമണം വ്യാപിപ്പിച്ചതോടെ ഗസ്സയില്‍ സുരക്ഷിതമായ ഒരിടവും ഇല്ലാത്ത സ്ഥിതിയാണ്. ഏറ്റവും തിരക്കേറിയ അഭയാര്‍ഥി ക്യാമ്ബായ ജബാലിയയിലും ശാത്തി ക്യാമ്ബിനും നേരെ ആക്രമണമുണ്ടായി. ജബാലിയയില്‍ 50ലേറെ പേര്‍ കൊല്ലപ്പെട്ടു. ഹമാസ് ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയ ദക്ഷിണ ഇസ്രായേല്‍ നഗരമായ സിദറോത്തില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഹമാസ് കടന്നുകയറിയ ഗസ്സ വേലിയോട് ചേര്‍ന്നുള്ള തങ്ങളുടെ മുഴുവൻ നഗരങ്ങളുടെയും നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രായേല്‍ സേന അവകാശപ്പെട്ടു. ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ തങ്ങളുടെ ഒമ്ബത് പൗരന്മാര്‍ കൊല്ലപ്പെട്ടതായി യു.എസ് വിദേശ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ ഉയരാമെന്നും സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് കൂട്ടിച്ചേര്‍ത്തു.

യൂറോപ്യൻ യൂനിയൻ, ജര്‍മനി, ഓസ്ട്രിയ എന്നിവ ഫലസ്തീനുള്ള സഹായം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഫലസ്തീനുള്ള 69.1 കോടി യൂറോയുടെ വികസന സഹായം വിതരണം ചെയ്യുന്നത് മരവിപ്പിച്ചതായാണ് ഇ.യു അറിയിച്ചത്. യു.എൻ രക്ഷാസമിതി ഞായറാഴ്ച അടിയന്തര യോഗം ചേര്‍ന്നു. ഹമാസ് ആക്രമണങ്ങളെ അംഗരാജ്യങ്ങള്‍ ശക്തമായി അപലപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതോടെയാണിത്. എന്നാല്‍, എല്ലാ അംഗങ്ങളും അപലപിച്ചിട്ടില്ലെന്ന് യു.എസ് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് പിന്നീട് പറഞ്ഞു.

ഗസ്സ സംഘര്‍ഷം ചര്‍ച്ചചെയ്യാൻ യൂറോപ്യൻ യൂനിയൻ ചൊവ്വാഴ്ച അടിയന്തര യോഗം ചേരും. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം ചര്‍ച്ചചെയ്യാൻ അറബ് ലീഗ് വിദേശമന്ത്രിമാര്‍ ബുധനാഴ്ച കൈറോയില്‍ യോഗം ചേരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular