Monday, May 6, 2024
HomeKeralaവിഴിഞ്ഞം തുറമുഖത്ത് ക്രെയിനുകള്‍ ഇറക്കാൻ തുടങ്ങി

വിഴിഞ്ഞം തുറമുഖത്ത് ക്രെയിനുകള്‍ ഇറക്കാൻ തുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകള്‍ ചൈനീസ് കപ്പലായ ഷെൻ ഹുവ-15ല്‍ നിന്ന് ഇറക്കാൻ തുടങ്ങി.

കടല്‍ ശാന്തമായതിനെ തുടര്‍ന്നാണ് ക്രെയിൻ വാര്‍ഫില്‍ ഇറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. മൂന്നു ക്രെയിനുകളാണ് തുറമുഖത്ത് ഇറക്കാനുള്ളത്.

ക്രെയിനുമായി എത്തിയ കപ്പലിന് വിഴിഞ്ഞത്ത് ആഘോഷ സ്വീകരണമൊരുക്കി നാലു ദിവസം പിന്നിട്ടിട്ടും ഉപകരണങ്ങള്‍ ഇറക്കാൻ സാധിച്ചിരുന്നില്ല. ചൈനീസ് എൻജിനീയര്‍മാര്‍ക്ക് കരയിലിറങ്ങാൻ അനുമതി കിട്ടാത്തതിനാലാണ് ഇറക്കാൻ കഴിയാഞ്ഞതെന്നാണ് ഒടുവിലെ ഔദ്യോഗിക ഭാഷ്യം. വ്യാഴാഴ്ച ഉച്ചയോടെ അനുമതിയായെന്ന് അറിയിച്ചെങ്കിലും വിഴിഞ്ഞത്ത് കടല്‍ പ്രക്ഷുബ്ധമാണെന്നും കാലാവസ്ഥ കൂടി അനുകൂലമാകണമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്.

അടിയൊഴുക്കുമൂലം കപ്പല്‍ ആടുന്നതിനാല്‍ ക്രെയിനിറക്കിയാല്‍ അപകടം സംഭവിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളും ട്രോളുകളും നിറഞ്ഞതോടെ ചൈനീസ് കപ്പലിലെ മുഴുവൻ ജീവനക്കാര്‍ക്കും കരയിലിറങ്ങുന്നതിന് അനുമതിയില്ലാത്തതാണ് പ്രശ്നമുണ്ടാക്കിയതെന്നായി. ആശങ്ക നിലനില്‍ക്കെ അനുമതി ലഭിച്ചതായി തുറമുഖ മന്ത്രി അറിയിച്ചു. കപ്പലിലെ രണ്ടു പേര്‍ക്കാണ് ആദ്യം എഫ്.ആര്‍.ആര്‍.ഒ അനുമതി ലഭിച്ചത്. പിന്നീട് മുഴുവൻ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചു. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വിശദീകരിച്ചത്.

ഒരു മാസമെടുത്താണ് കപ്പല്‍ ഇന്ത്യയിലെത്തിയത്. ആദ്യം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് അദാനി പോര്‍ട്ടില്‍ ചില ക്രെയിനുകള്‍ ഇറക്കി. അവിടെയും ചൈനക്കാര്‍ക്ക് കരയിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം, സ്വീകരണത്തിന്‍റെ തലേന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുംബൈ സംഘമെത്തുമെന്നും അവര്‍ ഉപകരണങ്ങള്‍ ഇറക്കുമെന്നുമാണ് പറഞ്ഞത്. മുംബൈയില്‍ നിന്നുള്ള കമ്ബനിയുടെ വിദഗ്ധര്‍ ഇതുവരെ വിഴിഞ്ഞത്ത് എത്തിയിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular