Thursday, May 2, 2024
HomeKeralaപൊന്നു തൂക്കുംപോലെ കല്ലും; ഭാരം സാധാരണക്കാരന്‍റെ നെഞ്ചില്‍

പൊന്നു തൂക്കുംപോലെ കല്ലും; ഭാരം സാധാരണക്കാരന്‍റെ നെഞ്ചില്‍

കോട്ടയം: ക്വാറികള്‍ക്ക് കല്ല് തൂക്കിവില്‍ക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഭാരം കൂടിയത് സാധാരണക്കാരന്‍റെ നെഞ്ചില്‍. നിര്‍മാണ സാമഗ്രികള്‍ക്ക് വില കുതിച്ചുയര്‍ന്നതോടെ വീടെന്ന സ്വപ്നം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് സാധാരണ ജനങ്ങള്‍.
 
അടിക്കണക്കില്‍നിന്നും മാറി ടണ്‍ നിരക്കില്‍ പാറയ്ക്കു വില നിശ്ചയിക്കാൻ തുടങ്ങിയതോടെ ഒരു ലോഡ് കല്ലിന് ആയിരത്തിലേറെ രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ടിപ്പര്‍ ലോറിക്ക് ഒരു ലോഡ് കല്ല് ലഭിക്കുന്നതിന് നേരത്തേ 5600 രൂപയായിരുന്നു. എന്നാലിപ്പോള്‍ ഇത് 7000 രൂപയിലധികമായി. ടോറസ് ലോറിയില്‍ ഒരു ലോഡ് കല്ലിന് 25,000 രൂപയില്‍നിന്നും 30,000 രൂപയായി വര്‍ധിച്ചു.മുണ്ടക്കയം, എരുമേലി ഭാഗങ്ങളില്‍ ഒരു ടണ്‍ കല്ലിന് 750 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്. കോട്ടയത്തേക്ക് എത്തുന്പോള്‍ ഇത് 850 രൂപയും ജിഎസ്ടിയുമായി വര്‍ധിക്കും.
 
 പല സ്ഥലത്തും പല വിലയാണെന്നതും സാധാരണക്കാരനെ വലയ്ക്കുന്നു. ഇന്ധന വിലവര്‍ധനയും ഉത്പാദനം കുറഞ്ഞതുമാണ് പാറയുടെ വില വര്‍ധിക്കാൻ കാരണം.

സംസ്ഥാനത്തെ 716 ക്വാറികളില്‍ പകുതിയിലേറെയും പൂട്ടിക്കിടക്കുകയാണ്. ലൈസൻസ് പ്രശ്നവും നാട്ടുകാരുടെ എതിര്‍പ്പുമാണ് ക്വാറികള്‍ പൂട്ടാനിടയായത്. തെക്കൻ ജില്ലകളിലെ വൻകിട പദ്ധതികള്‍ക്ക് തമിഴ്‌നാട്ടില്‍നിന്നും വടക്കൻ ജില്ലകളിലേക്ക് കര്‍ണാടകത്തില്‍നിന്നുമാണ് കല്ലെത്തിക്കുന്നത്.

നിര്‍മാണമേഖലയിലെ അനുബന്ധ ഉത്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളുമായ പിവിസി പൈപ്പ്, ടൈല്‍സ്, പെയിന്‍റ്, വയറിംഗ് സാമഗ്രികള്‍ എന്നിവയ്ക്കും വില കുതിച്ചുയരുകയാണ്. സിമിന്‍റ് വിലയും കുതിക്കുന്നു.

50 കിലോയുടെ ഒരു ചാക്ക് സിമന്‍റിന് 430 രൂപയാണ് ശരാശരി വില. നേരത്തേ 380 രൂപയ്ക്ക് ഒരു ചാക്ക് ലഭിച്ചിരുന്നിടത്താണിത്. ഇതര സംസ്ഥാനത്തുനിന്നുമാണ് സിമന്‍റ് എത്തുന്നത്.

സംസ്ഥാനത്ത് വേണ്ടുന്ന സിമന്‍റിന്‍റെ 20 ശതമാനം മാത്രമാണ് മലബാര്‍ സിമന്‍റ്സ് ഉത്പാദിപ്പിക്കുന്നത്. കമ്ബിയുടെ വിലയും അടിക്കടി വര്‍ധിക്കുകയാണ്. കിലോയ്ക്ക് 60 രൂപയായിരുന്ന കമ്ബിവില ഇപ്പോള്‍ 72 രൂപയായി. മണല്‍ ഖനനത്തിന് അനുമതി ഇല്ലാതായതോടെ അന്യസംസ്ഥാനത്തുനിന്നുമാണ് മണല്‍ എത്തിക്കുന്നത്. ഇതിനാവട്ടെ ലോഡിന് മൂന്നിരട്ടി വില നല്‍കണം.

ക്രഷര്‍ യൂണിറ്റുകള്‍ തോന്നും പടിയാണ് വില ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ വില ഏകീകരണം നടപ്പിലാക്കാത്തതിനാല്‍ വിവിധ പ്രദേശങ്ങളില്‍ പല വിലയാണ് ഈടാക്കുന്നത്. മൂന്നു മാസത്തിനിടെ ജില്ലയില്‍ എംസാൻഡ്, പി സാൻഡ്, മെറ്റല്‍ എന്നിവയ്ക്ക് 20 മുതല്‍ 25 ശതമാനം വരെ വില വര്‍ധിച്ചു.

പി സാൻഡ് അടിക്ക് 75 രൂപയാണ്, എം സാൻഡ് അടിക്ക് 62 രൂപയും. നേരത്തേ ഇത് യഥാക്രമം 52, 55 രൂപയായിരുന്നു. വില വര്‍ധിക്കുന്നുണ്ടെങ്കിലും ലഭിക്കുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല.

ക്വാറികളിലും യാര്‍ഡുകളിലും ഗുണനിലവാര പരിശധന നടത്താൻ സര്‍ക്കാര്‍ സംവിധാനം ഉണ്ടാകണമെന്ന് സര്‍ക്കാര്‍ കരാറുകാരനായ വര്‍ഗീസ് കണ്ണന്പള്ളി പറയുന്നു. കരാറെടുത്ത് വീട് പണിയാൻ ചതുരശ്ര അടിക്ക് 1600 രൂപയായിരുന്നത് ഇപ്പോള്‍ 2400 മുതല്‍ 2600 രൂപ വരെയായി.

ക്വാറികളില്‍ നോക്കുകൂലിയും

ലോറികളില്‍ നേരത്തേ തൊഴിലാളികളാണ് ലോഡ് കയറ്റിയിരുന്നെങ്കില്‍ ഇപ്പോള്‍ യന്ത്രങ്ങളാണ് ഈ സ്ഥാനത്തുള്ളത്. എന്നാല്‍ ഇപ്പോഴും യൂണിയന്‍റെ പേരില്‍ തൊഴിലാളികള്‍ ക്വാറികളില്‍ പണം പിരിക്കുന്നു. ഒരു ലോഡിന് 1200 രൂപ വരെയാണ് ഇവര്‍ വാങ്ങുന്നത്. കല്ല് വാങ്ങുന്നവരില്‍നിന്നാണ് ഈ തുക ഈടാക്കുന്നത്.

ടിജോ മാത്യു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular