Saturday, April 27, 2024
HomeKeralaട്രെയിൻ യാത്രാപ്രശ്നം; എം.എല്‍.എ അധികൃതരുമായി ചര്‍ച്ച നടത്തി

ട്രെയിൻ യാത്രാപ്രശ്നം; എം.എല്‍.എ അധികൃതരുമായി ചര്‍ച്ച നടത്തി

ടകര: വടകരയിലെ ട്രെയിൻ യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രമ എം.എല്‍.എ പാലക്കാട് റെയില്‍വേ ഡിവിഷൻ മാനേജറുമായി ചര്‍ച്ച നടത്തി.

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ വടകര താലൂക്കിലെ വിദ്യാര്‍ഥികളടക്കമുള്ള ഭൂരിഭാഗം ജനങ്ങളും ട്രെയിൻ ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. യാത്രികരുടെ എണ്ണത്തിനനുസൃതമായ സേവനം വടകരയില്‍ ലഭ്യമല്ല.

കോഴിക്കോടുനിന്ന് വടകര ഭാഗത്തേക്ക് വൈകീട്ട് വരുന്ന പരശുറാം എക്സ്പ്രസില്‍ യാത്രികരെ ഉള്‍ക്കൊള്ളാൻ കഴിയാത്തവിധം തിരക്കാണ് അനുഭവപ്പെടുന്നത്.തിരക്കില്‍ വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരശുറാം എക്സ്പ്രസില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. 22 ബോഗികള്‍ ഇപ്പോള്‍ പരശുറാം എക്സ്പ്രസിലുണ്ടെന്നും ട്രെയിനിന്റെ അവസാന സ്റ്റേഷനായ നാഗര്‍കോവിലില്‍ രണ്ടു മാസത്തിനകം പ്ലാറ്റ്‌ഫോം നീട്ടി നിര്‍മിക്കുന്നതിന്റെ പ്രവൃത്തി പൂര്‍ത്തിയാകുമെന്നും തുടര്‍ന്ന് മാര്‍ച്ചോടെ അഡീഷനല്‍ ബോഗികള്‍ അനുവദിക്കാമെന്ന് ഉറപ്പുലഭിച്ചതായും എം.എല്‍.എ പറഞ്ഞു.

കോവിഡ് മാനദണ്ഡത്തിന്റെ ഭാഗമായി ലോക്കല്‍ സ്റ്റേഷനുകളായ മുക്കാളി, നാദാപുരം റോഡ് എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയിരുന്നു. രാവിലെ കണ്ണൂരില്‍നിന്ന് ഷൊര്‍ണൂരിലേക്കു പോകുന്ന മെമു ട്രെയിനിന് ഈ രണ്ടു സ്റ്റോപ്പുകളും പുനഃസ്ഥാപിച്ചുനല്‍കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.എല്‍.എ പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ടായിരുന്ന യാത്രാ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, മലബാര്‍ മേഖലയില്‍ കൂടുതല്‍ ഹ്രസ്വദൂര ട്രെയിനുകള്‍ അനുവദിക്കുക, യാത്രാനിരക്കുകള്‍ കുറക്കുക, സര്‍വിസുകളില്‍ കൃത്യനിഷ്ഠയും വിശ്വാസ്യതയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അധികൃതര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.

വടകര താഴയങ്ങാടിയിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന ഒന്തം റോഡിലെ റെയില്‍വേ ലൈൻ മുറിച്ചുകടക്കുന്ന പാത അടച്ചിടുന്നതില്‍ ജനങ്ങളുടെ പ്രതിഷേധം ഡിവിഷൻ മാനേജറെ നേരിട്ട് അറിയിച്ചു.ഫുട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യം അധികൃതരുമായി ചര്‍ച്ചചെയ്തതായും എം.എല്‍.എ പറഞ്ഞു.

ഇതുസംബന്ധിച്ച്‌ കേന്ദ്രമന്ത്രിക്കും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും നിവേദനങ്ങള്‍ അയക്കുകയും റെയില്‍വേ ഡിവിഷൻ മാനേജര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുകയും ചെയ്തതായും എം.എല്‍.എ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular